അതിരമ്പുഴ: ദൈവദാസി മദർ ഷന്താളിൻ്റെ 52 ആം ചരമവാർഷികം സമുചിതമായി ആചരിച്ചു. വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനി സമൂഹത്തിന്റെ സഹസ്ഥാപകയായ മദർ ഷന്താളിന്റെ കബറിടം സ്ഥിതി ചെയ്യുന്ന അതിരമ്പുഴ ആരാധന മഠം ചാപ്പലിൽ രാവിലെ 10 മണിക്ക് നടന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കും തുടർന്ന് അതിരമ്പുഴ സെൻ മേരിസ് ഫൊറോന ദേവാലയത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയ്ക്കും കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. തന്റെ ബാല്യകാല ആധ്യാത്മികതയ്ക്ക് മാർഗ്ഗദർശനം നൽകിയ വ്യക്തി എന്ന നിലയിൽ ജീവിതത്തിൽ അലിഞ്ഞു ചേർന്ന് വ്യക്തിത്വമായ ഷന്താളമ്മ ലളിത ജീവിതത്തിനു ഉടമയായിരുന്നു എന്നും പുണ്യപൂർണ്ണത പ്രാപിക്കാനുള്ള ഭഗീരത പ്രയത്നമായിരുന്നു അമ്മയുടെ ജീവിതം എന്നും അഭിവന്ദ്യ പിതാവ് പ്രസംഗ മധ്യേ അനുസ്മരിച്ചു. വിശുദ്ധിയുടെ ആദ്യപാഠങ്ങൾ ആരാധനാ സന്യാസിനിയെ സമൂഹത്തെയും ക്രൈസ്തവ സഭയെയും പഠിപ്പിച്ച ദൈവദാസി ഷന്താളമ്മയോട് എന്നും നന്ദിയുള്ളവരായിരിക്കണം എന്ന് മാർ ആലഞ്ചേരി വിശ്വാസി സമൂഹത്തെ ഓർമിപ്പിച്ചു.

തിരുകർമ്മങ്ങൾക്ക് ശേഷം നടന്ന ശ്രാദ്ധവിരുന്നിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. മദർ ഷന്താളിൻ്റെ നാമകരണ നടപടികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന റവ. ഡോ. ജോസഫ് കൊല്ലാറ, റവ. ഡോ. തോമസ് കുഴുപ്പിൽ , റവ. ഫാ. തോമസ് പ്ലാപ്പറമ്പിൽ, റവ. ഡോ. ടോം പുത്തൻ കളം, ഷന്താളമ്മയുടെ കുടുംബാംഗമായ റവ. ഫാ. ജോർജ് വല്ലയിൽ എന്നിവർ വിശുദ്ധ കുർബാനയിൽ സഹകാർമികരായിരുന്നു.


