വത്തിക്കാൻ: ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക പ്രബോധനമായ അമോറിസ് ലെത്തീഷ്യയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ വിളിച്ചുചേർത്ത ആഗോളസഭാ സംഗമത്തിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പങ്കെടുത്തു. 2026 ഒക്ടോബർ 7 മുതൽ 14 വരെ വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടന്ന “പത്തുവർഷങ്ങൾക്കുശേഷം അമോറിസ് ലെത്തീഷ്യ: ഇന്നത്തെ കുടുംബങ്ങളോടൊപ്പം സുവിശേഷം പ്രഘോഷിക്കുക” എന്ന പ്രമേയത്തിലുള്ള സംഗമത്തിൽ പൗരസ്ത്യ കത്തോലിക്കാ സഭകളുടെ തലവന്മാരും വിവിധ രാജ്യങ്ങളിലെ മെത്രാൻ സമിതികളുടെ അധ്യക്ഷന്മാരും കുടുംബപ്രതിനിധികളും വിദഗ്ധരും പങ്കെടുത്തു.

ഒക്ടോബർ 7-ന് സംഗമം ഉദ്ഘാടനം ചെയ്ത ലിയോ പതിനാലാമൻ പാപ്പാ, കുടുംബങ്ങളോടൊപ്പമുള്ള സഭയുടെ സിനഡാത്മകവും പ്രേഷിതപരവുമായ യാത്ര തുടരേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. കുടുംബങ്ങളുടെ ജീവിതാനുഭവങ്ങൾ ശ്രവിക്കാനും അവരുടെ സന്തോഷങ്ങളും പ്രതിസന്ധികളും പ്രതീക്ഷകളും തിരിച്ചറിയാനും അവയുടെ വെളിച്ചത്തിൽ സഭയുടെ അജപാലനശുശ്രൂഷ നവീകരിക്കാനും പാപ്പാ ആഹ്വാനം ചെയ്തു. കുടുംബങ്ങൾ സഭയുടെ അജപാലനശുശ്രൂഷയുടെ സ്വീകർത്താക്കൾ മാത്രമല്ലെന്നും സ്നേഹം, വിശ്വസ്തത, ക്ഷമ, കുട്ടികളുടെ വിശ്വാസപരിശീലനം, ദുർബലരോടുള്ള കരുതൽ എന്നിവയിലൂടെ സഭയുടെ സുവിശേഷദൗത്യത്തിൽ സജീവ പങ്കാളികളാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കർദിനാൾ കെവിൻ ഫാരെൽ സ്വാഗതസന്ദേശം നൽകി. സിനഡിന്റെ സെക്രട്ടറി ജനറൽ കർദിനാൾ മാരിയോ ഗ്രെച്ച് സംഗമത്തിന്റെ സഭാപരമായ പ്രാധാന്യം വിശദീകരിച്ചു. സിനഡിന്റെ പൊതുസെക്രട്ടേറിയറ്റിലെ കൺസൾട്ടന്റും സംഗമത്തിന്റെ പ്രവർത്തനരീതിയുടെ ചുമതലക്കാരനുമായ ഫാ. ജിയാക്കോമോ കോസ്റ്റ എസ്.ജെ. സംവാദത്തിനും സിനഡ് നടപടികൾക്കും നേതൃത്വം നൽകി. അല്മായർ, കുടുംബം, ജീവൻ എന്നിവയ്ക്കായുള്ള ഡിക്കാസ്റ്ററിയുടെ അണ്ടർസെക്രട്ടറി പ്രൊഫ. ഗബ്രിയേല ഗാംബിനോ കുടുംബങ്ങളുടെ പ്രതിനിധികളുടെ പങ്കാളിത്തവും ഏകോപനവും നിർവഹിച്ചു. കുടുംബജീവിതത്തിന്റെ സമകാലിക യാഥാർഥ്യങ്ങൾ, വിവാഹത്തിനായുള്ള യുവജനങ്ങളുടെ ഒരുക്കം, വിവാഹജീവിതത്തിന്റെ ആദ്യവർഷങ്ങളിലെ വെല്ലുവിളികൾ, പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കുടുംബങ്ങൾക്ക് അജപാലനപരമായ പിന്തുണ നൽകൽ, സഭയുടെ ദൗത്യത്തിൽ കുടുംബങ്ങളുടെ സജീവ പങ്കാളിത്തം എന്നിവ സംഗമത്തിലെ പ്രധാന ചർച്ചാവിഷയങ്ങളായിരുന്നു.
2016 മാർച്ച് 19-ന് പ്രസിദ്ധീകരിച്ച അമോറിസ് ലെത്തീഷ്യ വിവാഹത്തിന്റെയും കുടുംബജീവിതത്തിന്റെയും സൗന്ദര്യവും ദൗത്യവും വിശദീകരിക്കുന്ന സുപ്രധാന അപ്പസ്തോലിക പ്രബോധനമാണ്. അതിന്റെ പത്താം വാർഷികം പ്രമാണിച്ച് നടന്ന സംഗമം, കുടുംബങ്ങളെ സഭയുടെ ജീവിതത്തിലും ദൗത്യത്തിലും കൂടുതൽ സജീവമായി പങ്കെടുപ്പിക്കാനും പ്രതിസന്ധികളിൽ കഴിയുന്നവരെ കരുണയോടും വിവേചനബുദ്ധിയോടുംകൂടി അനുഗമിക്കാനും പ്രാദേശിക സഭകളുടെ കുടുംബശുശ്രൂഷ കൂടുതൽ ശക്തിപ്പെടുത്താനും ആഹ്വാനം ചെയ്തു.



