കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുന്ന കടൽ മണൽ ഖനനം അംഗീകരിക്കാനാവാത്തത്: കെസിബിസി ജാഗ്രത കമ്മീഷൻ

Published on

ആയിരക്കണക്കിന് കോടി രൂപയുടെ ലാഭം ലക്‌ഷ്യം വച്ച് പരിസ്ഥിതിയെ അപകടത്തിലാക്കി കോർപ്പറേറ്റുകൾക്ക് കടൽ തീറെഴുതിക്കൊടുക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്. കടലിന്റെ സ്വാഭാവികതയ്ക്ക് തുരംഗം വയ്ക്കുന്ന ഇത്തരം പദ്ധതികൾ പുരോഗമനപരമായ നിലപാടുകൾ സ്വീകരിക്കുന്ന രാജ്യങ്ങൾ പരിഗണനയ്ക്ക് പോലുമെടുക്കുന്നതല്ലാതിരിക്കെ, ബ്ലൂ ഇക്കോണമി എന്ന അന്താരാഷ്ട്ര സുസ്ഥിര വികസന പദ്ധതിയെന്ന ആശയത്തെ തൽക്കാല കാര്യലാഭത്തിനുവേണ്ടി ദുർവ്യാഖ്യാനം ചെയ്ത് ദുരുപയോഗിക്കാനുള്ള നീക്കം അംഗീകരിക്കാനാവുന്നതല്ല.

സമുദ്രത്തിലെ വർധിത ചൂഷണം വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കിയിരുന്ന സാഹചര്യത്തിൽ, സമുദ്രത്തിന്റെ ആരോഗ്യവും പ്രതിരോധ ശേഷിയും സംരക്ഷിച്ചുകൊണ്ടുള്ള വരുമാന സമ്പാദനമെന്ന ആശയമാണ് ഐക്യരാഷ്ട്ര സഭയുടെ 2012 ലെ റിയോ ഉച്ചകോടി അംഗീകരിച്ച ബ്ലൂ ഇക്കോണമി എങ്കിൽ, കേന്ദ്ര സർക്കാർ 2021 ഫെബ്രുവരി 17 ന് പുറത്തിറക്കിയ കരട് നയരേഖ ഐക്യരാഷ്ട്രസഭയുടെ തീരുമാനങ്ങൾക്ക് കടകവിരുദ്ധമായിരുന്നു. ആ കരട് നയരേഖയ്ക്ക് മേൽ ശരിയായ വിധത്തിലുള്ള ആശയസ്വരൂപണത്തിന് പോലും സാവകാശം നൽകാതെ 2023 ഓഗസ്റ്റിലെ പാർലമെന്റ് സമ്മേളനത്തിൽ അത് പാസാക്കുകയുമുണ്ടായി. അതിനെ തുടർന്ന് ആദ്യ ഘട്ടമെന്ന വിധത്തിലാണ് ഇപ്പോൾ സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെ കടൽ മണൽ ഖനനം ആരംഭിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.

ഈ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും എന്നുള്ളത് നിസ്തർക്കമാണ്. കടലിലുണ്ടാകുന്ന മാറ്റങ്ങൾ കരയെയും തീരദേശങ്ങളിൽ അധിവസിക്കുന്നവരെയും മാത്രമല്ല, ഭൂമിയുടെ സന്തുലിതാവസ്ഥയെത്തന്നെ വളരെ ദോഷകരമായി ബാധിക്കുമെന്നതിന് ഉദാഹരണങ്ങൾ വളരെയേറെയുണ്ട്. ഇത്തരം അശാസ്ത്രീയ നീക്കങ്ങൾക്ക് തടയിടാനാണ് 1994 ൽ ആദ്യമായി ബ്ലൂ ഇക്കോണമി എന്ന ആശയം അവതരിപ്പിക്കപ്പെട്ടതു തന്നെ. മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം ലോകം മുഴുവൻ ഗൗരവമായി ചിന്തിക്കുന്ന ഒരു വലിയ ഭീഷണിയെ നിസാരവൽക്കരിച്ചുകൊണ്ട് ഇന്ത്യൻ ഗവണ്മെന്റ് പഴയ കാലഘട്ടത്തിലേക്ക് തിരികെ പോകാൻ ഒരുങ്ങുന്നത് ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയ്ക്ക് അപമാനകരമാണ്.

