കൊച്ചി : കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ 2026 സെപ്റ്റംബർ 13 ന് എറണാകുളം മൺസൂൺ എംബ്രസ് ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച ഗ്ലോബൽ ബിസിനസ് കോൺക്ലേവ് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. ലോകത്തിൽ സഭ പ്രസക്തമാകുന്നത് ബിസിനസ്സും, രാഷ്ട്രീയവും, വിവിധ തൊഴിൽ മേഖലകൾ ഉൾപ്പെടെ എല്ലാ രംഗങ്ങളിലും അൽമായ പങ്കാളിത്തം വിശ്വാസാധിഷ്ടിതമായി ശക്തമാവുമ്പോൾ ആണ് എന്ന് പിതാവ് പ്രസ്താവിച്ചു . സാങ്കേതിക വികാസത്തിന് അനുരൂപമായി പുതിയ മേഖലകൾ കണ്ടെത്തുവാനും പരസ്പര സഹകരണത്തിൽ ഒന്നായി നിന്നു കൊണ്ട് ഒന്നിച്ച് വളരുവാനുള്ള സാഹചര്യം സൃഷ്ടിക്കാനും നമുക്ക് കഴിയണം എന്നും ലോകമെമ്പാടും എത്തിച്ചേർന്ന് അവിടത്തെ സാഹചര്യങ്ങളോട് ഐക്യപ്പെട്ട് സംരഭങ്ങളിലേക്ക് കടക്കുവാൻ കഴിയുന്നത് വളർച്ചയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കിടയിൽ പരസ്പര സഹകരണവും നെറ്റ്‌വർകിങും പ്രോത്സാഹിപ്പിക്കുക,ഈ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ പുതിയ സാങ്കേതിക വിദ്യകളുടെ പ്രയോഗം പരിചയപ്പെടുത്തുക,നൈപുണി വികസനം, സ്ത്രീശക്തികരണം,സ്റ്റാർട്ട് പ്രോത്സാഹനം എന്നിവ സാധ്യമാക്കുക,നിക്ഷേപം ധന ലഭ്യത തുടങ്ങിയവ സംബന്ധിച്ച് കൂടുതൽ അറിവ് നൽകുക തുടങ്ങിയവ ലക്ഷ്യമിട്ടുകൊണ്ടാണ് കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത് എന്ന് അദ്ധ്യക്ഷത വഹിച്ച ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു. ഡോ. ടെസ്സി തോമസ്, എൽ . രാധാകൃഷ്ണൻ ഐ. എ. എസ് , ഡോ. ജോസ്കുട്ടി ജെ ഒഴുകയിൽ , അഡ്വ . ടോണി പുഞ്ചക്കുന്നേൽ, വി.വി. അഗസ്റ്റിൻ , അഡ്വ . ബിജു പറയന്നിലം , രാജേഷ് ജോൺ , ബെന്നി ആൻ്റണി , ട്രീസ ലിസ് സെബാസ്റ്റ്യൻ, സെബാസ്റ്റ്യൻ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ , അഡ്വ . ഡീൻ കുര്യാക്കോസ് എം.പി, ബിസിനസ് രംഗത്തെ പ്രമുഖരായ ഷാജു തോമസ്, ജോ കുഞ്ചെറിയ , ബിജു ജോസഫ് , ഡോ. അലൻ തോമസ് , ജോയ് ആലുക്കാസ് , ഡോ. രഞ്ജിത് തോമസ് , ജിതിൻ ജോൺ , പോൾ മുണ്ടാടൻ , ലിനറ്റ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകിയ പാനൽ ചർച്ചകൾ, സെമിനാറുകൾ, പ്രസന്റേഷൻസ്, നെറ്റ്‌വർക്ക് സെഷനുകൾ, പ്രൊമോഷനുകൾ എന്നിവ ഇതിന്റെ ഭാഗമായി നടന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്ത കോൺക്ലേവ് വൈകിട്ട് ഏഴിന് സമാപിച്ചു.
കത്തോലിക്ക കോൺഗ്രസ് നേതൃത്വത്തിൽ ഐ.ബി.എൻ. സി .സി ഗ്ലോബൽ ബിസിനസ് കോൺക്ലേവ് കൊച്ചിയിൽ സംഘടിപ്പിച്ചു.
Published on



