നിഖ്യ എക്യൂമെനിക്കൽ കൗൺസിലിന്റെ 1700 മത് വാർഷികത്തോടനുബന്ധിച്ച്, ദൈവശാസ്ത്രപരമായ വിവാദങ്ങൾ പിന്നിൽ ഉപേക്ഷിച്ച് ഐക്യവും, അനുരഞ്ജനവും കൈവരിക്കാൻ ഒരുമിച്ച് നടക്കാൻ, ഭാവിയെ ലക്ഷ്യം വച്ചുള്ള ഒരു എക്യൂമെനിസത്തിനായി, വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ടുള്ള ലിയോ പതിനാലാമൻ പാപ്പായുടെ , “ഇൻ ഉണിത്താത്തെ ഫിദെയി” എന്ന പുതിയ അപ്പസ്തോലിക ലേഖനം പ്രസിദ്ധീകരിച്ചു.
തുർക്കിയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയ്ക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപായി, പ്രസിദ്ധീകരിക്കപ്പെട്ട ഈ ലേഖനത്തിൽ, നിഖ്യാ കൗൺസിലിന്റെ ദൈവശാസ്ത്രപരവും സഭാപരവും മാത്രമല്ല, സാംസ്കാരികവും സാമൂഹികവുമായ പ്രാധാന്യത്തെയും പ്രസക്തിയെയും കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകളിലേക്ക് പാപ്പാ ഏവരെയും ക്ഷണിക്കുന്നു.”ക്രിസ്തീയ വിശ്വാസത്തിന്റെ കാതൽ” “ദൈവപുത്രനായ ഈശോമിശിഹായിലുള്ള വിശ്വാസപ്രഖ്യാപനമാണ്” എന്നുള്ള നിഖ്യാസൂനഹദോസിന്റെ ചൈതന്യം അപ്പസ്തോലിക ലേഖനം ആവർത്തിക്കുന്നു. ക്രിസ്ത്യാനികൾക്കിടയിൽ ഐക്യം പുനഃസ്ഥാപിക്കുന്നത് നമ്മെ ദരിദ്രരാക്കുന്നില്ല; മറിച്ച്, അത് നമ്മെ സമ്പന്നരാക്കുന്നു. നിഖ്യയിലെന്നപോലെ, പരസ്പര ശ്രവണത്തിന്റെയും സ്വീകാര്യതയുടെയും ക്ഷമയും ദീർഘവും ചിലപ്പോൾ ബുദ്ധിമുട്ടുള്ളതുമായ ഒരു യാത്രയിലൂടെ മാത്രമേ ഇത് സാധ്യമാകൂ എന്ന് ലേഖനം ഓർമിപ്പിക്കുന്നു. “നമ്മുടെ കർത്താവും ദൈവവുമായ യേശുക്രിസ്തുവിലുള്ള വിശ്വാസപ്രമാണം, നമ്മുടെ ആത്മസമർപ്പണം ആവശ്യപ്പെടുന്നുവെന്നും, യേശുവിനെ ഗുരുവായി, കൂട്ടുകാരനായി, സഹോദരനായി, സുഹൃത്തായി അനുഗമിക്കുമ്പോൾ അവന്റെ പാത “വിശാലവും സുഖകരവുമായ ഒരു പാതയല്ലായെന്നും, പലപ്പോഴും വെല്ലുവിളികളും, വേദനാജനകവുമാണെന്നും അപ്പസ്തോലിക ലേഖനം എടുത്തു പറയുന്നു.


