വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി ഇടുക്കി രൂപത കുരിശുമല തീർത്ഥാടനം

Published on

ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് കാൽനട കുരിശുമല തീർത്ഥാടനം വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി മാറി. ഹൈറേഞ്ചിലെ അറിയപ്പെടുന്ന കുരിശുമല തീർത്ഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിലേക്ക് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിന്റെ ആത്മീയ നേതൃത്വത്തിൽ നടത്തിയ കാൽനട തീർത്ഥാടനത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. രാവിലെ 4.30ന് പാണ്ടിപ്പാറയിൽ നിന്നും ആരംഭിച്ച 22 കിലോമീറ്റർ ദൈർഘ്യമുള്ള കാൽനട തീർത്ഥാടനത്തിന് മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകി. പാണ്ടിപ്പാറ, വെള്ളയാംകുടി, ഉദയഗിരി, തോപ്രാംകുടി എന്നീ സ്ഥലങ്ങളിൽ നിന്നും ആരംഭിച്ച തീർത്ഥാടനങ്ങൾ രാവിലെ 8:30ന് വെട്ടിക്കാമറ്റം കവലയിൽ എത്തിച്ചേർന്നു. നൂറുകണക്കിന് വിശ്വാസികളാണ് ഓരോ സ്ഥലങ്ങളിൽ നിന്നും തീർത്ഥാടനത്തിന്റെ ഭാഗമായത്. വെട്ടിക്കമറ്റത്തുനിന്നും ആരംഭിച്ച സംയുക്ത തീർത്ഥാടനം 9 മണിക്ക് മലയടിവാരത്തിൽ എത്തിച്ചേർന്നു. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും എത്തിച്ചേർന്ന ആയിരക്കണക്കിന് വിശ്വാസികളാണ് എഴുകുംവയലിൽ തീർത്ഥാടനത്തെ വരവേറ്റത്.

9.30ന് കപ്പളയിൽ പ്രാരംഭ പ്രാർത്ഥനകൾ നടത്തിയ ശേഷം ആരംഭിച്ച കുരിശുമല കയറ്റം 11.30ന് മലമുകളിൽ എത്തിച്ചേർന്നു. കൊടും ചൂടിനെ അവഗണിച്ചും ആയിരക്കണക്കിന് വിശ്വാസികൾ തീർത്ഥാടനത്തിൽ പങ്കുചേർന്നത് വിശ്വാസത്തിന്റെ വലിയ സാക്ഷ്യമായി മാറി. മലമുകളിൽ മാർ ജോൺ നെല്ലിക്കുന്നേൽ നാല്പതാം വെള്ളിയുടെ സന്ദേശവും സമാപന ആശീർവാദവും നൽകി. ഏറെ ത്യാഗം സഹിച്ചുള്ള ഈ യാത്ര വിശ്വാസത്തിന്റെ നിറവാർന്ന സാക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈശോ സഹിച്ച പീഡകളെ നമ്മുടെ ജീവിതത്തിൽ ഏറ്റുവാങ്ങുന്നതിന്റെ ഭാഗമാണ് നാം ചെയ്യുന്ന ഈ ത്യാഗങ്ങൾ. ജീവിതാനുഭവങ്ങളിൽ ഉണ്ടാകുന്ന സങ്കടങ്ങളെയും ദുരിതങ്ങളെയും ഈശോയുടെ കുരിശിനോട് ചേർത്ത് സമർപ്പിക്കാനും വിശ്വാസികൾക്ക് കഴിയണം. കുടുംബങ്ങൾക്കുവേണ്ടിയും വിവാഹ തടസ്സം നേരിടുന്നവരും ജോലി ലഭിക്കാത്തവരുമായ ചെറുപ്പക്കാർക്കുവേണ്ടിയും വിവിധ രാജ്യങ്ങളിൽ വിശ്വാസത്തിനു വേണ്ടി പീഡകൾ സഹിക്കുന്ന സഹോദരങ്ങൾക്ക് വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജീവിത കുരിശികളെ ഈശോയുടെ കുരിശിനോട് ചേർത്തുവയ്ക്കുമ്പോൾ അവൻ നമ്മുടെ ജീവിതത്തെ ബലപ്പെടുത്തും എന്ന ബോധ്യമാണ് കുരിശിന്റെ വഴി പ്രാർത്ഥനയും മലകയറ്റവും നമുക്ക് നൽകുന്നതെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് അദ്ദേഹം മുഖ്യകാർമ്മികത്വം വഹിച്ചു. ഇടുക്കി രൂപതാ വികാരി ജനറാൾമാരായ മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. അബ്രാഹം പുറയാറ്റ്, മോൺ.ജോസ് കരിവേലിക്കൽ, ഫാ. ജോസഫ് തച്ചുകുന്നേൽ എന്നിവർ സഹകാർമികരായി. മല കയറിയെത്തിയ മുഴുവൻ ആളുകൾക്കും നേർച്ചക്കഞ്ഞി വിതരണം ചെയ്തു.ഉച്ചകഴിഞ്ഞും രാത്രിയിലും ആയിരക്കണക്കിന് വിശ്വാസികളാണ് കുരിശുമലയിൽ എത്തി പ്രാർത്ഥിച്ചത്. തീർത്ഥാടകർക്കായി വിപുലമായ ക്രമീകരണങ്ങളാണ് എഴുകുംവയലിൽ ഒരുക്കിയിരുന്നത്.

