റോം: സുവിശേഷത്തിനുവേണ്ടി ജീവൻ സമർപ്പിച്ച രക്തസാക്ഷികളുടെ വിശ്വാസസാക്ഷ്യം ഒരു പ്രത്യയശാസ്ത്രമല്ലെന്നും, മറിച്ച് ദൈനംദിന ജീവിതത്തിൽ ജീവിച്ച വിശ്വാസത്തിന്റെ സാക്ഷ്യമാണെന്നും ലെയോ പതിനാലാമൻ പാപ്പാ. വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള ഡിക്കസ്റ്ററി റോമിലെ അഗസ്റ്റിനിയാനം പാട്രിസ്റ്റിക് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നവരക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ടുള്ള പഠനശിബിരത്തിന് സെപ്റ്റംബർ 16-ന് നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.
സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത നിരവധി രക്തസാക്ഷികൾ ഇന്നും ഉണ്ടെന്നും, അവരുടെ ജീവിതത്തെയും വിശ്വാസസാക്ഷ്യത്തെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്രാൻസിസ് പാപ്പാ 2023-ൽ നവരക്തസാക്ഷികൾക്കായുള്ള കമ്മീഷൻ സ്ഥാപിച്ചതെന്നും പാപ്പാ പറഞ്ഞു. ഭൂമിശാസ്ത്രപരവും ചരിത്രപരവും രാഷ്ട്രീയവുമായ വ്യത്യസ്ത സാഹചര്യങ്ങളിൽ സുവിശേഷത്തിനുവേണ്ടി ജീവൻ സമർപ്പിച്ച സഹോദരീസഹോദരന്മാരാണ് ഇവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിന്റെ സംസ്കാരവും അതിരുകളില്ലാത്ത ശക്തിയും സായുധ സംവിധാനങ്ങളുടെ നിരന്തരമായ വികസനവും ആധിപത്യം പുലർത്തുന്ന ഇന്നത്തെ കാലഘട്ടത്തിൽ, വിശ്വാസത്തിന്റെ നവസാക്ഷികളുടെ വീരോചിതമായ ജീവിതം സഭയ്ക്ക് മാതൃകയാണെന്നും ലെയോ പാപ്പ വ്യക്തമാക്കി.
ഇന്നത്തെ ലോകത്തിൽ സുവിശേഷം പ്രഘോഷിക്കുന്നതിനുള്ള സഭയുടെ വലിയ പ്രചോദനമാണ് നവരക്തസാക്ഷികളുടെ സുവിശേഷസാക്ഷ്യമെന്ന് വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ച് ലെയോ പതിനാലാമൻ പാപ്പാ പറഞ്ഞു. വിശ്വാസത്തിന്റെ സാക്ഷികൾ ഒരു പ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുന്നില്ല; മറിച്ച് ദൈനംദിന ജീവിതത്തിൽ ജീവിച്ച വിശ്വാസമാണ് അവർ കാട്ടിത്തരുന്നത്. വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള സ്ഥിരതയിലാണ് ഈ സാക്ഷ്യം ഉറച്ചുനിൽക്കുന്നതെന്നും പാപ്പാ വ്യക്തമാക്കി.
സ്വാർത്ഥതയുടെയും അടിച്ചമർത്തലിന്റെയും ഇരുട്ടിൽ തിളങ്ങുന്ന നക്ഷത്രങ്ങളായാണ് ഈ രക്തസാക്ഷികൾ ആദരിക്കപ്പെടുന്നതെന്നും പാപ്പാ പറഞ്ഞു. സമകാലിക മനുഷ്യരാശിയെ സ്നേഹത്തിന്റെ സംസ്കാരത്തിലേക്ക് നയിക്കുന്ന പാത കാണിച്ചുതരാനും, കർത്താവായ ക്രിസ്തുവിന്റെ വെളിച്ചം കൂടുതൽ പൂർണ്ണമായി പ്രതിഫലിപ്പിക്കാനും ഈ സാക്ഷികൾ സഭയെ സഹായിക്കുന്നുവെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
രക്തസാക്ഷികളുടെ വിശ്വാസസാക്ഷ്യം പ്രത്യയശാസ്ത്രമല്ല, ദൈനംദിന ജീവിതത്തിൽ ജീവിച്ച വിശ്വാസം: ലെയോ പതിനാലാമൻ പാപ്പാ.
Published on



