മാധ്യമപ്രവർത്തകരുടെ ക്രിസ്തുമസ് സംഗമം മൗണ്ട് സെന്റ് തോമസിൽ നടന്നു

Published on

കൊച്ചി: സീറോമലബാർസഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മാധ്യമപ്രവർത്തകരുടെ ക്രിസ്തുമസ് ആഘോഷം ആത്മീയതയും സൗഹൃദവും നിറഞ്ഞ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു. വിവിധ മാധ്യമസ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് എത്തിയ മാധ്യമപ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.
ക്രിസ്തുമസ് സന്ദേശം നൽകിക്കൊണ്ട് സംസാരിച്ച സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ആധുനിക ലോകത്തോട് സഭ സംവദിക്കുന്നതിൽ മാധ്യമങ്ങൾക്ക് ഉള്ള നിർണായക പങ്ക് ഊന്നിപ്പറഞ്ഞു. ക്രിസ്തുമസ് ദൈവം മനുഷ്യനോട് സംസാരിക്കുന്ന മഹാസന്ദർഭമാണ്. ആ സന്ദേശം മനുഷ്യരിലേക്കെത്തിച്ചത് ദൈവം നേരിട്ടായിരുന്നില്ല മറിച്ച് തന്റെ സന്ദേശവാഹകരിലൂടെയായിരുന്നു. ബേത്ലഹേമിന്റെ രാത്രിയിൽ ദൂതന്മാരും, കാവലിരുന്ന ഇടയന്മാരും, ദൂരെ നിന്ന് നക്ഷത്രത്തിന്റെ പ്രകാശം പിന്തുടർന്ന ജ്ഞാനികളും ഇവരൊക്കെയും ദൈവസന്ദേശത്തിന്റെ വഹകരായി മാറി. ഈ അർത്ഥത്തിൽ, അവർ ആദ്യത്തെ മാധ്യമ പ്രവർത്തകർ ആയിരുന്നു. ഇന്ന്, ഈ ദൈവിക സന്ദേശവാഹകരുടെ പാരമ്പര്യം തുടരുന്നവരാണ് മാധ്യമപ്രവർത്തകർ. സഭയും ലോകവും തമ്മിലുള്ള പാലമായി, കാലത്തിന്റെ അടയാളങ്ങൾ വായിച്ച് സത്യം ഉത്തരവാദിത്തത്തോടെ സമൂഹത്തിലേക്കെത്തിക്കുന്നതാണ് മാധ്യമങ്ങളുടെ ദൗത്യം. ക്രിസ്തുമസിന്റെ സന്ദേശംപോലെ തന്നെ, മാധ്യമപ്രവർത്തനവും പ്രകാശം പകരുന്നതായിരിക്കണം, ഇരുട്ടിലായിരിക്കുന്ന മനസ്സുകളിലേക്കും സമൂഹത്തിന്റെ അതിരുകളിലേക്കും സത്യത്തിന്റെ വെളിച്ചം എത്തിക്കുന്നതായിരിക്കണം അത് മേജർ ആർച്ച്ബിഷപ് ഓർമ്മിപ്പിച്ചു. ദൈവത്തിന്റെ രക്ഷാകര സന്ദേശം സന്ദേശവാഹകരിലൂടെ ലോകത്തെത്തിയതുപോലെ, ഇന്നത്തെ കാലത്ത് മനുഷ്യന്റെ വേദനകളും പ്രത്യാശകളും ലോകത്തിന്റെ മനസ്സാക്ഷിയിലേക്കെത്തിക്കുന്നത് മാധ്യമങ്ങളിലൂടെയാണ്. സത്യം, നീതി, സമാധാനം എന്നിവയുടെ സേവകരാകുമ്പോൾ, മാധ്യമപ്രവർത്തകർ ക്രിസ്തുമസ് ദൗത്യത്തിന്റെ തുടർച്ചക്കാരായി മാറുന്നു മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു.
മാധ്യമ പ്രവർത്തകരെ പ്രതിനിധീകരിച്ചു എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ശ്രീ ആർ. ഗോപകുമാർ സംസാരിച്ചു. സീറോമലബർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയയുടെ ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ സ്വാഗതവും, സീറോമലബാർ സഭ പി. ആർ. ഓ., ഫാ. ടോം ഓലിക്കരോട്ട് നന്ദിയും പ്രകാശിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ക്രിസ്തുമസ് കാരോൾ ഗാനങ്ങൾ ആലപിക്കപ്പെട്ടു. തുടർന്ന് മാധ്യമപ്രവർത്തകരും സഭാനേതൃത്വവും തമ്മിലുള്ള സൗഹൃദസംഭാഷണവും സ്നേഹവിരുന്നും നടന്നു. മാധ്യമലോകവും സഭയും തമ്മിലുള്ള ബന്ധം കൂടുതൽ സുസ്ഥിരവും സൃഷ്ടിപരവുമായതായി വളർത്തുന്നതിന് സഹായകമായ ഒരു അർത്ഥവത്തായ ക്രിസ്തുമസ് സംഗമമായിരുന്നു സഭാ ആസ്ഥാനത്തു നടന്നത്.

Latest News

ആത്മീയതയിൽ ആഴപ്പെടാം; പറോക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

​തൃശ്ശൂർ: തൃശ്ശൂർ മേരിമാതാ മേജർ സെമിനാരിയിലെ പറോക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (PAROC) ആഭിമുഖ്യത്തിൽ നടത്തുന്ന 'ക്രിസ്റ്റ്യൻ സ്പിരിച്വൽ പ്രാക്ടീസസ്' (Christian Spiritual Practices - Batch...

കുടിയേറ്റത്തെ ആസ്പദമാക്കി 64-ാമത് എൽ.ആർ.സി. സെമിനാർ

കാക്കനാട്: മൗണ്ട് സെന്റ് തോമസിലെ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (LRC) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 64-ാമത് എൽ.ആർ.സി. സെമിനാർ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ...

രജതജൂബിലി ആഘോഷിക്കുന്ന സന്ന്യാസിനികളുടെ സംഗമം

കാക്കനാട്: സീറോമലബാർസഭയുടെ സമർപ്പിതർക്കുവേണ്ടിയുള്ള കമ്മീഷന്റെ ആഭിമുഖ്യത്തിൽ സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ 2026 മെയ് 25 നു രജതജൂബിലി ആഘോഷിക്കുന്ന സന്ന്യാസിനികളുടെ സംഗമം...

ജീവൻ ജ്യോതി’ കെറിഗ്മ പരിശീലന പരിപാടി സമാപിച്ചു

കാക്കനാട്: സീറോമലബാർസഭയുടെ അൽമായ മിഷനറി പ്രസ്ഥാനമായ ‘ജീവൻ ജ്യോതി’യുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രഘോഷകർക്കായി സംഘടിപ്പിച്ച നാല് ദിവസത്തെ റെസിഡൻഷ്യൽ പരിശീലന ക്യാമ്പ് 2026 മെയ് 12...

ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രികലേഖനം ‘മാഗ്നിഫിക്ക ഹുമാനിത്താസ് പുറത്തിറക്കി

വത്തിക്കാൻ സിറ്റി: നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം ( എന്ന കാലികപ്രസക്തമായ പ്രമേയത്തെ ആധാരമാക്കി മാഗ്നിഫിക്ക ഹുമാനിത്താസ് (Magnifica Humanitas) എന്ന പേരിൽ തയ്യാറാക്കിയ...