എഴുകുംവയൽ കുരിശുമലയെ ഇടുക്കി രൂപതയുടെ ഔദ്യോഗിക തീർത്ഥാടന കേന്ദ്രമായി ബിഷപ്പ് പ്രഖ്യാപിച്ചു. കുമ്പസാരിച്ച് ഒരുങ്ങി കുരിശുമലയിൽ എത്തി പ്രാർത്ഥിക്കുന്നവർക്ക് തിരുസഭ നൽകുന്ന ആത്മീയ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എഴുകുംവയൽ പള്ളിയുടെ വികാരി ഇനിമുതൽ കുരിശുമല തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടർ എന്നായിരിക്കും അറിയപ്പെടുന്നത്. ഫാ.ജോർജ് പാട്ടത്തേക്കുഴിയാണ് പ്രഥമ റെക്ടർ.

നോമ്പുകാലം തീരുന്നതുവരെയും തീർത്ഥാടകർക്ക് മലകയറുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. ഏപ്രിൽ മാസം ഏഴാം തീയതിയാണ് കുരിശുമല തിരുനാൾ ആഘോഷിക്കുന്നത്.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

കപട പരിസ്ഥിതി വാദത്തിന്റെ പേരിൽ ഇനിയും ആളുകളെ കൊലയ്ക്ക് കൊടുക്കരുത്: മാർ ജോൺ നെല്ലിക്കുന്നേൽ

മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ സാധാരണക്കാരായ ആളുകളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം അത്യന്തം ദുഃഖകരമാണ്. ഈ വിഷയത്തിൽ അധികാരികൾ കാണിക്കുന്ന നിസംഗത മലയോര ജനതയെ കൂടുതൽ ഭയപ്പെടുത്തുന്നു.

ആതുര ശുശ്രൂഷ സുവിശേഷത്തിന്റെ ജീവിക്കലാണ്- മാർ ജോൺ നെല്ലിക്കുന്നേൽ

ചെറുതോണി: ഉദരത്തിലുള്ള കുഞ്ഞിനും ആരോഗ്യവാനായ വ്യക്തിക്കും ഏതു നിമിഷവും മരണം സംഭവിക്കാവുന്ന അവസ്ഥയിലുള്ള രോഗിക്കും ദൈവിക ജീവൻ ഒരുപോലെയാണെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ....