വത്തിക്കാൻ സിറ്റി, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചരിത്രപ്രധാനമായ നോസ്ത്ര എത്താതെ പ്രഖ്യാപനത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച്, മതാന്തര സംവാദത്തിനും സാഹോദര്യത്തിനും സമാധാനത്തിനും പുതിയ ഊന്നൽ നൽകുന്ന കുറിപ്പ് വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററി, ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററി, മതാന്തരസംവാദങ്ങൾക്കായുള്ള ഡിക്കാസ്റ്ററി എന്നിവ സംയുക്തമായി “A Journey of Hope: Sixty Years of Interreligious Dialogue and Fraternity in the Light of the Conciliar Declaration Nostra Aetate” എന്ന പേരിൽ 2026സെപ്റ്റംബർ 16, നു പ്രസിദ്ധീകരിച്ചു.
അറുപത് വർഷത്തെ മതാന്തരസംവാദത്തിന്റെ അനുഭവങ്ങൾ വിലയിരുത്തുന്ന പുതിയ കുറിപ്പ്, നോസ്ത്ര എത്താതെയുടെ സന്ദേശം ഇന്നത്തെ ലോകത്തും പ്രസക്തമാണെന്ന് ചൂണ്ടിക്കാട്ടുന്നു. യുദ്ധം, മതമൗലികവാദം, അക്രമം, ധ്രുവീകരണം, സങ്കുചിത ചിന്താഗതികൾ, മതപരമായ വിവേചനം എന്നിവ വർധിക്കുന്ന സാഹചര്യത്തിൽ, പരസ്പരം മനസ്സിലാക്കുന്നതിനും സമാധാനപരമായ സഹവർത്തിത്വം വളർത്തുന്നതിനും മതാന്തരസംവാദം അനിവാര്യമാണെന്ന് രേഖ വ്യക്തമാക്കുന്നു.
വിദ്വേഷത്തിനും തീവ്രവാദത്തിനുമെതിരെ വ്യക്തമായ നിലപാടും കുറിപ്പ് മുന്നോട്ടുവയ്ക്കുന്നു. മതത്തിന്റെ പേരിൽ നടക്കുന്ന തീവ്രവാദവും അക്രമവും മനുഷ്യരാശിയുടെ മതാന്വേഷണത്തെ തന്നെ അപമാനിക്കുന്നതാണെന്ന നിലപാടും ഇതിൽ പ്രതിഫലിക്കുന്നു. മറ്റുമതങ്ങളോടുള്ള യഥാർഥ ബഹുമാനം അവരുടെ മതസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതോടെയാണ് ആരംഭിക്കുന്നതെന്ന് കുറിപ്പ് പറയുന്നു. ന്യൂനപക്ഷമായി ജീവിക്കുന്ന ക്രൈസ്തവർക്കും മതവിശ്വാസം സ്വതന്ത്രമായി ആചരിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് രേഖ പ്രത്യേകം ഓർമിപ്പിക്കുന്നു. അതിനാൽ “സംവാദത്തിന്റെ ഒരു വിദ്യാഭ്യാസശാസ്ത്രം” വളർത്തേണ്ടതുണ്ടെന്ന് കുറിപ്പ് നിർദേശിക്കുന്നു.
“പ്രതീക്ഷയുടെ ഒരു പാത” എന്ന പേരുതന്നെ രേഖയുടെ അടിസ്ഥാന സന്ദേശം വ്യക്തമാക്കുന്നു. അറുപത് വർഷം മുമ്പ് നോസ്ത്ര എത്താതെ ആരംഭിച്ച യാത്രയെ ഒരു ചരിത്രസ്മരണയായി മാത്രം കാണാതെ, ഇന്നത്തെ വിഭജിതവും സംഘർഷഭരിതവുമായ ലോകത്തിൽ സമാധാനം, സാഹോദര്യം, മതസ്വാതന്ത്ര്യം, പരസ്പര ബഹുമാനം എന്നിവ വളർത്തുന്നതിനുള്ള തുടർച്ചയായ ദൗത്യമായി സ്വീകരിക്കണമെന്നാണ് വത്തിക്കാന്റെ ആഹ്വാനം.
‘പ്രതീക്ഷയുടെ ഒരു പാത’: നോസ്ത്ര എത്താത്തെയുടെ 60-ാം വാർഷികത്തിൽ വത്തിക്കാന്റെ സംയുക്ത കുറിപ്പ്
Published on



