കാക്കനാട് : സീറോമലബാർസഭ വിശ്വാസപരിശീലന പ്രതിഭാസംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേർന്നു. മേജർ ആർക്കിഎപ്പിസ്കോപ്പൽ ചാൻസലർ ഡോ. എബ്രഹാം കാവിൽപുരയിടത്തിൽ അധ്യക്ഷത വഹിച്ച സമ്മേളനം ഇരിഞ്ഞാലക്കുട രൂപതാ അധ്യക്ഷൻ മാർ പോളി കണ്ണുകാടൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളായ നിങ്ങൾ ഈശോയോടും സഭയോടുമുള്ള പ്രതിബദ്ധതയിൽ സഭയുടെ നല്ല മക്കളായി തീരണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂ രിയ ഫിനാൻസ് ഓഫീസർ റവ. ഫാ. ജോസഫ് തോലാനിക്കൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി റവ. ഡോ. തോമസ് മേൽവെട്ടത്ത് സ്വാഗതം ആശംസിക്കുകയും സി. ജിൻസി ചാക്കോ നന്ദി പറയുകയും ചെയ്തു.
വിശ്വാസ പരിശീലന പ്രതിഭാസംഗമത്തിന്റെ സമാപന സമ്മേളനം 18/05/2024-ന് വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ഓരോ രൂപതയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളായ നിങ്ങൾ സഭയുടെ അനുഗ്രഹിക്കപ്പെട്ട നാളത്തെ വാഗ്ദാനങ്ങൾ ആണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വിവിധ രൂപതകളിൽ ഏഴാം ക്ലാസിൽ വിശ്വാസപരിശീലനം നടത്തുന്ന വിദ്യാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 67 പ്രതിഭകളാണ് സംഗമത്തിൽ പങ്കെടുത്തത്. പങ്കെടുത്ത 67 കുട്ടികളിൽ നിന്നും 10 കുട്ടികൾ സീറോമലബാർ പ്രതിഭാ പുരസ്കാരത്തിന് അർഹരായി. വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി ഫാ.തോമസ് മേൽവെട്ടത്ത്, സിസ്റ്റർ ജിൻസി ചാക്കോ MSMI എന്നിവർ സംസാരിച്ചു.
സംഗമത്തിൽ മുൻ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുട്ടികളുമായി കൂടിക്കാഴ്ച നടത്തി. ഫാ. ജിഫി മേക്കാട്ടുകുളം, ഫാ. സന്തോഷ് ഓലപ്പുരക്കൽ, ഫാ.പ്രകാശ് മറ്റത്തിൽ, ശ്രീ. ജോസ് തച്ചിൽ, ശ്രീ. ബേബി ജോൺ കലയന്താനി എന്നിവർ ക്ലാസുകൾ നയിച്ചു. കൂരിയായിലെ വൈദികർ, സിസ്റ്റേഴ്സ്, ശ്രീ. കുര്യാക്കോസ്, ശ്രീ. എബി തോമസ് എന്നിവരും ഇതിന്റെ വിജയത്തിനായി പ്രയത്നിച്ചു. ഫാ. മനു പൊട്ടനാനിയിൽ MST, സി. ജിസ്ലറ്റ് എം.എസ്ജെ., ശ്രീ.ജെബിൻ കുഴിമാലിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



