കുടിയേറ്റത്തെ ആസ്പദമാക്കി 64-ാമത് എൽ.ആർ.സി. സെമിനാർ

Published on

കാക്കനാട്: മൗണ്ട് സെന്റ് തോമസിലെ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (LRC) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 64-ാമത് എൽ.ആർ.സി. സെമിനാർ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. “കുടിയേറ്റം: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളും സാധ്യതകളും” എന്നതാണ് സെമിനാറിന്റെ വിഷയം. 2026 മെയ് 22 -23 തീയതികളിലായി നടന്ന സെമിനാറിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട 12 ഗവേഷണ പ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്.

ഉദ്ഘാടന പ്രസംഗത്തിൽ, സമൂഹത്തെയും സഭയെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളിൽ അക്കാദമികവും ദൈവശാസ്ത്രപരവുമായ ഗൗരവമേറിയ ചർച്ചകൾക്ക് എൽ.ആർ.സി. നേതൃത്വം നൽകുന്നതിനെ മേജർ ആർച്ചുബിഷപ്പ് അഭിനന്ദിച്ചു. കുടിയേറ്റം സീറോമലബാർസഭയുടെ ചരിത്രത്തെയും സാമൂഹിക-ആത്മീയ ജീവിതത്തെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് മേജർ ആർച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തിക വളർച്ച എന്നിവയ്ക്ക് കുടിയേറ്റം വഴിയൊരുക്കിയപ്പോൾ തന്നെ, അത് ഗൌരവമേറിയ സാംസ്കാരികവും കുടുംബപരവുമായ വെല്ലുവിളികളും ഉയർത്തുന്നുണ്ട്. ഈ ഗവേഷണ പ്രബന്ധങ്ങളിലൂടെ കുടിയേറ്റത്തിന്റെ സാമൂഹിക, ദൈവശാസ്ത്ര, മാനവിക വശങ്ങൾ കൃത്യമായി വിശകലനം ചെയ്യുകയാണ് സെമിനാറിന്റെ പ്രധാന ലക്ഷ്യമെന്നും മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു.

ലിറ്റർജിക്കൽ റിസർച്ച് സെന്റർ ചെയർമാൻ മാർ ടോണി നീലങ്കാവിൽ മുഖ്യപ്രഭാഷണവും, മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണവും നിർവഹിച്ചു. റവ. ഫാ. അബ്രഹാം കാവിൽപുരയിടത്തിൽ ചടങ്ങിൽ ആശംസകൾ നേർന്നു. എൽ.ആർ.സി. എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ജോബിൻ കാഞ്ഞിരത്തിങ്കൽ സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.

വൈദികർ, സമർപ്പിതർ, ഗവേഷണവിദ്യാർത്ഥികൾ, അധ്യാപകർ, സാമൂഹികപ്രവർത്തകർ, തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുത്തത്. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും കുടിയേറ്റ പ്രശ്നങ്ങൾ, കേരളത്തിലെ യുവജനങ്ങളുടെ വിദേശ കുടിയേറ്റം, തൊഴിൽ സാഹചര്യങ്ങൾ, സാമൂഹ്യ-രാഷ്ട്രീയ വെല്ലുവിളികൾ, സീറോമലബാർസഭയുടെ കുടിയേറ്റ ശുശ്രൂഷ, ബൈബിൾ-ദൈവശാസ്ത്ര കാഴ്ചപ്പാടുകൾ, മാർപാപ്പമാരുടെ പ്രബോധനങ്ങൾ, സാംസ്കാരികവും ചരിത്രപരവുമായ വിഷയങ്ങൾ എന്നിവ പ്രബന്ധങ്ങളിൽ ഉൾപ്പെട്ടിരുന്നു. വിവിധ മേഖലകളിലെ പണ്ഡിതന്മാരും ഗവേഷകരുമായ ഡോ. ഗബ്രിയേൽ സൈമൺ, ഡോ. കെ. പി. മാണി, റവ. ഡോ. സിറിയക് വലിയ കുന്നുംപുറത്ത്, റവ. ഡോ. ജെയിംസ് പുലിയുറുമ്പിൽ, റവ. ഡോ. അൽജോ കരേരക്കാട്ടിൽ, റവ. ഡോ. ജോസഫ് അയ്യങ്കനാല്‍ എം. എസ്. ടി., റവ. ഡോ. ജോർജ് കുടിലിൽ, റവ. ഡോ. ഫ്രാൻസിസ് എലുവത്തിങ്കൽ, റവ ഡോ. തോമസ് കൂനൻ എസ്. ടി. ബി., റവ. ഡോ. മാത്യു ഇല്ലത്തുപറമ്പിൽ, എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Latest News

മനുഷ്യവിരുദ്ധമാകരുത് പശ്ചിമഘട്ടത്തിന്റെ സംരക്ഷണം: ഫാ. ഡോ. ടോം ഓലിക്കരോട്ട്

പന്ത്രണ്ട് വർഷമായി കേരളത്തിലെ 131 റവന്യൂ വില്ലേജുകളിലെ ലക്ഷക്കണക്കിന് മനുഷ്യർ സ്വന്തം ഭൂമിയിൽത്തന്നെ അനിശ്ചിതത്വത്തിന്റെ തടവിലാണ്. അവർ താമസിക്കുന്ന വീടുകൾ, കൃഷിഭൂമികൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ—ഒരു...

സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ആശീർവദിച്ചു

കാക്കനാട്: മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ മേജർ ആർച്ച്‌ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു. സീറോമലബാർ സഭയുടെ 34-ാമത്...

സീറോമലബാർ ‘സഭാതാരം’ അവാർഡ് പ്രഖ്യാപിച്ചു

സഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളിൽ വിലയേറിയ സംഭാവനകൾ നല്‌കുന്ന അല്‌മായർ ക്കായി സീറോമലബാർ മെത്രാൻസിനഡ് ഏർപ്പെടുത്തിയിരിക്കുന്ന സഭാതാരം അവാർഡിന് തൃശ്ശൂർ അതിരു പതാംഗമായ ശ്രീ. സന്തോഷ്...

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ബഹു. തോമസ് ആനിമൂട്ടിൽ അച്ചനെ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു. 2026 ആഗസ്‌റ്റ് 17 മുതൽ...

പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർസഭാ ആസ്ഥാനം സന്ദർശിച്ചു

കാക്കനാട്: സിറിയൻ കത്തോലിക്കാ സഭയുടെ അന്ത്യോക്യൻ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ്...