പരിശുദ്ധ കുര്‍ബാനയാണ് സഭയുടെ ഐക്യത്തിന്റെ അടയാളം: മേജര്‍ ആര്‍ച്ചുബിഷപ്  മാര്‍ റാഫേല്‍ തട്ടില്‍

Published on

35 ാമത് പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷനില്‍ നല്കിയ സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങള്‍.

നമുക്കെല്ലാം ദൈവം ഒരുപാട് വരങ്ങള്‍ നല്കിയിട്ടുണ്ട്. ഈ വരങ്ങള്‍ ഉജ്ജ്വലിപ്പിക്കാനും അതനുസരിച്ച് കര്‍ത്താവിന്റെ മൗതികശരീരം പടുത്തുയര്‍ത്താനും നമുക്ക് കഴിയണം. ഞാന്‍ പത്തുവര്‍ഷമായി മിഷനിലായിരുന്നു. എന്താണ് മിഷന്‍ പ്രവര്‍ത്തനമെന്ന് പലരും ചോദിക്കാറുണ്ട്. ഞാനും നിങ്ങളും കര്‍ത്താവിന്റെ ജീവിക്കുന്ന സാക്ഷികളാകുന്നതാണ് മിഷന്‍പ്രവര്‍ത്തനം. ഞാനും നിങ്ങളും കര്‍ത്താവിനെ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കാന്‍, തര്‍ജ്ജമയില്ലാത്ത സാക്ഷികളായി മാറുന്നതാണ് മിഷന്‍പ്രവര്‍ത്തനം.

തൃശൂരില്‍ മദര്‍ തെരേസ വന്നപ്പോള്‍ മദറിന്റെ പ്രസംഗം തര്‍ജ്ജമ ചെയ്യാനുളള മഹാഭാഗ്യം എനിക്കാണ് ലഭിച്ചത്. ഒരുലക്ഷം ആളുകള്‍ അന്നു കൂടിയുണ്ടായിരുന്നു. മദര്‍ പ്രസംഗിക്കുന്നതിന് മുമ്പ് എന്നെ അടുത്തുവിളിച്ച് എന്നോട് പറഞ്ഞു, ‘അച്ചോ എന്റെ സ്വരം വളരെ ദുര്‍ബലമാണ്. ഒരുപക്ഷേ അത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അങ്ങനെ തോന്നുകയാണെങ്കില്‍ കൈ ഉയര്‍ത്തിക്കാണിച്ചാല്‍ മതി, ഞാന്‍ പറഞ്ഞത് ആവര്‍ത്തിച്ചുകൊള്ളാം.’

മദറിന്റെ ചുണ്ട് അനങ്ങിയാല്‍ മതി ഞാന്‍ തര്‍ജ്ജമ ചെയ്തുകൊള്ളാം എന്നായി ഞാന്‍. മദര്‍ പ്രസംഗം തുടങ്ങി; ഞാന്‍ തര്‍ജ്ജമയും. അപ്പോള്‍ അവിടെ കൂടിയിരുന്ന ഒരു ലക്ഷം പേര്‍ ഒരേ സ്വരത്തില്‍ വിളിച്ചുപറഞ്ഞു. ആ അച്ചനോട് തര്‍ജ്ജമയൊന്ന് നിര്‍ത്താന്‍ പറയൂ. മദര്‍ പറയുന്നത് ഞങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ട്. ഇതാണ് യഥാര്‍ത്ഥ സാക്ഷ്യം. സാക്ഷ്യമെന്ന് പറയുന്നത് തര്‍ജ്ജമയില്ലാത്ത, തര്‍ജ്ജമ ആവശ്യമില്ലാത്ത ജീവിതസാക്ഷ്യമാണ്.

