കാക്കനാട്: സീറോമലബാർ സഭയുടെ മിഷൻ പ്രവർത്തനങ്ങളെ സഹായിക്കുന്ന ബെനഫാക്റ്റേഴ്സിന്റെ വാർഷിക സംഗമം കാക്കനാട് മൗണ്ട് സെൻറ് തോമസിൽ വെച്ച് 2026 ഏപ്രിൽ 11ന് നടത്തപ്പെട്ടു. വിവിധ ഭാഗങ്ങളിൽനിന്നുള്ള അമ്പതോളം ബെനഫാക്റ്റേഴ്സ് ഈ വാർഷിക കൂട്ടായ്മയിൽ പങ്കെടുത്തു.
രാവിലെ ദിവ്യകാരുണ്ണ്യ ആരാധനയോടും തുടർന്ന് നടന്ന വി. കുർബാനയർപ്പണത്തോടും കൂടിയാണ് സംഗമം ആരംഭിച്ചത്. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സീറോമലബാർ മിഷൻ ഓഫീസ് സെക്രട്ടറി ഫാ. ഫ്രാൻസിസ് ഏലുവത്തിങ്കൽ സ്വാഗതം ആശംസിച്ചു.
മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകി. സീറോമലബാർ സഭയ്ക്കും മിഷൻ പ്രവർത്തനങ്ങൾക്കും, മിഷനറി വൈദികർ, സന്യസ്തർ, അല്മായർ എന്നിവരുടെ പരിശീലനത്തിനും, മിഷൻ രൂപതകളുടെ നിർമ്മിതിക്കുമായി ബെനഫാക്റ്റേഴ്‌സ് നൽകിവരുന്ന ഉദാരമായ സഹായത്തെ അദ്ദേഹം നന്ദിയോടെ അനുസ്മരിച്ചു. കൂടുതൽ വ്യക്തികൾ തീക്ഷ്ണതയോടെ സഭയുടെ മിഷൻ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ മുന്നോട്ട് വരേണ്ടതിൻ്റെ ആവശ്യകതയും മേജർ ആർച്ചുബിഷപ്പ് സൂചിപ്പിച്ചു.
സമ്മേളനത്തിൽ സംസാരിച്ച ഉപകാരികൾ, ‘ജീവൻ ജ്യോതി’ എന്ന അൽമായ പ്രേഷിത മുന്നേറ്റത്തിൻ്റെ ആവശ്യകതയെക്കുറിച്ചും, മിഷൻ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിലൂടെ ലഭിക്കുന്ന നന്മകളെക്കുറിച്ചും സംസാരിച്ചു. മിഷൻ പ്രവർത്തനങ്ങളിൽ പങ്കാളികളായതിലൂടെ തങ്ങൾക്കുണ്ടായ ധന്യമായ അനുഭവങ്ങൾ അവർ കൂട്ടായ്മയിൽ പങ്കുവെച്ചു. തുടർന്ന് സീറോമലബാർ സഭയുടെ മിഷൻ ഡയറക്ടർ മാർ പ്രിൻസ് പാണേങ്ങാടൻ ബെനഫാക്‌റ്റേഴ്‌സുമായി ചർച്ച നടത്തി. ഉപകാരികൾ തങ്ങളുടെ ഉദാരത വഴി സഭയുടെ മിഷൻ പ്രവർത്തനങ്ങളിൽ വലിയ പങ്കാളികളാവുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ വെച്ച് മിഷൻ പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്ന ഉപകാരികളെ ആദരിക്കുകയുണ്ടായി. സ്നേഹവിരുന്നോടെയും നന്ദിപ്രകാശനത്തോടെയും കൂടിയാണ് വാർഷിക സംഗമം സമാപിച്ചത്.


