ആലക്കോട്: തലശ്ശേരി രൂപത പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റന്‍ വള്ളോപ്പിള്ളിയെ വിശുദ്ധപദവിയിലേക്കുയര്‍ത്തുന്നതിനുള്ള നാമകരണ നടപടികളുടെ പ്രാരംഭപ്രവര്‍ത്തനങ്ങൾക്ക് തുടക്കമായി. ഇതിനായി ആര്‍ച്ച്‌ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി മുന്ന് വൈദികരടങ്ങിയ കമ്മിഷനെ നിയമിച്ചു. ഫാ. തോമസ് നീണ്ടൂര്‍ കണ്‍വീനറായുള്ള കമ്മിഷനില്‍ അതിരുപതാ ചാന്‍സലര്‍ ഫാ. ജോസഫ് മുട്ടത്തുകുന്നേല്‍, ഫാ. തോമസ് മാപ്പിളപ്പറമ്പില്‍ എന്നിവരാണ് അംഗങ്ങൾ.
1953 ഡിസംബര്‍ 31-ന് തലശ്ശേരി ആസ്ഥാനമായി എറണാകുളം അതിരൂപതയുടെ സാമന്ത രൂപതയായാണ് തലശ്ശേരി രൂപത രൂപവത്കരിച്ചത്. അന്നുമുതല്‍ 1989 മേയ് ഒന്നിന് മാര്‍ ജോര്‍ജ് വലിയമറ്റം പിന്‍ഗാമിയായി സ്ഥാനമേല്‍ക്കുന്നതുവരെ രൂപതാ അധ്യക്ഷനായിരുന്നു മാര്‍ വള്ളോപ്പിള്ളി. 2006 ഏപ്രിൽ നാലിന് അന്തരിക്കുന്നതുവരെയുള്ള 52 വര്‍ഷം ബിഷപ്പായിരുന്നു. സിറോമലബാര്‍സഭയില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്നയാളാണ് മാര്‍ വള്ളോപ്പിള്ളി.



