കോതമംഗലം: വന്യമൃഗങ്ങൾക്ക് അതീവ സുരക്ഷ നല്‌കുകയും മനുഷ്യജീവനെ അവഗണിക്കുകയും ചെയ്യുന്ന കാട്ടു നിയമം ഉടനടി അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത് തിരിച്ചടി നേരിടേണ്ടി വരുമെന്ന് കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുന്നറിയിപ്പു നൽകി. കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ കോതമംഗലത്ത് നടത്തിയ വൻ മനുഷ്യാവകാശ പ്രഖ്യാപന റാലിയെ അഭിസംബോധന ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന പ്രാഥമിക കടമ നിർവഹിക്കുന്നതിൽ ഭരണാധികാരികളും ഉദ്യോഗസ്ഥരും പരാജയപ്പെടുന്നു, ഇത് അംഗീകരിക്കാനാവില്ല.വോട്ട് ചെയ്യുന്നത് വന്യമൃഗങ്ങളല്ല, മനുഷ്യരാണ് എന്ന് എല്ലാവരും ഓർമ്മിക്കുന്നത് നല്ലതാണെന്ന് ബിഷപ്പ് മുന്നറിയിപ്പ് നൽകി. കർഷകന്റെ കണ്ണീരൊപ്പാനും അവരെ സഹായിക്കാനും ആരും ഇല്ലാത്ത സാഹചര്യത്തിലാണ് ഇങ്ങനെ പറയേണ്ടി വരുന്നത്. കർഷകരെ ദ്രോഹിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താനുള്ള ഇച്ഛാശക്തി ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും കാണിക്കണം. കാലഹരണപ്പെട്ട നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കണം എന്നും ബിഷപ്പ് ആവശ്യപ്പെട്ടു. കാട് വന്യജീവികൾക്കും നാട് മനുഷ്യനും എന്ന ആപ്‌തവാക്യം ഉയർത്തി കോതമംഗലത്ത് നടന്ന ബഹുജന റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവി ശല്യം നിയന്ത്രിക്കുവാൻ ശാസ്ത്രീയമായ പരിഹാരങ്ങൾ ഉണ്ടാവണം. വിദേശ നാടുകളിൽ ഉൾപ്പെടെ പരീക്ഷിച്ച് വിജയിച്ച ശാസ്ത്രീയ എണ്ണ നിയന്ത്രണം നമ്മുടെ നാട്ടിലും പ്രായോഗികമാണ്. വംശനാശ ഭീഷണി നേരിടാത്ത ആന ഉൾപ്പെടെയുള്ള ജീവികളെ നിശ്ചിതകാലത്ത് എണ്ണം നിയന്ത്രിക്കാനുള്ള നടപടികൾ ഉണ്ടാകണം. അതോടൊപ്പം വന്യജീവികൾ നാട്ടിൽ ഇറങ്ങാതിരിക്കാനുള്ള ട്രഞ്ച് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കണം. വന്യജീവി ആക്രമണം നേരിടുന്ന സ്ഥലങ്ങളിലെ ആളുകൾ വലിയ മാനസിക സമ്മർദ്ദങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കർഷകരെ സാമ്പത്തികമായും സാമൂഹികമായും പിന്നോട്ടടിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നു. ഉയർന്ന രക്തസമ്മർദ്ദവും ഹൈപ്പർ ടെൻഷനും പോലുള്ള രോഗങ്ങൾക്കും ഇത് കാരണമാകുന്നുണ്ട് എന്ന് തെളിയിക്കപ്പെട്ടതാണ്. കുട്ടികളിൽ വല്ലാത്ത ഭീതിയും അരക്ഷിതാവസ്ഥയും നിരാശയും ഉണ്ടായി അവരുടെ വ്യക്തിത്വ വികസനത്തെ പോലും
നിഷേധാത്മകമായി സ്വാധീനിക്കുന്ന അവസ്ഥ സംജാതമാകുന്നു എന്നും ബിഷപ്പ് പറഞ്ഞു. മോട്ടോർ വാഹന ആക്‌ട് പോലെ വന്യജീവി ഉപദ്രവം മൂലം നഷ്ടം അനുഭവിക്കുന്നവർക്ക് നീതി ലഭിക്കാനുള്ള സംവിധാനം വരണം. നഷ്ടത്തിന് ആനുപാതികമായ നഷ്ടപരിഹാരം ലഭ്യമാക്കണം. അതോടൊപ്പം വന്യജീവി ആക്രമണങ്ങളിൽ ചികിത്സയിലാകുന്നവരുടെ മുഴുവൻ ചെലവും സർക്കാർ ഏറ്റെടുക്കണം. മനുഷ്യൻ്റെ ജീവിക്കാനുള്ള അവകാശത്തിൽ കടന്നുകയറ്റം അനുവദിക്കാൻ പാടില്ല. വന്യജീവികളുടെ സ്വാഭാവിക സംരക്ഷകർ ആയ വനം വകുപ്പും സർക്കാരും വന്യജീവികളെ കാട്ടിൽ തന്നെ നിർത്താനുള്ള നടപടികൾ സ്വീകരിക്കണം. കർഷകരെ ഉപദ്രവിക്കാൻ വനംവകുപ്പ് അവർക്കെതിരെ ചമയ്ക്കുന്ന കേസുകളിൽ സാധാരണ കർഷകന് നിയമസഹായം ലഭ്യമാക്കാൻ രൂപത ലീഗൽ സെൽ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്ത്രീകൾ ഉൾപ്പെടെയുള്ള ആയിരങ്ങൾ റാലിയിൽ ആവേശപൂർവ്വം അണിനിരന്നു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി പതിനായിരത്തി ലധികം കർഷകർ പങ്കുചേർന്നു. രൂപത വികാരി ജനറൽ മോൺ. പയസ് മലേക്കണ്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്‌ത റാലിയിൽ ആക്രമണത്തിൽ പരിക്കേറ്റവരും വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവരും കൃഷിനാശം സംഭവിച്ചവരും മുൻനിരയിൽ രൂപത മെത്രാനോടൊപ്പം റാലി നയിച്ചു. സമാപന സമ്മേളനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ശ്രീ വിനോദ് കെ. ആർ, കെ.സി.വൈ.എം. മുൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ സണ്ണി കടുത്താഴെ. ഫാ. റോബിൻ പടിഞ്ഞാറേകുറ്റ്, ഫാ. തോമസ് പറയിടം. ശ്രീ ജോസുകുട്ടി ഒഴുകയിൽ, കിഫ എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീ സിജുമോൻ ഫ്രാൻസിസ്, രൂപത വികാരി ജനറൾ മോൺ. ഫ്രാൻസിസ് കീരംപാറ തുടങ്ങിയവർ പ്രസംഗിച്ചു. കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡൻ്റ് ശ്രീ ജോസ് പുതിയെടത്ത് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.



