കോതമംഗലം രൂപതയിലെ അതിപുരാതന തീർത്ഥാടന കേന്ദ്രമായ ആരക്കുഴ സെന്റ്. മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ഇടവകയോട് ചേർന്നുള്ള മലേക്കുരിശിലേക്ക് എല്ലാവർഷവും വലിയ നോമ്പിൽ നടത്തപ്പെടുന്ന രൂപതതല തീർത്ഥാടനം ഫെബ്രുവരി 16 ന് വിപുലമായി സംഘടിപ്പിക്കപ്പെട്ടു. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തികണ്ടത്തിൽ പിതാവിന്റെ നേതൃത്വത്തിൽ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി വൈദികരും സന്യസ്ഥരും അൽമായരും ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ കാൽനട തീർത്ഥാടനത്തിൽ പങ്കുചേർന്നു. ആരക്കുഴ മാളികപീടികയിൽ നിന്ന് ആരംഭിച്ച കാൽനട തീർത്ഥാടനം കുരിശുമലയിൽ അഭിവന്ദ്യ പിതാവിന്റെ മുഖ്യ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടെ സമാപിച്ചു. തീർത്ഥാടകരുടെ പ്രാർത്ഥനാനിർഭരമായ സജീവ പങ്കാളിത്തം കൊണ്ടും അരക്കുഴ ഇടവകാംഗങ്ങളുടെ സംഘടനമികവ് കൊണ്ടും രൂപതാതല മലേകുരിശ് തീർത്ഥാടനം ശ്രദ്ധേയമായി. രൂപതാ വികാരി ജനറാളൻമാരായ മോൺ. ഫ്രാൻസിസ് കീറമ്പാറ, മോൺ. പയസ് മലേകണ്ടത്തിൽ, അരക്കുഴ സെന്റ് മേരിസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി വികാരി ആർച്ച് പ്രീസ്റ് ജോൺ മുണ്ടയ്ക്കൽ എന്നിവർ തീർത്ഥാടനത്തിന് നേതൃത്വം നൽകി.






