വത്തിക്കാന്‍ സിറ്റി: സുവിശേഷപ്രഘോഷണം എളുപ്പമല്ലാതാകുന്ന സമകാലീന സാഹചര്യത്തിലും, ക്രിസ്തു നൽകുന്ന രക്ഷയുടെ സന്ദേശത്തിൽ കേന്ദ്രീകരിച്ചുള്ള സുവിശേഷവത്കരണത്തിൽ മുന്നോട്ട് പോകണമെന്ന് വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി. ഒക്ടോബർ 22-ന് “എന്റെ അടുക്കലേക്ക് വരുവിൻ, കാലഘട്ടത്തിന്റെ മാറ്റത്തിൽ വിശ്വാസകൈമാറ്റത്തെക്കുറിച്ചുള്ള വിചിന്തനങ്ങൾ” (Venite ad me. Considerazioni sulla trasmissione della fede nel cambiamento d’epoca) എന്ന പേരിൽ പുറത്തിറക്കിയ രേഖയിലാണ് ഈ ആഹ്വാനമുള്ളത്. കുട്ടികളുടെയും കൗമാരക്കാരുടെയും മാത്രം മതബോധനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ, മുതിർന്നവരുടെ സുവിശേഷവത്കരണത്തിനും പ്രാധാന്യം നൽകണമെന്നു വത്തിക്കാൻ വിശ്വാസ കാര്യാലയ ഡിക്കാസ്റ്ററി രേഖയില്‍ ഓര്‍മ്മിപ്പിച്ചു.
ക്രിസ്തുവിന്റെ സ്നേഹവും എല്ലാവർക്കുമായി അവൻ കൊണ്ടുവരുന്ന രക്ഷയും അറിയിക്കുകയാണ് വിശ്വാസ പ്രഘോഷണത്തിലൂടെ നടത്തേണ്ടത്. യേശുക്രിസ്തു നമ്മെ സ്നേഹിക്കുന്നുവെന്നും, നമ്മെ രക്ഷിക്കാനായാണ് അവിടുന്നു സ്വജീവൻ നൽകിയതെന്നും, നമ്മുടെ മാർഗ്ഗത്തെ പ്രകാശിപ്പിക്കാനും, നമ്മെ ശക്തിപ്പെടുത്താനും വിമോചനത്തിലേക്ക് നയിക്കാനും അവിടുന്ന് നമ്മോടൊപ്പമുണ്ട് എന്നുമുള്ള സന്ദേശമാണ് സുവിശേഷ, വിശ്വാസ പ്രഘോഷങ്ങളുടെ കേന്ദ്രമെന്ന് രേഖ ഓർമ്മിപ്പിക്കുന്നു.
തിരുവചനവായന, വചനധ്യാനം, വചനചിന്തകൾ പങ്കുവയ്ക്കൽ, പ്രാർത്ഥന തുടങ്ങിയവയ്ക്ക് എല്ലാ സഭാസമൂഹങ്ങളിലും അവസരങ്ങൾ ഒരുക്കേണ്ടതുണ്ട്. ഞായറാഴ്ചകളിൽ ദിവ്യബലിക്കൊപ്പം ഇതുപോലെയുള്ള കൂട്ടായ്മകൾക്കും പ്രാധാന്യം നൽകേണ്ടതുണ്ടെന്നും ഡിക്കാസ്റ്ററി ഓർമ്മിപ്പിച്ചു. വിശുദ്ധമായ ജീവിതം, സഹജീവികളോടുള്ള അടുപ്പം, ദരിദ്രർക്ക് കൊടുക്കുന്ന മുൻഗണന തുടങ്ങിയുള്ള ജീവിതസാക്ഷ്യത്തിന്റെ ആവശ്യകത എടുത്തുകാട്ടുന്ന രേഖ, ജനകീയഭക്തകൃത്യങ്ങൾ, തീർത്ഥാടനം, ഭക്തസംഘടനകളിലെ പങ്കാളിത്തം, സന്നദ്ധ സേവനപ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് വിശ്വാസസകൈമാറ്റത്തിൽ ഉള്ള സ്ഥാനവും പ്രത്യേകം പരാമർശിക്കുന്നു.
സഭയും ക്രൈസ്തവ സമൂഹവും വിശ്വാസപ്രഘോഷണരംഗത്ത് പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിൽ, വിശ്വാസം ഫലപ്രദമായി കൈമാറുന്നതിനുള്ള പ്രായോഗിക മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്ന ഡിക്രി ലെയോ പാപ്പയുടെ അംഗീകാരത്തോടെ വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസും ഡോക്ട്രൈനൽ വിഭാഗം സെക്രട്ടറി മോൺസിഞ്ഞോർ അർമാന്തോ മത്തെയോയും ഒപ്പിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്.
കാലഘട്ടത്തിന്റെ മാറ്റത്തിലും സുവിശേഷവത്കരണം ശക്തമായി തുടരണം; വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി.
Published on