കടുത്ത അതിജീവന പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന മൽസ്യ തൊഴിലാളികൾ, കടലാക്രമണം, കടലേറ്റം, തീരശോഷണം മുതലായ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന തീരദേശവാസികൾ, കടലിന്റെ സ്വാഭാവിക പരിസ്ഥിതിയിൽ കഴിയുന്ന അസംഖ്യം ജീവിവർഗ്ഗങ്ങൾ തുടങ്ങി കാലാവസ്ഥാ മാറ്റം സംബന്ധിച്ച് കടുത്ത പ്രതിസന്ധികൾ നേരിടുന്ന മുഴുവൻ ജനതയും വരെ ഇത്തരമൊരു നീക്കത്തിന് വലിയ വില കൊടുക്കേണ്ടതായി വരും. അതിനാൽ, അശാസ്ത്രീയമായ ഈ നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ നിരുപാധികം പിൻവാങ്ങുകയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. കടുത്ത അതിജീവന പ്രതിസന്ധികൾ മുന്നിൽ കണ്ടുകൊണ്ട് സമരത്തിനിറങ്ങാൻ നിർബ്ബന്ധിതരായിരിക്കുന്ന തീരദേശവാസികൾക്ക് ഐക്യദാർഢ്യം അറിയിക്കുന്നു.

Latest News

കത്തോലിക്ക കോൺഗ്രസ് പ്രഥമ നാഷണൽ കോൺഫറൻസ് മുംബൈയിൽ.

കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ സീറോ മലബാർ സമുദായ ദേശീയ സമ്മേളനം മുംബൈയിൽ വച്ച് ഓഗസ്റ്റ് 1,2 തിയതികളിൽ നടക്കുന്നു.108 വർഷത്തെ സുദീർഘമായ...

ആത്മീയതയിൽ ആഴപ്പെടാം; പറോക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

​തൃശ്ശൂർ: തൃശ്ശൂർ മേരിമാതാ മേജർ സെമിനാരിയിലെ പറോക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (PAROC) ആഭിമുഖ്യത്തിൽ നടത്തുന്ന 'ക്രിസ്റ്റ്യൻ സ്പിരിച്വൽ പ്രാക്ടീസസ്' (Christian Spiritual Practices - Batch...

കുടിയേറ്റത്തെ ആസ്പദമാക്കി 64-ാമത് എൽ.ആർ.സി. സെമിനാർ

കാക്കനാട്: മൗണ്ട് സെന്റ് തോമസിലെ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (LRC) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 64-ാമത് എൽ.ആർ.സി. സെമിനാർ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ...

ജീവൻ ജ്യോതി’ കെറിഗ്മ പരിശീലന പരിപാടി സമാപിച്ചു

കാക്കനാട്: സീറോമലബാർസഭയുടെ അൽമായ മിഷനറി പ്രസ്ഥാനമായ ‘ജീവൻ ജ്യോതി’യുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രഘോഷകർക്കായി സംഘടിപ്പിച്ച നാല് ദിവസത്തെ റെസിഡൻഷ്യൽ പരിശീലന ക്യാമ്പ് 2026 മെയ് 12...

മുഖ്യമന്ത്രിയുമായി സീറോമലബാർസഭ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി

സീറോമലബാർസഭയുടെ പ്രതിനിധി സംഘം മെയ് 29 വെള്ളിയാഴ്ച രാവിലെ കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനെ സന്ദർശിച്ച് ആശംസകളറിയിച്ചു. ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ചുബിഷപ്പ്...