ചെമ്പേരി ലൂർദ് മാതാ ഫൊറോന ദേവാലയത്തിന് ബസിലിക്ക പദവി

Published on

തലശ്ശേരി : തലശ്ശേരി അതിരൂപതയിലെ ലൂർദ് മാതാ ഫൊറോന ദൈവാലയത്തെ ബസിലിക്ക പദവിയിലേക്ക് ഉയർത്തിക്കൊണ്ടുള്ള പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ അറിയിപ്പ് തലശ്ശേരി അതിരൂപതാ അധ്യക്ഷൻ അർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്ക്‌ ലഭിച്ചു.റോമിലെ നാല് ദേവാലയങ്ങളാണ് മേജർ ബസിലിക്കകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ബസിലിക്ക പദവി നൽകുന്ന മറ്റു ദൈവാ ലയങ്ങൾ എല്ലാം മൈനർ ബസിലിക്കകളായാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ ഇപ്രകാരം മൈനർ ബസിലിക്ക പദവിയിലേക്ക് ഉയർത്തപ്പെട്ട 32 ദേവാലയങ്ങൾ ഉണ്ട്. ലത്തീൻ സഭയിൽ 27 എണ്ണവും സീറോ മലങ്കര സഭയിൽ ഒന്നും സീറോ മലബാർ സഭയിൽ നാല് ബസിലിക്കകളുമാണ് നിലവിൽ ഉണ്ടായിരുന്നത്.
ചെമ്പേരി ലൂർദ് മാതാ ദേവാലയത്തെ ബസിലിക്ക പദവിയിലേക്ക് ഉയർത്തിയതോടെ സീറോ മലബാർ സഭയ്ക്ക് അഞ്ചാമത്തെ ബസിലിക്കയാണ് ലഭിച്ചിരിക്കുന്നത്. പരിശുദ്ധ പിതാവിന്റെ പള്ളി എന്ന പദവിയാണ് ഒരു ദേവാലയത്തെ ബസിലിക്ക പദവിയിലേക്ക് ഉയർത്തുമ്പോൾ ലഭിക്കുന്നത്. മാർപാപ്പ ഒരു സ്ഥലം സന്ദർശിക്കുമ്പോൾ ബസിലിക്കയിൽ വച്ചാണ് ദൈവ ജനത്തോട് സംസാരിക്കുന്നത്. തലശ്ശേരി അതിരൂപത സ്ഥാപിച്ചതിന്റെ പ്ലാറ്റിനം ജൂബിലിയും ആഘോഷിക്കുവാൻ ഒരുങ്ങി കൊണ്ടിരിക്കുമ്പോഴാണ് പുതിയ പ്രഖ്യാപനം നടന്നിരിക്കുന്നത്.

പരിശുദ്ധ ലൂർദ് മാതാവിന്റെ നാമത്തിൽ പ്രതിഷ്ഠിതമായിരിക്കുന്ന ചെമ്പേരി ഫൊറോന ദേവാലയത്തിന് അഭിമാന നിമിഷങ്ങൾ ആണിത്. തലശ്ശേരി അതിരൂപതയിലെ ഏറ്റവും പ്രമുഖമായ കുടിയേറ്റ മേഖലയാണ് ചെമ്പേരി. 1954ൽ മോൺ. ജേക്കബ് വാരികാട്ട് ചെമ്പേരി ഇടവകയുടെ പ്രഥമ വികാരിയായി നിയമിതനായി . ആ കാലഘട്ടത്തിൽ ആദ്യത്തെ ദേവാലയം ഇവിടെ നിർമ്മിച്ചു. തലശ്ശേരി അതിരൂപത സ്ഥാപിതമാകുന്നതിന് മുമ്പ് കോഴിക്കോട് രൂപതയിൽ നിന്നുള്ള വൈദികരാണ് ചെമ്പേരിയിലെ കുടിയേറ്റ ജനതയുടെ ആത്മീയ കാര്യങ്ങൾ നിർവഹിച്ചിരുന്നത്.
മോൺ. ജേക്കബ് വാരികാട്ട്ട് അച്ചന് ശേഷം റവ. ഫാ. പോൾ വഴുതലകാട്ട്, റവ. ഫാ. അഗസ്റ്റിൻ തുരുത്തിമറ്റം, റവ. ഫാ. തോമസ് കരിങ്ങാലിക്കാട്ടിൽ, റവ. ഫാ. തോമസ് മൂല കുന്നേൽ, റവ. ഫാ. തോമസ് നിലയ്ക്കപ്പള്ളിൽ. റവ. ഫാ. ഫ്രാൻസിസ് ആറു പറ, റവ. ഫാ. ജേക്കബ് പുത്തൻപുര, റവ. ഫാ. സെബാസ്റ്റ്യൻ ജോസഫ് കാഞ്ഞിരക്കാട്ട്, റവ. ഫാ. ജോസഫ് കുറ്റാരപ്പള്ളിൽ, റവ. ഫാ. വർക്കി കുന്നപ്പള്ളി, റവ. ഫാ. ജോർജ് കൊല്ലക്കൊമ്പിൽ, റവ. ഫാ. ജോൺ കല്ലുങ്കൽ, റവ. ഫാ. ജോർജ് നരിപ്പാറ, റവ. ഫാ. മാത്യു പാലമറ്റം, റവ. ഫാ. ജോസഫ് കരിനാട്ട് എന്നിവർ ചെമ്പേരി ഇടവകയിൽ വികാരിമാരായി സേവനം ചെയ്തിട്ടുണ്ട്. 1948ൽ സ്ഥാപിതമായ ചെമ്പേരി ഇടവക പ്ലാറ്റിനം ജൂബിലിയുടെ ആഘോഷത്തിനു ഒരുങ്ങുമ്പോഴാണ് ബസലിക്ക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.ഈ മലയോര ഗ്രാമത്തിന്റെ സാമൂഹിക സാംസ്കാരിക സാമ്പത്തിക വൈജ്ഞാനിക മണ്ഡലങ്ങളിലും ആധ്യാത്മിക രംഗത്തും കുടിയേറ്റ ജനത ആർജിച്ച നേട്ടങ്ങൾ നിരവധിയാണ്. കുടിയേറ്റത്തിന്റെ ആദ്യ നാളുകളിലെ പ്രതിസന്ധികളിലും കഷ്ടപ്പാടുകളിലും പരിശുദ്ധ ലൂർദ് മാതാവിന്റെ സംരക്ഷണത്തിൽ ഇവിടുത്തെ ജനങ്ങൾ അഭയം പ്രാപിച്ചു. പരിശുദ്ധ ലൂർദ് മാതാവിന്റെ മാധ്യസ്ഥം തേടി നാനാജാതി മതസ്ഥർ ദിവസവും ഈ ദേവാലയത്തിൽ എത്തുന്നുണ്ടായിരുന്നു.

1965 ൽ ചെമ്പേരി ഇടവക 21 ഇടവകകളുള്ള ഫൊറോന ഇടവകയായി മാറി. പിന്നീട് ചെമ്പേരി ഫറോവനാ വിഭജിച്ച് ചെമ്പന്തൊട്ടിയും പൈസക്കിരിയും ഫൊറോനകൾ രൂപീകരിച്ചു. നിലവിൽ 12 ഇടവകകളുള്ള ഫൊറോനയാണ് ചെമ്പേരി. നൂറിലധികം വൈദികരും മുന്നൂറിലധികം സിസ്റ്റേഴ്സും ചെമ്പേരി അതിരൂപതയിൽ നിന്ന് തിരുസഭാ സേവനത്തിനായി ദൈവവിളി സ്വീകരിച്ചിട്ടുണ്ട്. മലയോര ഹൈവേയിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ചെമ്പേരി ലൂർദ് മാതാ ദേവാലയം മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയമായി മാറിയിരിക്കുകയാണ്. 1400 കുടുംബങ്ങൾ ഉള്ള ചെമ്പേരി ഇടവക മലബാറിലെ ഏറ്റവും വലിയ മരിയൻ തീർത്ഥാടന കേന്ദ്രം കൂടി ആകുകയാണ്. നിലവിലെ ദേവാലയത്തിന്റെ പുനരുദ്ധാന പ്രവർത്തികൾ 2024 ഓഗസ്റ്റ് മാസം 14ന് പൂർത്തിയാകുന്നതോടെ വലിപ്പംകൊണ്ടും സൗകര്യങ്ങൾ കൊണ്ടും ഏറ്റവും പ്രധാനപ്പെട്ട ദേവാലയമായും ഇത് മാറും.

ബസിലിക്ക പ്രഖ്യാപനത്തിന്റെ പ്രത്യേക ആഘോഷങ്ങൾ 2024 ഓഗസ്റ്റ് മാസം 14ന് നടക്കും. ബസിലിക്ക റെക്ടർ വെരി. റവ.ഫാ.ഡോ.ജോർജ് കാഞ്ഞിരക്കാട്ടിന്റെയും സഹവികാരിമാരുടെയും പള്ളി കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് ബസ്സലികാ പ്രഖ്യാപനത്തിന്റെ ആഘോഷങ്ങൾ ക്രമീകരിക്കുന്നത്.

Latest News

വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ടം 70 വീടുകൾ കൈമാറി

വിലങ്ങാട്: 2024 ജൂലൈ 30-ന് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട വിലങ്ങാട് പ്രദേശത്തെ ദുരിതബാധിതർക്കായി കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ താമരശ്ശേരി രൂപത...

വിലങ്ങാട് ഉരുൾപൊട്ടൽ: ദുരന്തഭൂമിയിൽ നിന്ന് പുനർജന്മത്തിലേക്ക് — കത്തോലിക്ക സഭയുടെ മാതൃകാപരമായ പുനരധിവാസ പ്രവർത്തനം

2024 ജൂലൈ 30-ന് വിലങ്ങാട് മേഖലയിൽ ഉണ്ടായ അതിശക്തമായ ഉരുൾപൊട്ടൽ ഒരു നാടിന്റെ സ്വപ്നങ്ങളെയും ജീവിതസമ്പാദ്യങ്ങളെയും ഒരു നിമിഷം കൊണ്ട് തകർത്തുകളഞ്ഞു. പ്രകൃതിയുടെ അതിവേഗ പ്രഹരത്തിൽ...

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...