25-ാമത് അതിരൂപതാ ബൈബിൾ കൺവെൻഷന്റെ സമാപനദിവസമായ ഫെബ്രുവരി 18 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ EMAURA-HE is with US- 2K24 എന്നപേരിൽ അതിരൂപതയിലെ യുവജനങ്ങൾക്കുവേണ്ടി ഏകദിന കൺവെൻഷൻ നടന്നു. മൂവായിരത്തോളം യുവജനങ്ങൾ പങ്കെടുത്തു. 2022-2025 കാലയളവിൽ കെ.സി.ബി.സി. പ്രഖ്യാപിച്ച കേരളസഭാനവീകരണത്തിന്റെ ഭാഗമായി ഇക്കൊല്ലം ആചരിക്കുന്ന യുവജനപ്രേഷിതവർഷാചരണത്തിന്റെ അതിരൂപതാതല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഇതു സംഘടിപ്പിക്കപ്പെട്ടത്. രാവിലെ 9.30 നു യുവദീപ്തി – എസ്.എം.വൈ.എം. അതിരൂപതാ ഡയറക്ടർ ഫാ. ആന്റണി ആനക്കല്ലുങ്കലിന്റെ കാർമികത്വത്തിൽ പരിശുദ്ധ കുർബാനയും തുടർന്ന് കൺവെൻഷൻ ക്ലാസുകളും നടത്തപ്പെട്ടു. അതിരൂപതാ സഹായമെത്രാൻ അഭി. മാർ തോമസ് തറയിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രത്തിലെ ഫാ. ആദർശ് കുമ്പളത്ത്, ബ്രദർ ജോൺ പോൾ എന്നിവരുടെ ക്ലാസുകളും ഫാ. ഡാനിയൽ പൂവണ്ണത്തിലിന്റെ നേതൃത്വത്തിൽ പരിശുദ്ധ കുർബാനയുടെ ആരാധനയും കൈവെപ്പുപ്രാർത്ഥനയും നടത്തപ്പെട്ടു.
ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിച്ച ജപമാലപ്രാർത്ഥനയ്ക്കും തുടർന്നുള്ള ആഘോഷപൂർവകമായ റംശാപ്രാർത്ഥനയ്ക്കുംശേഷം സീറോമലബാർസഭ യൂത്ത് കമ്മിഷൻ ചെയർമാനും കോട്ടയം ക്നാനായ അതിരൂപത സഹായമെത്രാനുമായ അഭി. മാർ ജോസഫ് പണ്ടാരശ്ശേരിൽ പരിശുദ്ധ കുർബാനയ്ക്കു കാർമികത്വം വഹിച്ചു. യുവദീപ്തി – എസ്.എം.വൈ.എം. അതിരൂപതാ ഡയറക്ടർ, ഫൊറോനാ ഡയറക്ടേഴ്സ് എന്നിവർ സഹകാർമികരായിരുന്നു. പരിശുദ്ധ കുർബാനയ്ക്കുശേഷം കൺവെൻഷൻ പന്തലിൽ അഭി. മാർ ജോസഫ് പണ്ടാരശ്ശേരിൽ യുവജനവർഷത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സന്ദേശംനൽകി. പ്രസ്തുത യോഗത്തിൽ 18 ഫൊറോനകളിൽനിന്നുള്ള യുവദീപ്തി – എസ്.എം.വൈ.എം. ഭാരവാഹികൾക്കും കത്തിച്ചതിരികൾ നൽകി.



