ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട്: സർക്കാർ നടപടിയെ സ്വാഗതം ചെയ്തു സീറോമലബാർ സഭ

Published on

തിരുവനന്തപുരം : ക്രിസ്‌ത്യൻ ജനവിഭാഗങ്ങൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിട്ട സർക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായും കൂടുതലായ പ്രതികരണങ്ങൾ റിപ്പോർട്ട് വിശദമായി പഠിച്ചശേഷം നൽകുന്നതാണെന്നും സീറോമലബാർ സഭ. ക്രൈസ്തവ സമൂഹത്തിന്റെ ദീർഘകാലമായുള്ള ആവശ്യത്തെത്തുടർന്ന് 2020 ഒക്ടോബറിലാണ് സംസ്ഥാന സർക്കാർ ഈ പഠന കമ്മീഷനെ നിയോഗിക്കാൻ തീരുമാനിച്ചത്. തുടർന്ന് 2021 ഫെബ്രുവരിയിലാണ് റിട്ടയേർഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ. ബി. കോശി അധ്യക്ഷനായും റിട്ടയേർഡ് ഡി.ജി.പി ജേക്കബ് പുന്നൂസ്, റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് എന്നിവർ അംഗങ്ങളായും കമ്മീഷൻ പ്രവർത്തനം ആരംഭിച്ചത്. രണ്ടുവർഷത്തിലേറെ നീണ്ട വിശദമായ പഠനങ്ങൾക്കും തെളിവെടുപ്പുകൾക്കും ശേഷം 2023 മെയ് മാസത്തിലാണ് കമ്മീഷൻ തങ്ങളുടെ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. 2026 ഫെബ്രുവരി 28 നു കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ച വിവിധ ക്രിസ്‌ത്യൻ സഭാ പ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. കമ്മിഷൻ റിപ്പോർട്ടിലെ ഇതുവരെ നടപ്പിലാക്കിയ ശുപാർശകൾ യോഗത്തിൽ വിശദീകരിച്ചു. നടപ്പിലാക്കിയ കാര്യങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

കേന്ദ്ര സംസ്ഥാന നയങ്ങളും വിവിധ നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിച്ചാൽ മാത്രം നടപ്പിലാക്കാൻ കഴിയുന്നവയും കൂടുതൽ ആഴത്തിൽ പരിശോധന ആവശ്യമായവയുമാണ് കമ്മിഷൻ റിപ്പോർട്ടിൽ നടപ്പാക്കാൻ അവശേഷിക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ചേർത്ത് നിർത്താനും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുമാണ് സർക്കാർ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. വിവിധ വിഭാഗങ്ങളുടെ പ്രശ്നം രേഖാമൂലം നൽകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പ്രസിദ്ധീകരിച്ച വിവരങ്ങളെപ്പറ്റിയും ഇനി നടപ്പാക്കാൻ ഉള്ളവയെപ്പറ്റിയും സർക്കാരുമായി ചർച്ച ചെയ്യാൻ ഒരു മേൽനോട്ട സമിതിയെ നിയോഗിക്കണമെന്ന് ചർച്ചയിൽ ആവശ്യം ഉയർന്നു. ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിനെ പറ്റി ചർച്ചയിൽ ഉയർന്ന് വന്ന അഭിപ്രായങ്ങളും എഴുതി തരുന്ന വിവരങ്ങളും സർക്കാർ വിശദമായി പഠിച്ച ശേഷം വീണ്ടും യോഗം ചേരാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്‌ദുറഹ്മാൻ, നിയമ വകുപ്പ് മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ കെ. എം എബ്രഹാം തുടങ്ങിയവരും ക്രൈസ്തവ സമൂഹത്തെ പ്രതിനിധീകരിച്ച് വിവിധ സഭാ മേലധ്യക്ഷന്മാരും സഭാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. സീറോമലബാർ സഭയെ പ്രതിനിധീകരിച്ച് അഭിവന്ദ്യ മേജർ ആർച്ചുബിഷപ്പ് ചുമതലപ്പെടുത്തിയതനുസരിച്ച് റവ. ഫാ. ജെയിംസ് കൊക്കാവയലിൽ, റവ ഡോ. ജോൺ തെക്കേക്കര, പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Latest News

സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ആശീർവദിച്ചു

കാക്കനാട്: മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ മേജർ ആർച്ച്‌ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു. സീറോമലബാർ സഭയുടെ 34-ാമത്...

സീറോമലബാർ ‘സഭാതാരം’ അവാർഡ് പ്രഖ്യാപിച്ചു

സഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളിൽ വിലയേറിയ സംഭാവനകൾ നല്‌കുന്ന അല്‌മായർ ക്കായി സീറോമലബാർ മെത്രാൻസിനഡ് ഏർപ്പെടുത്തിയിരിക്കുന്ന സഭാതാരം അവാർഡിന് തൃശ്ശൂർ അതിരു പതാംഗമായ ശ്രീ. സന്തോഷ്...

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ബഹു. തോമസ് ആനിമൂട്ടിൽ അച്ചനെ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു. 2026 ആഗസ്‌റ്റ് 17 മുതൽ...

പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർസഭാ ആസ്ഥാനം സന്ദർശിച്ചു

കാക്കനാട്: സിറിയൻ കത്തോലിക്കാ സഭയുടെ അന്ത്യോക്യൻ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ്...

സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് തുടക്കം

കാക്കനാട്: സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടക്കമായി. സമ്മേളനത്തിന്റെ തുടക്കത്തിൽ ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ...