സീറോമലബാർസഭയുടെ പ്രതിനിധി സംഘം മെയ് 29 വെള്ളിയാഴ്ച രാവിലെ കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനെ സന്ദർശിച്ച് ആശംസകളറിയിച്ചു. ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ചുബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി, ബിഷപ്പ് മാർ റെമജിയോസ് ഇഞ്ചനാനിയിൽ, ബിഷപ്പ് മാർ ജോസ് പുളിക്കൽ, സഭയുടെ പി. ആർ. ഒ. ഫാ. ഡോ. ടോം ഓലിക്കരോട്ട്, പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലിൽ തിരുവനന്തപുരത്തെ സഭയുടെ ലയ്സൺ ഓഫീസർ ഫാ. ഡോ. ജോൺ തെക്കേക്കര കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ശ്രീ. രാജീവ് കൊച്ചുപറമ്പിൽ എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.
സഭയും സമുദായവുമായി ബന്ധപ്പെട്ട് ബഹു. മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായുള്ള വിവിധ വിഷയങ്ങൾ അടങ്ങിയ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ കത്ത് പ്രതിനിധി സംഘം മുഖ്യമന്ത്രിക്ക് കൈമാറി. സഭ ഉന്നയിച്ച വിഷയങ്ങളിൽ അടിയന്തര ശ്രദ്ധ ചെലുത്തുമെന്നും ക്രൈസ്തവ ന്യുനപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ആവശ്യമായ ശക്തമായ ഇടപെടലുകൾ നടത്തുമെന്നും മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ പ്രതിനിധി സംഘത്തിന് ഉറപ്പുനൽകി.
മുഘ്യമന്ത്രിയുടെ ഓഫീസ്കൂടാതെ ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല, വൈദ്യുത വകുപ്പ് മന്ത്രി ശ്രീ സണ്ണി ജോസഫ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ റോജി എം. ജോൺ, റവന്യു വകുപ്പ് മന്ത്രി ശ്രീ എ. പി. അനിൽകുമാർ, ജലവിഭവ വകുപ്പുമന്ത്രി ശ്രി മോൻസ് ജോസഫ് എന്നിവരുടെയും ഓഫീസുകൾ പ്രതിനിധി സംഘം സന്ദർശിച്ചു ആശംസകൾ അറിയിക്കുകയും പ്രസ്തുത വകുപ്പുകുകളുമായി ബന്ധപ്പെട്ട സഭയുടെ ആവശ്യങ്ങൾ അറിയിക്കുകയും ചെയ്തു.


