ആർച്ചുബിഷപ്പ് ജോസഫ് പൗവത്തിൽ ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു.

Published on

ചങ്ങനാശേരി: കേരളത്തിന്റെ മത, സാമൂഹിക-സാംസ്‌കാരിക, വിദ്യാഭ്യാസ മണ്ഡലങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുകയും ആഗോളസഭയുടെ ദർശനങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തുകയും ചെയ്ത ചങ്ങനാശേരി അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജോസഫ് പൗവത്തിലിന്റെ സ്മരണാർത്ഥം രൂപീകരിച്ച ‘ആർച്ചുബിഷപ്പ് ജോസഫ് പൗവത്തിൽ ഫൗണ്ടേഷൻ’ (എ.ജെ.പി.എഫ്) ഉദ്ഘാടനം ചെയ്തു. കുരിശുംമൂട് മീഡിയ വില്ലേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുംബൈ മുൻ ആർച്ചുബിഷപ്പ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടനകർമം നിർവഹിച്ചു.

സീറോ മലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. കർമ്മനിരതമായ പ്രവർത്തനങ്ങളിലൂടെ അമൂല്യമായ സംഭാവനകൾ നൽകിയ മാർ ജോസഫ് പൗവത്തിലിന്റെ നാമം സഭയിലും സമൂഹത്തിലും എന്നെന്നും നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനവും മേജർ ആർച്ചുബിഷപ്പ് നിർവഹിച്ചു.

സഭയെയും സമൂഹത്തെയും കുറിച്ച് കൃത്യമായ ദർശനവും കാഴ്ചപ്പാടുകളും പുലർത്തി പൊതുനന്മയ്ക്കായി പ്രവർത്തിച്ച സഭാചാര്യനായിരുന്നു മാർ ജോസഫ് പൗവത്തിലെന്ന് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് അനുസ്മരിച്ചു. പൗവത്തിൽ പിതാവിന്റെ പ്രവർത്തനങ്ങളെയും ആശയങ്ങളെയും സംബന്ധിച്ച ഗവേഷണം, പഠനം, പ്രസിദ്ധീകരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യം. കൂടാതെ വിദ്യാഭ്യാസ-ന്യൂനപക്ഷ അവകാശ സംരക്ഷണ രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നവരെ ആദരിക്കുക, സിവിൽ സർവീസ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുക, ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്നവരെ സഹായിക്കുക, ദളിത് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ-തൊഴിൽ പ്രോത്സാഹനം ഉറപ്പാക്കുക തുടങ്ങിയവയും ഫൗണ്ടേഷന്റെ മുഖ്യ കർമ്മപദ്ധതികളിൽ ഉൾപ്പെടുന്നു.

ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ അനുഗ്രഹപ്രഭാഷണം നടത്തി. സഭയുടെയും സമൂഹത്തിന്റെയും നിലനിൽപ്പിന് വേണ്ടിയുള്ളതായിരുന്നു പൗവത്തിൽ പിതാവിന്റെ ഓരോ ചിന്തയുമെന്ന് അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. ആർച്ചുബിഷപ്പ് എമെരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ചുബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം, ആദ്യ ട്രസ്റ്റി ബിഷപ്പ് മാർ തോമസ് പാടിയത്ത്, മാനേജിംഗ് ട്രസ്റ്റി ഡോ. സിറിയക് തോമസ്, ഡോ. ജാൻസി ജയിംസ്, പ്രൊഫ. മുരളി വല്ലഭൻ, ഡോ. പി.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.

അതിരൂപത വികാരി ജനറാൾമാരായ മോൺ. ആന്റണി എത്തയ്ക്കാട്ട്, മോൺ. മാത്യു ചങ്ങങ്കരി, മോൺ. സ്കറിയ കന്യാകോണിൽ, മോൺ. ജോൺ തെക്കേക്കര, പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജോബ് മൈക്കിൾ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ് തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Latest News

സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ആശീർവദിച്ചു

കാക്കനാട്: മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ മേജർ ആർച്ച്‌ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു. സീറോമലബാർ സഭയുടെ 34-ാമത്...

സീറോമലബാർ ‘സഭാതാരം’ അവാർഡ് പ്രഖ്യാപിച്ചു

സഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളിൽ വിലയേറിയ സംഭാവനകൾ നല്‌കുന്ന അല്‌മായർ ക്കായി സീറോമലബാർ മെത്രാൻസിനഡ് ഏർപ്പെടുത്തിയിരിക്കുന്ന സഭാതാരം അവാർഡിന് തൃശ്ശൂർ അതിരു പതാംഗമായ ശ്രീ. സന്തോഷ്...

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ബഹു. തോമസ് ആനിമൂട്ടിൽ അച്ചനെ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു. 2026 ആഗസ്‌റ്റ് 17 മുതൽ...

പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർസഭാ ആസ്ഥാനം സന്ദർശിച്ചു

കാക്കനാട്: സിറിയൻ കത്തോലിക്കാ സഭയുടെ അന്ത്യോക്യൻ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ്...

സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് തുടക്കം

കാക്കനാട്: സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടക്കമായി. സമ്മേളനത്തിന്റെ തുടക്കത്തിൽ ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ...