കാക്കനാട്: അമ്മമാരിലൂടെ കുടുംബങ്ങൾ വിശുദ്ധീകരിക്കപ്പെടണമെന്ന് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. സീറോമലബാർ മാതൃവേദിയുടെ ഗ്ലോബൽ സമ്മേളനം താമരശ്ശേരി രൂപതയുടെ കോഴിക്കോടുള്ള PMOC പാസ്റ്ററൽ സെന്ററിൽവച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാക്കൾ സഭയുടെ ശക്തിയാണെന്നും അവരുടെ പ്രാർത്ഥനയും പ്രവർത്തനവും സഭയുടെ വളർച്ചയ്ക്ക് ആവശ്യമാണെന്നും അഭിവന്ദ്യ പിതാവ് കൂട്ടിച്ചേർത്തു. ഗ്ലോബൽ മാതൃവേദിയുടെ ബിഷപ്പ് ഡെലഗേറ്റും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാർ ജോസ് പുളിക്കൽ പിതാവ് അനുഗ്രഹപ്രഭാഷണം നടത്തി. പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്ലോബൽ ഡയറക്ടർ റവ. ഫാ. ഡെന്നി താണിക്കൽ സ്വാഗതം ആശംസിച്ചു. സി. ജീസാ സി.എം.സി., ആൻസി ചേന്നോത്ത്, സൗമ്യ സേവ്യർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാനതലത്തിൽ എൻ.എസ്.എസ്സിന്റെ മികച്ച പ്രോഗ്രാം കോർഡിനേറ്റർക്കുള്ള അവാർഡ് നേടിയ സോളി തോമാസിനെയും മികച്ച സാമൂഹ്യപ്രവർത്തകയ്ക്കുള്ള നന്മ അവാർഡ് നേടിയ ആഗ്നസ് ബേബിയേയും സമ്മേളനത്തിൽ ആദരിച്ചു.
രണ്ടുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ റവ. ഫാ. മാത്യു തൂമുള്ളിൽ ‘ഉത്തമ ക്രിസ്ത്യാനിയെ വാർത്തെടുക്കുന്നതിൽ അമ്മമാർക്കുള്ള പങ്ക്’ എന്ന വിഷയത്തിലും, ഡോ. ചാക്കോ കാളാംപറമ്പിൽ ‘ഉത്തരവാദിത്വപൂർണ്ണമായ മാതൃത്വം കുടുംബത്തിലും സഭയിലും സമുദായത്തിലും’ എന്ന വിഷയത്തെക്കുറിച്ചും ക്ലാസുകൾ നൽകി. സീറോമലബാർ സഭയുടെ 23 രൂപതകളിൽനിന്നായി 135 അമ്മമാരും രൂപത ഡയറക്ടർമാരും ആനിമേറ്റേഴ്സുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.


