വത്തിക്കാൻ സിറ്റി: സിറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് എമെരിറ്റസ് മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ കഴിഞ്ഞ 54 വർഷത്തെ സുദീർഘമായ ശുശ്രൂഷാ ജീവിതത്തിലെ അനുഭവങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ ലേഖന സമാഹാരം ‘ക്രിസ്ത്യൻ വിറ്റ്നസ്’ വത്തിക്കാനിൽ വച്ച് പ്രകാശനം ചെയ്തു. വത്തിക്കാനിലെ കർദിനാൾമാരുടെ അസാധാരണ കൺസിസ്റ്ററിക്കിടയിൽ നടന്ന ചടങ്ങിൽ വച്ച് പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പയാണ് പുസ്തകം പ്രകാശനം ചെയ്തത്. സഭാമേലധ്യക്ഷന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ പ്രകാശന ചടങ്ങിൽ സി.ബി.സി.ഐ (CBCI) പ്രസിഡന്റ് കർദിനാൾ ആന്റണി പൂല, സിറോമലങ്കര സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് , വത്തിക്കാന്റെ ഇതരമത സംവാദങ്ങൾക്കായുള്ള ഡിക്ാസ്റ്ററിയുടെ (Dicastery for Interreligious Dialogue) പ്രീഫെക്ട് കർദിനാൾ ജോർജ് കൂവക്കാട് എന്നിവർ പങ്കെടുത്തു.
വൈദികനായും മെത്രാനായും സിറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായും ഉള്ള തന്റെ അജപാലന ജീവിതത്തിലെ ശ്രദ്ധേയമായ അനുഭവങ്ങളും ഉൾക്കാഴ്ചകളുമാണ് മാർ ജോർജ് ആലഞ്ചേരി പിതാവ് ഈ പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്. കേവലം ഒരു ഓർമ്മക്കുറിപ്പ് എന്നതിനപ്പുറം, അഞ്ച് പതിറ്റാണ്ടിലധികം നീണ്ടുനിന്ന ഒരു ആത്മീയ യാത്രയുടെ നേർക്കാഴ്ചകളാണ് മാർ ജോർജ് ആലഞ്ചേരി പിതാവ് ‘ക്രിസ്ത്യൻ വിറ്റ്നസ്’ എന്ന ഈ ഗ്രന്ഥത്തിലൂടെ വായനക്കാർക്ക് മുന്നിൽ തുറന്നു വെയ്ക്കുന്നത്. ചങ്ങനാശേരി അതിരൂപതയിലെ ഒരു വൈദികനായി ശുശ്രൂഷ ചെറുത്ത കാലത്തെ അനുഭവങ്ങളും , തക്കല രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായപ്പോൾ, ഒരു പുതിയ രൂപതയെ അടിത്തറയിൽ നിന്നും കെട്ടിപ്പടുക്കാൻ നേരിട്ട വെല്ലുവിളികളും, തമിഴ്നാടിന്റെ സാംസ്കാരിക പശ്ചാത്തലത്തിൽ സുവിശേഷ പ്രഘോഷണം സാധ്യമാക്കിയ വഴികളും , തുടർന്ന് സിറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായും കർദിനാളായും ദൈവഹിതം അദ്ദേഹത്തെ നയിച്ചപ്പോൾ ഉണ്ടായ നിർണ്ണായക നിമിഷങ്ങൾ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സഭാ ചരിത്രത്തിലും ആത്മീയ യാത്രയിലും ഒരുപോലെ പ്രാധാന്യമുള്ള ഈ ഗ്രന്ഥം വിശ്വാസികൾക്കും വായനക്കാർക്കും ഏറെ പ്രചോദനം നൽകുന്ന ഒന്നാണ്.


