കാക്കനാട്: സീറോ-മലബാർ സഭാദിനാചരണത്തോടനുബന്ധിച്ച് ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (LRC) നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന History of Christianity in India പുസ്തകപരമ്പരയിലെ “Spread of Christianity in India up to AD 1500-Dynamics of Difference” എന്ന രണ്ടാം വാല്യത്തിന്റെ പ്രകാശനം സീറോ-മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. പ്രകാശനച്ചടങ്ങിൽ കേരള വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ സണ്ണി ജോസഫ് ആദ്യപ്രതി ഏറ്റുവാങ്ങി. എ.ഡി. 1500 വരെയുള്ള കാലഘട്ടത്തിൽ ഭാരതത്തിൽ ക്രൈസ്തവ വിശ്വാസം എങ്ങനെ വ്യാപിച്ചു എന്നതിനെക്കുറിച്ചുള്ള ആധികാരികവും അക്കാദമികവുമായ ഒരു പഠനമാണ് മുന്നോട്ട് വെയ്ക്കുന്നത്. യൂറോപ്യൻ അധിനിവേശത്തിന് മുൻപ് തന്നെ ഭാരതീയ സംസ്കാരവുമായി ഇവിടുത്തെ ക്രൈസ്തവ സമൂഹം എങ്ങനെ ആഴത്തിൽ ഇടകലർന്നു ജീവിച്ചിരുന്നുവെന്നും, പ്രാദേശികമായ വ്യതിയാനങ്ങളും സവിശേഷതകളും നിലനിർത്തിക്കൊണ്ടുതന്നെ വിശ്വാസവഴിയിൽ അവർ എങ്ങനെ മുന്നേറിയെന്നും ഈ പുസ്തകം ചരിത്രരേഖകളുടെ പിൻബലത്തോടെ സമഗ്രമായി ചർച്ച ചെയ്യുന്നുണ്ട്. സഭാ ചരിത്രകാരന്മാർക്കും ഗവേഷകർക്കും ഒരുപോലെ ഉപകാരപ്രദമായ രീതിയിലാണ് ഇതിന്റെ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്.
പ്രിമൂസ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ഡോ. പയസ് മലേക്കണ്ടത്തിൽ, ഡോ. കെ. എസ്. മാത്യു, ഡോ. ജെയിംസ് പുലിയുറുമ്പിൽ, ഡോ. ഫ്രാൻസിസ് തോണിപ്പാറ എന്നിവർ ചേർന്നാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ചടങ്ങിൽ ബിഷപ്പ് മാർ ടോണി നീലങ്കാവിലും, ഡോ. പയസ് മലേക്കണ്ടത്തിലും ഗ്രന്ഥത്തെ പരിചയപ്പെടുത്തി സംസാരിച്ചു. ഇന്ത്യയിലെ ക്രൈസ്തവ പൈതൃകത്തെ ചരിത്രരേഖകളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം സഭാചരിത്ര പഠനരംഗത്തിന് വിലപ്പെട്ട സംഭാവനയാണെന്ന് അവർ അഭിപ്രായപ്പെട്ടു. സീറോ-മലബാർ സഭയുടെ ചരിത്രപൈതൃകവും ഗവേഷണപാരമ്പര്യവും പുതിയ തലമുറയ്ക്ക് പകർന്നുനൽകു ന്നതിൽ ഈ ഗ്രന്ഥപരമ്പര സുപ്രധാന പങ്കുവഹിക്കുമെന്ന് ചടങ്ങിൽ വിലയിരുത്തി.


