ചങ്ങനാശ്ശേരി: വേരുകളോട് അടുപ്പം പുലര്‍ത്തിയ വ്യക്തിയായിരുന്നു ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്. ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ഒന്നാം ചരമവാര്‍ഷികാചരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മേജര്‍ ആര്‍ച്ചുബിഷപ്പ്.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സഭയ്ക്ക് നല്കിയ വലിയൊരു കാഴ്ചപ്പാടിനെ സ്വന്തം ജീവിതത്തിലെ കാഴ്ചപ്പാടാക്കി പവ്വത്തില്‍ പിതാവ് മാറ്റി. സഭയോടുള്ള അനിതരസാധാരണമായ അടുപ്പമായിരുന്നു അദ്ദേഹത്തിന്റെ ക്രിസ്തുഭാഷ്യം. ക്രിസ്തുവിനെ പിതാവ് കണ്ടെത്തിയത് സഭയ്ക്കുള്ളിലാണ്. അതുകൊണ്ടുതന്നെ പിതാവ് ക്രിസ്തുവിനെ സ്‌നേഹിച്ചത് സഭയെ സ്നേഹിച്ചുകൊണ്ടാണ്.
ഇന്ന് നമ്മള്‍ കാണുന്ന വൈരുദ്ധ്യങ്ങളിലൊന്ന് പലരും ക്രിസ്തുവിനെ സ്‌നേഹിക്കുന്നു. എന്നാല്‍ സഭയെ സ്‌നേഹിക്കുന്നില്ല എന്നതാണ്. സീറോമലബാര്‍ സഭയുടെ ചക്രവാളങ്ങള്‍ക്ക് ഇന്ത്യമുഴുവനും ഇന്ത്യയ്ക്ക് അപ്പുറത്തേക്കും അവകാശമുണ്ടെന്ന് ധീരതയോടെ പറയാന്‍ പവ്വത്തില്‍ പിതാവ് കാണിച്ചിട്ടുള്ള ക്രിസ്തുശാസ്ത്രമാണ് പിതാവിന്റെ സഭാശാസ്ത്രം. ആൻഡമാൻ നിക്കോബാര്‍ ദ്വീപ്, ലക്ഷദ്വീപ് തുടങ്ങിയവയിലൊക്കെ സീറോമലബാര്‍ സഭയ്ക്ക് അജപാലനപരമായ അധികാരങ്ങളുണ്ടെന്ന് മാര്‍പാപ്പ എഴുതിയതിന് പുറകിലുണ്ടായിരുന്നത് പവ്വത്തില്‍ പിതാവിന്റെ രക്തത്തുള്ളികളാണ്.

സഭയുടെ പൈതൃകങ്ങള്‍ കണ്ടുപിടിക്കാനും സ്‌നേഹിക്കാനും പുനരുദ്ധരിക്കാനുമുള്ള കാഴ്ചപ്പാട് പവ്വത്തില്‍ പിതാവിന് സ്വന്തമായുണ്ടായിരുന്നു. സീറോമലബാര്‍ സഭയുടെ പൈതൃകങ്ങളൊന്നും നഷ്ടപ്പെടാന്‍ പാടില്ലെന്ന് പ്രവാചകതുല്യം സംസാരിച്ച വ്യക്തിയായിരുന്നു. സീറോമലബാര്‍ സഭയുടെ വൈദികപരിശീലനരംഗത്തും മതബോധനരംഗത്തും പിതാവ് നൽകിയ സംഭാവനകളും വിസ്മരിക്കാവുന്നവയല്ല. വിഭജനത്തിന് വേണ്ടിയായിരുന്നില്ല സഭയുടെ വളര്‍ച്ചയ്ക്കുവേണ്ടിയുള്ളവയായിരുന്നു അവയെല്ലാം. തട്ടില്‍ പിതാവ് പറഞ്ഞു.
അംദല്മിന സന്ദര്‍ശനത്തിന് പോയപ്പോള്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ആര്‍ച്ചുബിഷപ്പ് മാര്‍ പവ്വത്തില്‍ പിതാവിനെ സീറോമലബാര്‍സഭയുടെ കിരീടം എന്ന് വിശേഷിപ്പിച്ചതും തട്ടില്‍ പിതാവ് അനുസ്മരിച്ചു. സഭയുടെ പാരമ്പര്യമനുസരിച്ചുള്ള പ്രധാനപ്പെട്ട ദിനങ്ങളുടെ തലേന്നാണ് പവ്വത്തില്‍ പിതാവിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം നടന്നിരിക്കുന്നതെന്നും തട്ടില്‍ പിതാവ് നിരീക്ഷിച്ചു. സ്വാതന്ത്ര്യദിനവും മാതാവിന്റെ സ്വര്‍ഗ്ഗാരോപണതിരുനാളും ഒരേ ദിവസം ആചരിക്കുന്ന ഓഗസ്റ്റ് 15 ന്റെ തലേദിവസമായ ഓഗസ്റ്റ് 14നാണ് പവ്വത്തില്‍ പിതാവ് ജനിച്ചത്. അതുപോലെ യൗസേപ്പിതാവിന്റെ മരണത്തിരുന്നാള്‍ ആചരിക്കുന്ന മാര്‍ച്ച് 19 ന്റെ തലേന്നായ മാര്‍ച്ച് 18നാണ് അദ്ദേഹം സ്വര്‍ഗ്ഗപ്രാപ്തനായതും.


