ആതുര ശുശ്രൂഷ സുവിശേഷത്തിന്റെ ജീവിക്കലാണ്- മാർ ജോൺ നെല്ലിക്കുന്നേൽ

Published on

ചെറുതോണി: ഉദരത്തിലുള്ള കുഞ്ഞിനും ആരോഗ്യവാനായ വ്യക്തിക്കും ഏതു നിമിഷവും മരണം സംഭവിക്കാവുന്ന അവസ്ഥയിലുള്ള രോഗിക്കും ദൈവിക ജീവൻ ഒരുപോലെയാണെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ. പാറത്തോട് സെന്റ് ജോർജ് പാരീഷ് ഹാളിൽ നടന്ന ഗുഡ് സമരിറ്റൻ പെയിൻ ആന്റ് പാലിയേറ്റീവ് ഇടുക്കി രൂപത രോഗീ ദിനാചരണത്തിൽ പങ്കെടുത്ത് സന്ദേശം നൽകുകയായിരുന്നു ബിഷപ്. വീട്ടിലുള്ളവരെ പരസ്പരം ശ്രദ്ധിക്കാൻ പോലും സമയമില്ലായെന്ന് പറയുന്നവരുടെ കാലമാണിത്. എല്ലാവരും മൊബൈൽ ഫോണിലെ കാഴ്ചകളിലെ കാഴ്ച്ചക്കാരായി മാറിയിരിക്കയാണ്. രോഗീശുശ്രൂഷയുടെ തലത്തെ വിശുദ്ധമായ പദവിയിൽ കാണാനും സമൂഹത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചതും ക്രിസ്തീയ സമുദായമാണ്. മനുഷ്യൻ നന്നായി ജീവിക്കുന്നതാണ് ദൈവത്തിന്റെ സുസ്തിരത. ദുർബലരെ സഹായിക്കലാണ് നമുക്ക് ചെയ്യാവുന്ന വലിയ പുണ്യ പ്രവർത്തി. ലൂർദ്ദ്മാതാവിന്റെ തിരുനാളിനോടനുബന്ധിച്ചാണ് ജോൺ പോൾ പാപ്പ രോഗീദിനം പ്രഖ്യാപിച്ചത്. ഇടുക്കി രൂപതയിൽ രോഗീ ദിനാചരണം രോഗികളെയും രോഗീ ശുശ്രൂഷകരെയും ആദരിക്കുന്നതാണ്. മനുഷ്യൻ ദുർബലനാകാൻ വളരെ ചെറിയ നിമിഷം മതിയാകും. ഇവിടെയാണ് പാലിയേറ്റീവ് പ്രവർത്തകരുടെ പ്രാധാന്യം വ്യക്തമാകുന്നത്. വിശ്വാസത്തിൽ കേൾക്കുന്ന കാര്യങ്ങൾ പരിശീലിക്കുന്നത് ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ്. ക്രൈസ്തവ ജീവിതം പരിശീലിക്കാനുള്ളതാണ്. ഇടുക്കി രൂപതയിലെ പെയിൽ ആന്റ് പാലിയേറ്റീവ് പ്രവർത്തനം വളരെ ഭംഗിയായും ചിട്ടയായും നടക്കുന്നുണ്ട്. രോഗീ ശുശ്രൂഷകരെ പ്രത്യേകം പരിഗണിക്കണം. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരോട് വലിയ ആദരവ് പുലർത്തണം. മനുഷ്യന് ഏകനായിരിക്കാനാവില്ല. മറ്റുള്ളവരോട് കരുണയും സഹാനുഭൂതിയും അലിവുമുള്ളവരായി മാറണമെന്നും മാർ ജോൺ നെല്ലിക്കുന്നേൽ ഓർമ്മിപ്പിച്ചു. ഗുഡ് സമരിറ്റൻ പെയിൻ ആന്റ് പാലിയേറ്റീവ് ഇടുക്കി രൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജോൺസൺ ചെറുകുന്നേലിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയോടെ ദിനാചരണ പരിപാടികൾ ആരംഭിച്ചു. രോഗീകൾക്കായി പ്രത്യേക പ്രാർത്ഥനയും രോഗീ ശുശ്രൂഷകർക്ക് ക്ലാസും നടന്നു. മുരിക്കാശേരി അൽഫോൻസാ ആശുപത്രിയിലെ ഡോ.മാത്യു ജോസഫ്, ഡോ.സിസ്റ്റർ സുഗുണ എഫ് സി സി എന്നിവർ ക്ലാസുകൾ നയിച്ചു. രൂപത ഡയറക്ടർ റവ.ഡോ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ ആമുഖ പ്രഭാഷണം നടത്തി. പാലിയേറ്റീവ് രൂപത സെക്രട്ടറി സിസ്റ്റർ റോസിൻ ജോസ് എഫ്സിസി റിപ്പോർട്ട് അവതരിപ്പിച്ചു. റോബർട്ട് കണ്ണഞ്ചിറ, ടോമി വെളിഞ്ഞാലിൽ, ജോസ് പൂതക്കുഴിയിൽ എന്നിവർ പ്രസംഗിച്ചു. രോഗിക കളയും രോഗീ ശുശ്രൂഷകരെയും ഉപഹാരങ്ങൾ നൽകി ബിഷപ്പ് ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു. രോഗികളുടെയും രോഗീ ശുശ്രൂഷകരുടെയും രൂപത സംഗമത്തിൽ അഞ്ഞൂറിലധികം പേർ പങ്കെടുത്തു. പാറത്തോട് സെന്റ് ജോർജ് ഇടവകയിലെ പാലിയേറ്റീവ് പ്രവർത്തകർ, കെ സി വൈ എം, മാതൃവേദി, മിഷൻ ലീഗ് സംഘടന പ്രവർത്തകർ പരിപാടികൾക്ക് നേതൃത്വം നൽകി.

രോഗീ ദിനാചരണത്തിന്റെ ഭാഗമായി ഹൈറേഞ്ച് ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർദന രോഗികൾക്ക് നൽകുന്ന വീൽചെയറിന്റെ വിതരണോദ്ഘാടനം മാർ ജോൺ നെല്ലിക്കുന്നേൽ നിർവ്വഹിക്കുന്നു.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി ഇടുക്കി രൂപത കുരിശുമല തീർത്ഥാടനം

ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് കാൽനട കുരിശുമല തീർത്ഥാടനം വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി മാറി. ഹൈറേഞ്ചിലെ അറിയപ്പെടുന്ന കുരിശുമല തീർത്ഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിലേക്ക്...

കപട പരിസ്ഥിതി വാദത്തിന്റെ പേരിൽ ഇനിയും ആളുകളെ കൊലയ്ക്ക് കൊടുക്കരുത്: മാർ ജോൺ നെല്ലിക്കുന്നേൽ

മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ സാധാരണക്കാരായ ആളുകളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം അത്യന്തം ദുഃഖകരമാണ്. ഈ വിഷയത്തിൽ അധികാരികൾ കാണിക്കുന്ന നിസംഗത മലയോര ജനതയെ കൂടുതൽ ഭയപ്പെടുത്തുന്നു.