പരിശുദ്ധാത്മാവിന്റെ പുതിയ പന്തക്കുസ്തയാണ് കരിസ്മാറ്റിക് പ്രസ്ഥാനം. കരിസ്മാറ്റിക് പ്രസ്ഥാനത്തിന് കേരളമണ്ണില്‍ നേതൃത്വം കൊടുത്തത് പോട്ട ആശ്രമമാണ്. കരിസ്മാറ്റിക് പ്രസ്ഥാനം അമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയ അവസരത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സാര്‍വത്രികസഭയോട് പറഞ്ഞ ഒരു കാര്യമുണ്ട് പന്തക്കുസ്ത ഇന്നലെയോ, എവിടെയോ നടന്ന ഒരു സംഭവമല്ല. ഇന്നും സഭയില്‍ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്നത പരിശുദ്ധാത്മാവിന്റെ ഇടപെടലിന്റെ അത്ഭുതമാണ്. പരിശുദ്ധാത്മാവ് ഇന്നും സഭയില്‍ ഇടപെടുന്നുണ്ട്. പന്തക്കുസ്ത എന്തെങ്കിലും അവസാനിച്ചതിന്റെ ഓര്‍മ്മപുതുക്കലല്ല. ഒരിക്കലും അവസാനിക്കാത്ത പരിശുദ്ധാത്മാവിന്റെ ഇടപെടലിന്റെ, നവീകരണത്തിന്റെ, വരദാനങ്ങളുടെ കുത്തൊഴുക്കാണ് കരിസ്മാറ്റിക് മൂവ്‌മെന്റ്.

കേരളസഭ കടന്നുപോകുന്ന ഒരുപാട് പ്രതിസന്ധികളുടെ നടുവിലും കേരളത്തിലെ കത്തോലിക്കരും ക്രൈസ്തവരും ഇവിടുത്തെ പള്ളിയും ഒക്കെ ഇന്നും വേരു ചീയാതെ, കട പുഴകിവീഴാതെ നിലനില്ക്കുന്നുണ്ടെങ്കില്‍ അത് കര്‍ത്താവിന്റെ, പരിശുദ്ധാത്മാവിന്റെ, കരിസ്മാറ്റിക് മൂവ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്.

പോട്ട ആശ്രമത്തിലൂടെ നവീകരിക്കപ്പെട്ട മനുഷ്യരുടെ കണക്കെടുത്താല്‍ എത്രയധികമുണ്ടെന്നോ! പോട്ട ധ്യാനങ്ങളിലൂടെ, വിന്‍സെന്‍ഷ്യന്‍ സഭ നടത്തിയിട്ടുള്ള പോപ്പൂലര്‍ മിഷന്‍ ധ്യാനങ്ങളിലൂടെ ഇത് അവസാനിക്കാത്ത പന്തക്കുസ്തയുടെ അനുഭവമായി മാറിയിരിക്കുന്നു. നമ്മള്‍ അതിനെ സ്വീകരിക്കണം. പെരുന്നാളുകളും ഓര്‍മ്മകളും വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്നതുപോലെ പന്തക്കുസ്ത ആണ്ടുവട്ടത്തിലെ ഒരു ദിവസം മാത്രം ആഘോഷിക്കുന്ന ഓര്‍മ്മയല്ല പന്തക്കുസ്ത അവസാനിച്ചാല്‍ സഭ അവസാനിക്കും. പന്തക്കുസ്ത തുടരുന്നതാണ് സഭയുടെ ജീവസ്. സഭ ജീവിക്കുന്നത് പന്തക്കുസ്തായിലൂടെയാണ്.

ലൂക്കായുടെ സുവിശേഷത്തിലെ 24-ാം അധ്യായം അവസാന ഭാഗം വളരെ മനോഹരമായ ഒന്നാണ്. ജെറുസലേം വിട്ട് എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ കഥയാണ് അവിടെ പറയുന്നത്. ജറുസലേമിലാണ് കര്‍ത്താവിന്റെ മരണം നടന്നത്. ഉത്ഥാനം നടന്നതും പന്തക്കുസ്ത നടന്നും അവിടെയാണ്. അതുകൊണ്ടാണ് കര്‍ത്താവ് ശിഷ്യന്മാര്‍ക്ക് വലിയൊരു മുന്നറിയിപ്പ നല്കിയിരുന്നത് കര്‍ത്താവിന്റെ ആത്മാവ് നിങ്ങളില്‍ വന്നു നിറയുവോളം നിങ്ങള്‍ ജെറുസലേം വിട്ടുപോകരുത് എന്ന്. ജെറുസലേം എന്ന വാക്കിന് പല അര്‍ത്ഥങ്ങളുണ്ട്, അതൊരു സഥലമാണ്. സഭാപിതാക്കന്മാര്‍ നല്കുന്ന മറ്റൊരു വലിയ അര്‍ത്ഥം ജെറുസലേം എന്നത് സഭയാണ് എന്നതാണ്. അതുകൊണ്ട് ജെറുസലേം വിട്ടുപോകരുത് എന്നതിന് അര്‍ത്ഥം നിങ്ങള്‍ സഭയോട് ചേര്‍ന്നുനില്ക്കണം എന്നാണ്. സഭവിട്ടു നിങ്ങള്‍ പോകരുത്. സഭയുടെ കൂട്ടായ്മ, സഭയുടെ കൗദാശികമായ ശക്തി, സഭയുടെ വിശുദ്ധന്മാരുടെ വലിയ കൂട്ടുത്തരവാദിത്തം.. ഇതൊന്നും നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ നിങ്ങള്‍ ജെറുസലേം വിട്ടുപോകരുത്. കര്‍ത്താവ് നമുക്ക് നല്കിയിരിക്കുന്ന വലിയ നിര്‍ദ്ദേശമാണ് അത്. കര്‍ത്താവിന്റെ ആത്മാവ് നിറയുവോളം നിങ്ങള്‍ ജെറുസേലം വിട്ടുപോകരുത്.

സഭയ്ക്കു കുറവുകളുണ്ടാവാം, പ്രതിസന്ധികളുണ്ടാവാം. പക്ഷേ പ്രതിസന്ധികളുടെയെല്ലാം നടുവിലും കര്‍ത്താവ് ഇളക്കുന്ന ബെദ്‌സെയ്ഥാ കുളമാണ് കര്‍ത്താവിന്റെ സഭ. അവിടെയാണ് കര്‍ത്താവ് സൗഖ്യം നല്കുന്നത്. അവിടെയാണ് കര്‍ത്താവ് ശക്തിനല്കുന്നത്. അവിടെയാണ് കര്‍ത്താവ് നമ്മെ പടുത്തുയര്‍ത്താന്‍ വിളിക്കുന്നത്.

അസ്സീസിയിലെ ഫ്രാന്‍സിസിനെ കര്‍ത്താവ് വിളിച്ച്ത് ഒറ്റക്കാര്യത്തിനാണ്. നീ എന്റെ സഭ പുതുക്കിപ്പണിയുക. സഭയുടെ കുറവുകള്‍ കാണുമ്പോള്‍ നിങ്ങള്‍ അന്ധാളിക്കരുത്. സഭയുടെ കുറവുകള്‍ കാണുമ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു ഓര്‍മ്മപ്പെടുത്തലുണ്ട് കുറവുകളുള്ള സഭയെ പുതുക്കിപ്പണിയാന്‍ കര്‍ത്താവ് എന്നെ വിളിക്കുന്നു. കര്‍ത്താവിന് എന്നെ ആവശ്യമുണ്ട്.

കര്‍ത്താവിന്റെ ഓശാനപ്രവേശനത്തെക്കുറിച്ചുള്ള വായന ശ്രദ്ധിച്ചുവായിച്ചിട്ടുണ്ടോ?. കര്‍ത്താവ് ശിഷ്യന്മാരോട് പറയുന്ന ഒരു കാര്യമുണ്ട്. നിങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ ഒരു കഴുതക്കുട്ടിയെ കെട്ടിയിട്ടിരിക്കുന്നതായി കാണും. നിങ്ങള്‍ ആ കഴുതയെ സൂക്ഷിച്ചുനോക്കിയാല്‍ ഒരു കാര്യം മനസ്സിലാവും ഇന്നുവരെ ആരും ആ കഴുതയെ ഉപയോഗിച്ചിട്ടില്ല. അതിന്റെ ഉടമസ്ഥന്‍ വന്ന് തര്‍ക്കിച്ചാല്‍ നിങ്ങളതിന് ഇങ്ങനെയായിരിക്കണം മറുപടി കൊടുക്കേണ്ടത്. കര്‍ത്താവിന് അതിനെക്കൊണ്ട് ആവശ്യമുണ്ട്. കര്‍ത്താവിന് നിങ്ങളെക്കൊണ്ട് ആവശ്യമുണ്ട് കര്‍ത്താവിന്റെ ഓശാന നിങ്ങളുടെയും എന്റെയും മേല്‍ കയറിയിരുന്നിട്ടാണ്. കര്‍ത്താവ് ആഗ്രഹിക്കുന്ന ഇടത്തേക്ക് പോകാന്‍, കര്‍ത്താവിനെ കൊണ്ടുപോകാന്‍ എന്നെയും നിങ്ങളെയും കര്‍ത്താവിന് ആവശ്യമുണ്ട്. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരെക്കുറിച്ച് ഇങ്ങനെയാണ് വായിക്കുന്നത്. അവര്‍ ജറുസലേം വിട്ട് എമ്മാവൂസിലേക്ക് യാത്രയായി.

പേടിച്ചുപോയതായിരുന്നു അവര്‍. പക്ഷേ കര്‍ത്താവ് അവരുടെ കൂടെ സഹയാത്രികനായി അവരോട് സംസാരിച്ചു. കര്‍ത്താവിനോട് ശക്തമായി തര്‍ക്കിക്കുക വരെ ചെയ്തു. കര്‍ത്താവാണെന്ന് മനസ്സിലാക്കിയിട്ടായിരുന്നില്ല അത്. കര്‍ത്താവ് ഉയിര്‍ത്തെണീല്ക്കാതിരിക്കാനായി അവിടുത്തെ കല്ലറയില്‍ വലിയ കല്ല് ഉരുട്ടിവയ്ക്കുകയും കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തവരായിരുന്നു യഹൂദര്‍. എന്നാല്‍ പ്രഭാതത്തില്‍ കല്ല് ഉരുട്ടിമാറ്റുകയും കര്‍ത്താവ് പുറത്തുവരികയും ചെയ്തു. കര്‍ത്താവിന്റെ ഉത്ഥാനമാണ് സഭയുടെ വിജയത്തിന്റെ കൊടി. എന്നൊക്കെയാണോ സഭ പീഡിപ്പിക്കപ്പെടുന്നത്, നമ്മുടെ കുഴിമാടത്തില്‍ കല്ല് വച്ച് അടയ്ക്കപ്പെടുന്നത് അന്നൊക്കെ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കിയിരിക്കണം. കര്‍ത്താവ് കല്ല് ഉരുട്ടിമാറ്റുന്നവനാണ്. കര്‍ത്താവ് ഉത്ഥാനത്തിന്റെ നാഥനും രാജാവുമാണ്. പ്രതിസന്ധികളിലെല്ലാം കര്‍ത്താവ് സഹയാത്രികനാണ്. കര്‍ത്താവ് നമ്മെ ഉത്ഥാനത്തിലേക്ക് ക്ഷണിക്കുന്നു. കര്‍ത്താവിന്റെ ഉത്ഥാനം ആഘോഷിക്കാന്‍ കര്‍ത്താവ് നമ്മെ വിളിക്കുന്നു.

ജറുസേലം കിഴക്കാണ്, എമ്മാവൂസ് പടിഞ്ഞാറും. അര്‍ത്ഥവത്തായ പ്രയോഗമാണ് ഇത്. ഉദയത്തില്‍ നിന്ന് അസ്തമയത്തിലേക്കാണ് ശിഷ്യന്മാര്‍ യാത്ര ചെയ്തത്. പക്ഷേ ഒരു അപരിചിതന്‍ അവരുടെ കൂടെ കൂടി, അപരിതന്‍ അവരോട് സംസാരിച്ചു, തര്‍ക്കിച്ചു. ആരാണെന്ന് പരസ്പരം തിരിച്ചറിയാന്‍ കഴിയാത്തവിധത്തില്‍ അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരുന്നു.കാഴ്ചയെന്ന വാക്കിനെക്കാള്‍ എനിക്കിഷ്ടം കാഴ്ചപ്പാട് എന്നാണ്. കാഴ്ചപ്പാട് നഷ്ടപ്പെട്ടിരുന്നവരായിരുന്നു അവര്‍. യേശു അവരെ തിരിച്ചുപിടിച്ചു. സന്ധ്യയായപ്പോള്‍ അവര്‍ പറഞ്ഞു ഇനി മുന്നോട്ടുപോകാനാവില്ല. അതുകൊണ്ട് നമുക്ക് സത്രത്തില്‍ തങ്ങാം. സഹയാത്രികനെ അവര്‍ നിർബന്ധിച്ചു സത്രത്തിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയപ്പോള്‍ സഹയാത്രികന്‍ അപ്പമെടുത്ത് ഉയര്‍ത്തി വാഴ്ത്തി അത് മുറിച്ചപ്പോള്‍ അവരുടെ കണ്ണുകള്‍ തുറക്കപ്പെട്ടു. അത് കര്‍ത്താവാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ആ സമയം കര്‍ത്താവ് അവരില്‍ നിന്ന് മറഞ്ഞു.

