ബൽറാംപൂർ: ഛത്തീസ്ഗഡിലെ ബൽറാംപൂർ ജില്ലയിൽ ഗോത്രവിഭാഗത്തിൽപ്പെട്ട ഡീക്കന്റെ പൗരോഹിത്യ സ്വീകരണച്ചടങ്ങ് പ്രാദേശിക ഭരണകൂടം തടഞ്ഞത് മതസ്വാതന്ത്ര്യത്തെയും മതേതര ജനാധിപത്യത്തെയും കുറിച്ച് ആശങ്കയുയർത്തുന്നു. നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള നിയമത്തിന്റെ പേരിലാണ് നടപടി. ജെസ്യൂട്ട് സമൂഹാംഗമായ ഡീക്കൻ ബേസിൽ ഹദ്ധയുടെ പൗരോഹിത്യ സ്വീകരണം ഈ മാസം 14-ന് ധൻവാർ ഇടവകയിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്.
രണ്ടു വ്യക്തികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് ചടങ്ങ് തടസ്സപ്പെടുത്തിയത്. മുപ്പത് വർഷം മുമ്പ് സ്വീകരിച്ച മാമോദീസയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും, അന്ന് ആവശ്യമായിരുന്നില്ലാത്ത മതപരിവർത്തനത്തിനുള്ള അനുമതിപത്രം കൂടി ഹാജരാക്കണമെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതേത്തുടർന്ന് പൗരോഹിത്യ സ്വീകരണച്ചടങ്ങ് മാറ്റിവെക്കേണ്ടിവന്നു.
ഛത്തീസ്ഗഡിലെ ആദിവാസി മേഖലകളിൽ ക്രൈസ്തവ പുരോഹിതർക്കും സാമൂഹിക പ്രവർത്തകർക്കും പ്രവേശനം നിഷേധിക്കുന്ന ബോർഡുകൾ സ്ഥാപിക്കപ്പെട്ടതും, ഇത്തരം നടപടികൾക്കെതിരായ നിയമപരമായ നീക്കങ്ങൾ തിരിച്ചടി നേരിട്ടതും സാഹചര്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ക്രൈസ്തവരുടെ മൃതശരീരങ്ങൾ സ്വന്തം ഭൂമിയിൽ പോലും സംസ്കരിക്കാൻ അനുവദിക്കില്ലെന്ന വർഗീയ പ്രഖ്യാപനങ്ങൾ കഴിഞ്ഞ ഫെബ്രുവരിയിൽ ഉയർന്നപ്പോഴും പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ഭരണകൂടം ഫലപ്രദമായി ഇടപെട്ടോ എന്ന ചോദ്യം നിലനിൽക്കുന്നു.
ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും തുല്യനീതിയും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകേണ്ട രാജ്യത്ത്, മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ പരാതികളുടെയും ഭരണപരമായ നടപടികളുടെയും പേരിൽ ഹനിക്കപ്പെടുന്ന സാഹചര്യം ഗൗരവമായ പരിശോധന ആവശ്യപ്പെടുന്നു. വിശ്വാസം സ്വീകരിക്കാനും ആചരിക്കാനും മതപരമായ ശുശ്രൂഷകൾ നിർവഹിക്കാനുമുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു.



