മധ്യപൂര്‍വ്വേഷ്യയെ ഭീതിയിലാഴ്ത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനത്തിനായി പ്രാർത്ഥിക്കുന്നത്തിനു ആഹ്വാനം ചെയ്തു ലിയോ പതിനാലാമൻ മാർ പാപ്പ. പരസ്പര ഭീഷണികളിലൂടെയോ, നാശം, വേദന, മരണം എന്നിവ വിതയ്ക്കുന്ന ആയുധങ്ങളിലൂടെയോ അല്ല സ്ഥിരതയും സമാധാനവും കെട്ടിപ്പടുക്കുന്നതെന്നും മറിച്ച് ന്യായയുക്തവും ആധികാരികവും ഉത്തരവാദിത്തമുള്ളതുമായ സംഭാഷണത്തിലൂടെ മാത്രമാണെന്നും പാപ്പ പറഞ്ഞു. വലിയ അനുപാതത്തിലുള്ള ഒരു ദുരന്തത്തിന്റെ സാധ്യത അഭിമുഖീകരിക്കുമ്പോൾ, അത് പരിഹരിക്കാനാവാത്ത വിടവായി മാറുന്നതിനുമുമ്പ്, തടയാനുള്ള ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ, രാജ്യങ്ങളോടും സഖ്യ കക്ഷികളോടും പാപ്പ ആഹ്വാനം ചെയ്തു. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും സമീപ ദിവസങ്ങളിൽ ഉടലെടുത്ത യുദ്ധസാഹചര്യങ്ങളെ പരാമർശിച്ച പാപ്പ, സംഭാഷണത്തിലേക്കുള്ള ഒരു അടിയന്തര തിരിച്ചുവരവിനായി ഇരു രാജ്യങ്ങളെയും ക്ഷണിക്കുവെന്നും പാപ്പ കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയിൽ ആരംഭിച്ച യുദ്ധം അതിവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തില്‍ 2026 മാർച്ച് 6 വെള്ളിയാഴ്‌ച സീറോമലബാർ സഭയിൽ പ്രാർത്ഥനാദിനമായി ആചരിക്കുവാന്‍ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ആഹ്വാനം ചെയ്തു. യുദ്ധത്തിന്റെ ഇരകളാക്കപ്പെട്ട എല്ലാവരോടും സീറോമലബാർ സഭയുടെ പ്രാർത്ഥനാപൂർണമായ പിന്തുണ അറിയിച്ച മേജർ ആർച്ചുബിഷപ്പ്, പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പായുടെ ആഹ്വാനം രാഷ്ട്രനേതാക്കൾ തുറന്ന മനസ്സോടെ സ്വീകരിക്കപ്പെടുന്നതിനും, അതുവഴി പശ്ചിമേഷ്യയിൽ ശാന്തിയും സമാധാനവും സംജാതമാകുന്നതിനുവേണ്ടിയും പ്രാർത്ഥിക്കാൻ എല്ലാവരെയും സ്നേഹപൂർവം ആഹ്വാനംചെയ്യുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.