എന്നൊക്കെ സഭയില്‍ പ്രതിസന്ധികളുണ്ടോ വെല്ലുവിളികളുണ്ടോ കര്‍ത്താവ് നമ്മെ സത്രത്തിലേക്ക് വിളിക്കുന്നുണ്ട്. സത്രം കര്‍ത്താവിന്റെ കൂടാരവും ദേവാലയവുമാണ്. കര്‍ത്താവിന്റെ കൂടെവസിക്കാനുള്ള ക്ഷണപത്രമാണ്. കര്‍ത്താവ് വിളിക്കുന്നത് വിശുദ്ധ കുര്‍ബാനയിലേക്കാണ്. അപ്പം മുറിക്കാന്‍ കര്‍ത്താവ് വിളിക്കുന്നുണ്ടെങ്കില്‍ ഉറപ്പാണ് മുറിക്കപ്പെടുന്ന അപ്പത്തില്‍ കര്‍ത്താവുണ്ട്. കര്‍ത്താവുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പാണ്. നമ്മുടെ കണ്ണുകള്‍ തുറക്കപ്പെടും. അപ്പം ഭക്ഷിച്ച അവര്‍ എമ്മാവുസിലേക്കല്ല മടങ്ങിയത് ജറുസലേമിലേക്കായിരുന്നു. സെഹിയോന്‍ ഊട്ടുശാലയില്‍ പരിശുദ്ധ അമ്മയുടെകൂടെ പ്രാര്‍ത്ഥിക്കാനായിരുന്നു.

സഭ നേരിടുന്ന പ്രതിസന്ധികളിലൊക്കെ കര്‍ത്താവ് നമ്മെ വിളിക്കുന്നത് പന്തക്കുസ്തായിലേക്കാണ്. കര്‍ത്താവിന്റെ ആത്മാവിലേക്ക് നമ്മെ വിളിക്കുന്നു. നമുക്ക് കര്‍ത്താവിലേക്ക് മടങ്ങണം, കര്‍ത്താവിന്റെ സഭയിലേക്ക് മടങ്ങണം. കൗദാശികമായ മുറിക്കപ്പെടലിന്റെ വലിയഅടയാളമായ വിശുദ്ധ കുര്‍ബാനയിലേക്ക് നമുക്ക് മടങ്ങണം. ആ മടങ്ങലാണ് സഭയുടെ ഒന്നിപ്പിന്റെ ഏറ്റവും വലിയ അടയാളം. സഭ കടന്നുപോകുന്ന പ്രതിസന്ധികളില്‍ എനിക്കും നിങ്ങള്‍ക്കും ചെയ്യാനുള്ളത് ഒരു കാര്യമേയുള്ളൂ. കരമുയര്‍ത്തുക. കര്‍ത്താവിനെ വിളിക്കുക. കടന്നുപോകുന്ന പ്രതിസന്ധികളൊക്കെ കര്‍ത്താവിനെ വിളിച്ചെണീല്പിക്കാനുള്ള അവസരമാണ്.

എല്ലാ കൂദാശകളും കര്‍ത്താവിന്‌റെ കരം നമുക്ക് നല്കുന്നതാണ്. കര്‍ത്താവിന്റെ കരം പിടിക്കാന്‍ നാം തയ്യാറാകണം. അപ്പം മുറിച്ചപ്പോള്‍ അവര്‍ക്ക് സംഭവിച്ച അത്ഭുതം അവരുടെ കണ്ണുകള്‍ തുറക്കപ്പെട്ടു എന്നതാണ്. കര്‍ത്താവിന്റെ സഭയിലാണ് കര്‍ത്താവ്. കൗദാശികമായ എല്ലാ അനുഷ്ഠാനങ്ങളിലും കര്‍ത്താവിന്റെ സാന്നിധ്യമുണ്ട്. ജറുസലേമിലേക്ക് മടങ്ങിയ അവര്‍ പന്തക്കുസ്തായുടെ ഭാഗമായി. എമ്മാവൂസിലേക്ക് പോയിരുന്നുവെങ്കില്‍ അവര്‍ പന്തക്കുസ്തായുടെ ഭാഗമാകുമായിരുന്നോ? പന്തക്കുസ്തായുടെ അനുഭവത്തിലേക്ക് തിരിച്ചുവരാന്‍ നമുക്ക് കഴിയട്ടെ.

പ്രതിസന്ധികളൊന്നും ലോകാവസാനത്തിന്റെ അന്ത്യമല്ല. ഉത്ഥാനത്തിന്റെ കാഹളങ്ങളാണ് അവയെല്ലാം.

Latest News

ഡിവൈനിൽ താമസിച്ചു ബൈബിൾ പഠിക്കാം

ചാലക്കുടി: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വൈദികർക്കും സന്യസ്തർക്കും അല്മായർക്കും ബൈബിൾ പഠിക്കാൻ അവസരം. 2024 ഏപ്രിൽ 7 മുതൽ മെയ് 9 വരെ മലയാളത്തിലും 2024...

ഫാ. വർഗീസ് മുഴുത്തേറ്റ് വി.സി. നിര്യാതനായി

കോട്ടയം: വിൻസെൻഷ്യൻ കോൺഗ്രിഗേഷനിലെ സെന്റ് ജോസഫ് പ്രൊവിൻസ് അംഗമായ ഫാ. വർഗീസ് മുഴുത്തേറ്റ് (85) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (27-02-2023) ഉച്ചകഴിഞ്ഞു രണ്ടു മണിക്ക്...

റെയിന്‍ബോയില്‍ നാല്  ഭവനങ്ങളൊരുക്കി വിന്‍സെന്‍ഷ്യന്‍ സമൂഹം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പ്രളയ ദുരിതാശ്വാസ പദ്ധതിയായ റെയിന്‍ബോ പദ്ധതിയില്‍  കോട്ടയം വിന്‍സന്‍ഷ്യന്‍ പ്രൊവിന്‍സ് കാഞ്ഞിരപ്പള്ളി നെടുങ്ങാട് പ്രദേശത്ത് നിര്‍മ്മിച്ച നാല് ഭവനങ്ങള്‍ കാഞ്ഞിരപ്പള്ളി രൂപത...

ദൈവദാസൻ വർക്കി കാട്ടറാത്തച്ചന്റെ 91-ാം ചരമവാർഷികം ആചരിച്ചു.

വൈക്കം: വിൻസെൻഷ്യൻ സഭാസ്ഥാപകനായ ദൈവദാസൻ വർക്കി കാട്ടറാത്തച്ചന്റെ 91-ാം ചരമവാർഷികം ആചരിച്ചു. ഒക്ടോബർ 24-ാം തീയ്യതി സഭയുടെ മാതൃഭവനമായ തോട്ടകം ആശ്രമത്തിലെ കബറിടത്തിങ്കൽ വെച്ച് നടത്തപ്പെട്ട...

മേരിമാതാ  പ്രൊവിൻസ് കുടുംബകൂട്ടായ്മ ആഘോഷിച്ചു.

അങ്കമാലി: വിൻസെൻഷ്യൻ സഭയുടെ അങ്കമാലി ആസ്ഥാനമായുള്ള മാരിമാതാ പ്രൊവിൻസിന്റെ കുടുംബകൂട്ടായ്മ ഒക്ടോബർ 29-ാം തീയ്യതി ആഘോഷിച്ചു. ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ആഘോഷപരിപാടികളിൽ പ്രൊവിൻഷ്യൽ സുപ്പീരിയർ...