ഓശാന ഞായർ, പെസഹാവ്യാഴം, ഈസ്‌റ്റർ എന്നീ ദിനങ്ങളിൽ ദേശീയതലത്തിലുള്ള പരീക്ഷകളും മറ്റു പരിശീലനപരിപാടികളും നടത്താനുള്ള സർക്കാർ നടപടിയിൽ സീറോമലബാർസഭ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ക്രൈസ്‌തവവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പവിത്രമായ വിശുദ്ധ ദിവസങ്ങളിൽ പരീക്ഷകൾ ക്രമീകരിക്കുന്നത് ആരാധനാസ്വാതന്ത്യ്രത്തിൻ്റെ നേരിട്ടുള്ള ലംഘനമാണ്. ഇത്തരം തീരുമാനങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആസൂത്രിതമായ നീക്കമായിട്ടാണ് മനസിലാക്കേണ്ടത്.
ക്രൈസ്തവവിശ്വാസത്തിൽ ഏറ്റവും പ്രധാനപ്പെട്ട പ്രാർഥനാദിനങ്ങളെ തുടർച്ചയായി സർക്കാർ അവഗണിക്കുന്നത് ഗൗവരവകരമായ വിവേചനമാണ്. ലക്ഷക്കണക്കിനു വിദ്യാർഥികളെയും അധ്യാപകരെയും ഉദ്യോഗസ്‌ഥരെയും ഒരേപോലെ പ്രതിസന്ധിയിലാക്കുന്ന ഈ നടപടി മതേതര രാജ്യത്തിന്റെ മര്യാദകൾക്കു നിരക്കാത്തതാണ്. ആരാധനാലയങ്ങളിലെ ശുശ്രൂഷകളിൽ പങ്കെടുക്കാനുള്ള ക്രൈസ്‌തവരുടെ അവകാശത്തെ അവഗണിക്കുന്ന ഇത്തരം നീക്കങ്ങളിൽനിന്നു ബന്ധപ്പെട്ടവർ അടിയന്തരമായി പിന്തിരിയണം. ക്രൈസ്‌തവസമൂഹത്തിൻ്റെ വികാരങ്ങളെമാനിച്ചുകൊണ്ട് ഈ ദിവസങ്ങളിലെ പരീക്ഷകളും മറ്റു പരിപാടികളും പുന:ക്രമീകരിക്കാൻ ബന്ധപ്പെട്ട സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നു സീറോമലബാർസഭ ആവശ്യപ്പെടുന്നു.
ക്രൈസ്തവ വിശുദ്ധദിനങ്ങളിലെ പരീക്ഷാ നടത്തിപ്പ് പ്രതിഷേധാർഹം
Published on


