കാക്കനാട്: സീറോമലബാർസഭയുടെ അൽമായ മിഷനറി പ്രസ്ഥാനമായ ‘ജീവൻ ജ്യോതി’യുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രഘോഷകർക്കായി സംഘടിപ്പിച്ച നാല് ദിവസത്തെ റെസിഡൻഷ്യൽ പരിശീലന ക്യാമ്പ് 2026 മെയ് 12 -16 വരെ തീയതികളിൽ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ സംഘടിപ്പിച്ചു. സീറോമലബാർസഭയിലെ വിവിധ രൂപതകളിൽ നിന്നായി സന്യാസിനികൾ ഉൾപ്പെടെ 55 പേരാണ് ഈ പരിശീലനത്തിൽ പങ്കെടുത്തത്.
മേയ് 12 ചൊവ്വാഴ്ച വൈകുന്നേരം പ്രാർത്ഥനയോടെ ആരംഭിച്ച ക്യാമ്പിൽ, ജീവൻ ജ്യോതി കമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് എലുവത്തിങ്കൾ, ശ്രീ. കെ. കെ. ജോസഫ് എന്നിവർ പരിശീലനത്തിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു. റിട്ട. പ്രൊഫ. ആലീസുകുട്ടിയുടെ നേതൃത്വത്തിൽ ശ്രീ. ടോമിച്ചൻ, ശ്രീ. അഗസ്റ്റിൻ, ശ്രീമതി സീന ക്ലീറ്റസ് എന്നിവരടങ്ങുന്ന മിസ്സിയോ ടീമാണ് നാല് ദിവസത്തെ ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. ജീവൻ ജ്യോതി പ്രേഷിത മുന്നേറ്റത്തിൻ്റെ അടുത്തഘട്ട ലക്ഷ്യം സീറോമലബാർസഭയുടെ 35 രൂപതകളിലും പ്രവർത്തനങ്ങൾ ആരംഭിക്കുക എന്നതാണെന്ന് യോഗം വിലയിരുത്തി. ജീവൻ ജ്യോതിയുടെ ആഭിമുഖ്യത്തിൽ പ്രേഷിതർക്കായി ബൈബിൾ പഠന പരമ്പരയും ദൈവശാസ്ത്ര പഠന പരമ്പരയും ആരംഭിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.
സമാപന ദിവസമായ മേയ് 16 ശനിയാഴ്ച, സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിൻ്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് നടന്ന സുവിശേഷ പ്രഘോഷകരുടെ സമ്മേളനത്തിനും ചർച്ചകൾക്കും സുവിശേഷവത്കരണ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ മാർ പ്രിൻസ് പാണങ്ങാടൻ പിതാവ് നേതൃത്വം നൽകി. ഉച്ചക്കുശേഷം നടത്തിയ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിലിൽ പിതാവ് സുവിശേഷവത്കരണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുകയും സഭയോടൊത്ത് എല്ലാ ആത്മായരും സുവിശേഷ ദൗത്യത്തിൽ മുന്നേറണമെന്ന് മേജർ ആർച്ചുബിഷപ്പ് ആഹ്വാനം ചെയ്യുകയും ചെയ്തു. തുടർന്ന് മാർ പ്രിൻസ് പാണേങ്ങാടൻ കെറിഗ്മ ട്രെയിനിംഗിൽ പങ്കെടുത്തവർക്ക് സീറോമലബാർസഭയുടെ പേരിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത റിസോഴ്സ് ടീം അംഗങ്ങൾക്കും നവ മിഷനറിമാർക്കും സുവിശേഷ പ്രഘോഷകർക്കും കമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് എലുവത്തിങ്കൾ നന്ദി രേഖപ്പെടുത്തി.


