സീറോമലബാർസഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേഷൻ ആരംഭിച്ചതിന്റെ പത്താം വാർഷികാഘോഷങ്ങളുടെ മുന്നോടിയായി സംഘടിപ്പിച്ച മരിയൻ തീർഥാടനം ശ്രദ്ധേയമായി. ഇറ്റലിയിലെ നേപ്പിൾസിലുള്ള പ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രമായ പോംപെ മാതാവിന്റെ സന്നിധിയിലേക്കായിരുന്നു തീർത്ഥാടനം സംഘടിപ്പിച്ചത്. എഴുപതോളം വൈദിക പ്രതിനിധികളും നൂറുകണക്കിനു സമർപ്പിതരും 26 ഇടവകകളിൽ നിന്നുള്ള അല്മായ പ്രതിനിധികളുമടക്കം 1500ഓളം പേർ തീർഥാടനത്തിൽ പങ്കെടുത്തു. നോച്ചര-പഗാനി, നേപ്പിൾസ് എന്നീ ഇടവകകൾ തീർത്ഥാടനത്തിന് സ്വീകരണം നൽകി.
തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് മുഖ്യകാർമികത്വം വഹിച്ചു. ബിഷപ്പുമാരായ മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചെറപ്പണത്ത്, ഗൾഫ് നാടുകളിലെ അപ്പസ്തോലിക് വിസിറ്റർ ഫാ. ജോളി വടക്കൻ എന്നിവർ സഹകാർമികരായി. സീറോമലബാർസഭയുടെ വിശ്വാസപൈതൃകത്തിന് നിദാനമായിട്ടുള്ളത് പരിശുദ്ധ അമ്മയോടുള്ള ഭക്തിയും ജപമാല പ്രാർഥനയുമാണെന്ന് മാർ തട്ടിൽ പിതാവ് സന്ദേശത്തിൽ പറഞ്ഞു. കുടുംബപ്രാർഥയും ജപമാല അർപ്പണവും പ്രവാസഭൂമിയിലും മുടക്കരുത്. നമ്മുടെ സഭയുടെ വളർച്ചയ്ക്കും സമൃദ്ധമായ ദൈവവിളിക്കും കാരണമായത് പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്നേഹവുമാണ്. പരിശുദ്ധ അമ്മയുടെ കരംപിടിച്ചു നടന്നാൽ ഏതുപ്രതിസന്ധികളെയും അതിജീവിച്ച് വിജയം കൈവരിക്കാനാകും- മേജർ ആർച്ചുബിഷപ്പ് ഓർമിപ്പിച്ചു.
മാർ സ്റ്റീഫൻ ചെറപ്പണത്ത് ആമുഖപ്രഭാഷണം നടത്തി. ഫാ. ഡോ. ക്ലമന്റ് ചെറയത്ത്, കോ-ഓർഡിനേറ്റർ ഫാ. സിനോജ് അരിമറ്റം, ഫാ. ജോബി ചെറുകോട്ട്, ഫാ. റോജൻ നൽപുരയ്ക്കൽ എന്നിവർ തീർത്ഥാടനത്തിന് നേതൃത്വം നൽകി.



