കൊളോൺ: ജർമനിയിലെ കൊളോൺ അതിരൂപതയുടെ ആഗോളസഭാ ശുശ്രൂഷയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് കൊളോൺ കത്തീഡ്രലിൽ നടന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പങ്കെടുത്ത് സന്ദേശം നൽകി. ആഗോളസഭയുമായുള്ള ബന്ധങ്ങളും വിവിധ രാജ്യങ്ങളിലെ പ്രാദേശിക സഭകളുമായുള്ള സഹകരണവും ശക്തിപ്പെടുത്തുന്നതിനായി കൊളോൺ അതിരൂപത കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി നടത്തിയ പ്രവർത്തനങ്ങളുടെ സ്മരണ പുതുക്കുന്നതായിരുന്നു ജൂബിലി ആഘോഷം.
2026 ഒക്ടോബർ 3, 4 തീയതികളിലായി “ധൈര്യത്തോടെ മുന്നോട്ട്” (Mutig unterwegs) എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ജൂബിലി പരിപാടികളിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള സഭാപ്രതിനിധികളും അതിഥികളും പങ്കെടുത്തു. ഒക്ടോബർ 4-ന് കൊളോൺ കത്തീഡ്രലിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് കൊളോൺ ആർച്ച്ബിഷപ്പ് കർദിനാൾ റൈനർ മരിയ വോൾക്കി നേതൃത്വം നൽകി. ഹൈദരാബാദ് ആർച്ച്ബിഷപ്പും ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റുമായ കർദിനാൾ ആന്റണി പൂല, സീറോ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലീമിസ് എന്നിവരുൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള സഭാ മേലധ്യക്ഷന്മാർ സഹകാർമികരായി പങ്കെടുത്തു.
ആഗോളസഭയുടെ ഐക്യവും വിവിധ പ്രാദേശിക സഭകൾ തമ്മിലുള്ള സഹകരണവും പരസ്പരപിന്തുണയും ജൂബിലി ആഘോഷത്തിന്റെ പ്രധാന പ്രമേയങ്ങളായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഭകളുമായി ബന്ധം പുലർത്തുകയും അവരുടെ അജപാലന, സാമൂഹിക, സുവിശേഷപ്രഘോഷണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്ന കൊളോൺ അതിരൂപതയുടെ ദീർഘകാല ശുശ്രൂഷകൾ ഈ അവസരത്തിൽ അനുസ്മരിച്ചു. 1976-ൽ സ്ഥാപിതമായ കൊളോൺ അതിരൂപതയുടെ ആഗോളസഭാ കാര്യാലയം ഇന്ന് നൂറിലധികം രാജ്യങ്ങളിലെ പ്രാദേശിക സഭകളുമായി സഹകരിച്ചുപ്രവർത്തിക്കുന്നു. സഭകൾ തമ്മിലുള്ള സംവാദം, പരസ്പരസഹകരണം, സഹായപ്രവർത്തനങ്ങൾ, ആഗോള ഐക്യദാർഢ്യം എന്നിവയ്ക്ക് ഈ വിഭാഗം നേതൃത്വം നൽകിവരുന്നു.



