കൊച്ചി: ക്രൈസ്തവ സന്യാസത്തെ ബോധപൂര്‍വം നിരന്തരം തേജോവധം ചെയ്യുന്നവര്‍ ഇവരുടെ സേവനങ്ങളുടെ ഗുണഫലം കാലങ്ങളായി അനുഭവിച്ചവരും ഇന്നും അനുഭവിക്കുന്നവരുമാണെന്നുള്ള സത്യം മറക്കരുതെന്നും മതസ്പര്‍ധ സൃഷ്ടിച്ച് കേരളസമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ രാഷ്ട്രീയനേതൃത്വങ്ങള്‍ ശ്രമിക്കുന്നത് അപലപനീയമാണെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഇരട്ടത്താപ്പാണു സര്‍ക്കാര്‍ സംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ഇന്ന് സ്വീകരിച്ചിരിക്കുന്നത്. അനാഥരും അശരണരും മാനസിക രോഗികളും വൃദ്ധരുമായവരെയും സമൂഹവും കുടുംബങ്ങളും പുറന്തള്ളി ജീവിതദുരിതത്തിലായവരെയും സംരക്ഷിക്കുന്ന സന്യാസിനിമാരെ അവഹേളിക്കുന്ന കക്കുകളി നാടകം ആവിഷ്കാരസ്വാതന്ത്ര്യമെന്ന് ന്യായീകരിക്കുന്നവര്‍ ആഗോളഭീകരവാദത്തിന്റെ ഉറവിടങ്ങളെ ചൂണ്ടിക്കാണിക്കുന്ന ആവിഷ്കാരങ്ങള്‍ വര്‍ഗീയവാദവും മതവിദ്വേഷവും വളര്‍ത്തുമെന്നു യാതൊരു ലജ്ജയുമില്ലാതെ വാദിക്കുന്നതു വിരോധാഭാസമാണ്.
ക്രൈസ്തവരെ ആക്ഷേപിച്ച് ഭീകരവാദത്തെ താലോലിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ അടവുനയം സാക്ഷരകേരളത്തില്‍ വിലപ്പോവില്ലെന്നും സമുദായ ധ്രുവീകരണത്തിലൂടെ സമൂഹത്തില്‍ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ആരെയും അനുവദിക്കരുതെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.


