ക്‌നാനായ സമുദായത്തെ കൂടാതെ സീറോമലബാര്‍സഭ പൂര്‍ണ്ണമല്ല: മേജര്‍ ആര്‍ച്ചുബിഷപ്പ്‌ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്

Published on

കൊടുങ്ങല്ലൂര്‍: ക്‌നാനായ സമുദായത്തെ കൂടാതെ സീറോമലബാര്‍സഭ പൂര്‍ണ്ണമല്ലെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ്‌ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്. ക്‌നായി തോമാ ദിനാചരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  സീറോമലബാര്‍സഭയിലെ പുളിമാവാണ് ക്‌നാനായ സഭ. ഈ സഭയെ ഉറകെടാതെ സൂക്ഷിക്കാന്‍  എന്നും ക്‌നാനായ സഭ സീറോമലബാര്‍സഭയ്ക്ക് നേതൃത്വവും ശക്തിയും നല്കിയിട്ടുണ്ട്. സീറോമലബാര്‍സഭ ഇന്നായിരിക്കുന്ന വിധത്തില്‍ ആയിരിക്കുന്നതിന് ക്‌നാനായ സഭയുടെ പങ്കാളിത്തം മാറ്റിനിര്‍ത്താന്‍ കഴിയുന്നതല്ല.

ക്‌നാനായ സമുദായം കുടിയേറ്റക്കാരുടേതാണ്. ക്‌നാനായ സമുദായം അല്മായര്‍ക്ക് പ്രാധാന്യം കൊടുക്കുന്ന സമുദായമാണ്.  അല്മായര്‍ക്ക് സജീവമായ ഉത്തരവാദിത്തം നല്കുന്നതില്‍ വൈദികരും സമുദായവും  മുമ്പന്തിയിലുണ്ട്. ക്‌നാനായ സമുദായത്തിന്റെ ഏറ്റവും വലിയ ശക്തി മെത്രാന്മാരോ വൈദികരോ അല്ല അല്മായരാണ്.  

മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ക്ക് കൂട്ടായ്മ എങ്ങനെയായിരിക്കണം എന്ന് പഠിപ്പിച്ചു കൊടുത്ത പാഠപുസ്തകമാണ് ക്‌നാനായ സമുദായം. കൂട്ടായ്മയില്‍ എങ്ങനെ ജീവിക്കണമെന്ന് ഞങ്ങളെ പഠിപ്പിച്ചത് ഈ സമുദായമാണ്. ഒറ്റയ്ക്ക് നിന്നാല്‍ ഒന്നും നേടില്ലെന്നും ഒരുമിച്ചുനിന്നാല്‍ എല്ലാം നേടാമെന്നുമാണ് നിങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.

സഭ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ അവസരത്തില്‍ കൂട്ടായ്മയില്‍ എങ്ങനെ മുന്നോട്ടുപോകാം എന്ന് പഠിപ്പിച്ചുതരുന്ന കത്തുന്ന വിളക്കാണ് ക്‌നാനായസഭയെന്നും  മിഷന്‍ തീക്ഷണതയുള്ള സമൂഹമാണ് ഇതെന്നും പിതാവ് അഭിപ്രായപ്പെട്ടു.

ഒന്നായാല്‍ നന്നായി നന്നായാല്‍ ഒന്നായി എന്ന കുഞ്ഞുണ്ണിമാഷിന്റെ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് പ്രസംഗം അവസാനിപ്പിച്ചത്.

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന  ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണസമ്മേളനത്തിൽ ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ,  കോട്ടയം അതിരൂപതാ സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം എന്നിവർ അനുഗ്രഹസന്ദേശങ്ങൾ നൽകി.വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ, പ്രിസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. എബ്രാഹം പറമ്പേട്ട്, വിസിറ്റേഷൻ കോൺഗ്രിഗേഷൻ മദർ ജനറാൾ സിസ്റ്റർ കരുണ എസ്.വി.എം, പാസ്റ്ററൽ കൗൺസിൽ അൽമായ സെക്രട്ടറി ബിനോയി ഇടയാടിയിൽ,  കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേൽ, കെ.സി.വൈ.എൽ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു.  

അതിരൂപതയിലെ സമുദായ സംഘടനകളുടെ വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ രാവിലെ  കോട്ടപ്പുറം കോട്ടയിലെത്തി പൂർവ്വിക അനുസ്മരണ പ്രാർത്ഥന നടത്തി. തുടർന്ന് ക്‌നായി തോമാഭവനിൽ കെ.സി.സി പ്രസിഡന്റ് പതാക ഉയർത്തിയതോടെയാണു ദിനാചരണപരിപാടികൾക്കു തുടക്കമായത്. കോട്ടപ്പുറം ഹോളി ഫാമിലി ദൈവാലയത്തിൽ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട കൃതജ്ഞതാബലിയിൽ അതിരൂപതയിലെ പ്രതിനിധികൾ പങ്കെടുത്തു.  കോട്ടപ്പുറം കോട്ടയ്ക്ക് സമീപം അതിരൂപത നിർമ്മിക്കുന്ന ഓർമ്മക്കൂടാരത്തിന്റെ അടിസ്ഥാനശില അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ആശീർവ്വദിച്ചു. എ.ഡി. 345 ൽ  ദക്ഷിണ മെസൊപ്പൊട്ടോമിയ ദേശത്തുനിന്നും കൊടുങ്ങല്ലൂരിൽ വന്നിറങ്ങി ഭാരത ക്രൈസ്തവ സഭയ്ക്ക് പുതുജീവനും സഭാസംവിധാനങ്ങളും ഒരുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ക്‌നാനായക്കാർ എ.ഡി. 1524 ൽ  കൊടുങ്ങല്ലൂരിൽനിന്നും പൂർണ്ണമായി വിട്ടുപോന്നിട്ട് 2024 ൽ 500 വർഷം പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് വിപുലമായ അനുസ്മരണ പരിപാടികൾ  സംഘടിപ്പിച്ചത്.

Latest News

മോൺ. തോമസ് അനിമൂട്ടിലിന്റെ മെത്രാഭിഷേകം ഒക്ടോബർ 2ന്

കോട്ടയം: കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മോൺ. തോമസ് അനിമൂട്ടിലിന്റെ മെത്രാഭിഷേകം 2026 ഒക്ടോബർ 2 വെള്ളിയാഴ്ച കോട്ടയം ക്രൈസ്റ്റ് ദ കിംഗ് ക്നാനായ കത്തോലിക്കാ...

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ബഹു. തോമസ് ആനിമൂട്ടിൽ അച്ചനെ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു. 2026 ആഗസ്‌റ്റ് 17 മുതൽ...

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

കോട്ടയം അതിരൂപത വിശ്വാസപരിശീലന വാര്‍ഷികവും പ്രഥമ അധ്യാപക സെമിനാറും നടത്തപ്പെട്ടു

ചേര്‍പ്പുങ്കല്‍: കോട്ടയം അതിരൂപത വിശ്വാസ പരിശീലന വാര്‍ഷികവും പ്രഥമ അധ്യാപക സെമിനാറും സംയുക്തമായി അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍...