ചങ്ങനാശേരി: കേരളസമൂഹത്തിന്റെ വളർച്ചയിലും ജനാധിപത്യ സംവിധാനത്തിന്റെ ഉയർച്ചയിലും നിർണായകമായ പങ്കും സ്വാധീനവും സംഭാവനയും നൽകിയിട്ടുള്ളവരാണ് കേരള ക്രൈസ്തവർ: എന്നാൽ ഇന്ന് അവരുടെ അംഗസംഖ്യയിൽ കുറവുവന്നിരിക്കുന്നു. ഈ കുറവ് അടിസ്ഥാന അവകാശകൾ നിഷേധിക്കുന്നതിന് കാരണമാകരുതെന്നും ജെ.ബി.കോശി കമീഷൻ റിപ്പോർട്ടിൽ തുടർനടപടികൾ വൈകുന്നത് നീതിനിഷേധത്തിന് ഇടയാകുമെന്നും മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തെയോഡോഷ്യസ് മാർത്തോമാ വലിയ മെത്രാപ്പോലീത്ത. ചങ്ങനാശേരി അതിരൂപതാകേന്ദ്രത്തിൽ നടത്തപ്പെട്ട സഭൈക്യസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിന്റെ നിലനിൽപ്പിന് അപകടമുണ്ടാകുന്ന സാഹചര്യങ്ങളിലും ധാർമികമായ വെല്ലുവിളികൾ ഉണ്ടാകുമ്പോഴും അവയെ ചെറുത്തു തോൽപ്പിക്കാൻ സഭകൾ ഒന്നുചേർന്ന് അണിനിരക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പ്രസ്താവിച്ചു. ജെ.ബി.കോശി കമ്മീഷന്റെ സമ്പൂർണ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്നും സഭകളുമായി ആലോചിച്ച്, ഈ ബഡ്ജറ്റിൽ തന്നെ പദ്ധതികൾ ഉൾക്കൊള്ളിക്കത്തക്ക തരത്തിൽ തുടർ നടപടികൾ സ്വീകരിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച പ്രമേയം യോഗം പാസാക്കി.
സഭൈക്യവാരത്തോടനുബന്ധിച്ചാണ് മധ്യകേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ പ്രതിനിധി സമ്മേളനം ചങ്ങനാശേരി അതിരൂപതാകേന്ദ്രത്തിൽ സംഘടിപ്പിച്ചത്. സീറോമലബാർ, സീറോമലങ്കര, ലത്തീൻ, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ, സിഎസ്ഐ, ക്നാനായ യാക്കോബായ സഭകളിൽനിന്നും മെത്രാൻമാർ, വൈദികർ, അത്മായർ എന്നിവരടങ്ങിയ പ്രതിനിധികൾ സംബന്ധിച്ചു. സിബിസിഐ ലയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ. വി.സി.സെബാസ്റ്റ്യൻ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിൻമേൽ സഭകളുടെ ഭാഗത്തുനിന്നുണ്ടാകേണ്ട തുടർ നടപടികളെക്കുറിച്ച് വിഷയാവതരണം നടത്തി. വിവിധ സഭകളുടെ പ്രതിനിധികളായി അഭിവന്ദ്യ പിതാക്കന്മാരായ സഖറിയാസ് മോർ സെവേറിയോസ്, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, റൈറ്റ് റവ.ഡോ. സെബാസ്റ്റ്യൻ തെക്കേച്ചേരിൽ, മാത്യൂസ് മോർ അന്തീമോസ്, സാമുവേൽ മാർ ഐറേനിയോസ്, മാർ ജോസ് പുളിക്കൽ, മാർ തോമസ് തറയിൽ, യൂഹന്നാൻ മാർ തിയോഡോഷ്യസ്, എന്നിവരും ഫാ.ജോൺസൺ പുത്തൻവീട്ടിൽ, ഫാ.ജിജി ജോൺ ജേക്കബ്, പി. ആർ. കുഞ്ഞച്ചൻ എന്നിവരും പ്രതികരണങ്ങൾ നടത്തി. തുടർന്നു നടന്ന പൊതു ചർച്ചയിൽ കുട്ടിക്കാനം മരിയൻ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. റൂബിൾ രാജ് മോഡറേറ്ററായിരിന്നു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ മെനോരിറ്റി സെൽ കോർഡിനേറ്റർ ശ്രീ.റോണി അഗസ്റ്റിൻ പ്രമേയം അവതരിപ്പിച്ചു. ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാൻ ബിഷപ് മാർ തോമസ് തറയിൽ, വികാരി ജനറാൾമാരായ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, മോൺ. വർഗീസ് താനമാവുങ്കൽ, പ്രൊക്രുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, അസി. പ്രൊക്രുറേറ്റർ ഫാ.ജോജോ പുതുവേലി, എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. ജോബി കറുകപറമ്പിൽ ജാഗ്രതാസമിതി ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ, പിആർഒ അഡ്വ. ജോജി ചിറയിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, കാർപ് കോർഡിനേറ്റർ റ്റോം ജോസഫ് ചമ്പക്കുളം എന്നിവർ നേതൃത്വം നൽകി.



