കാക്കനാട്: സീറോമലബാർസഭ വൊക്കേഷൻ പ്രമോട്ടേഴ്സ് വാർഷിക സമ്മേളനം 25-04-2024-ന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച് നടത്തി. സീറോമലബാർസഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യുകയും വൊക്കേഷൻ കമ്മീഷൻ ചെയർമാൻ മാർ ലോറൻസ് മുക്കുഴി അധ്യക്ഷ പദവി അലങ്കരിക്കുകയും വൊക്കേഷൻ കമ്മീഷൻ എപ്പിസ്കോപ്പൽ അംഗമായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ആശംസകൾ അർപ്പിക്കുകയും ചെയ്തു. ദൈവമാണ് “ദൈവവിളി’ എന്ന മഹോന്നത ദാനം നൽകുന്നതെന്നും വൊക്കേഷൻ പ്രമോട്ടേഴ്സ് അതിന് വെള്ളം ഒഴിച്ച് വളമിട്ട് വളരാൻ സഹായിക്കുന്നവരാണെന്നും മേജർ ആർച്ച്ബിഷപ്പ് തന്റെ പ്രഭാഷണത്തിലൂടെ പറഞ്ഞു. കുടുംബ പ്രേക്ഷിതത്വത്തിൽ വൈദികരുടേയും സിസ്റ്റേഴ്സിന്റെയും പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നും അത് ദൈവവിളി കുടുംബങ്ങളിൽ മുളപൊട്ടുവാൻ ഇടയാകുമെന്നും പിതാവ് ഓർമ്മപ്പെടുത്തി. ദൈവവിളി പ്രോത്സാഹനം ഓരോ സമർപ്പിതരുടേയും കടമയാണെന്നും പ്രാർത്ഥനയാണ് ദൈവവിളി ഉണ്ടാകുവാൻ ഏറ്റവും ആവശ്യമായ ഘടകം എന്നും കമ്മീഷൻ ചെയർമാൻ മാർ ലോറൻസ് മുക്കുഴി തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
വിവിധ രൂപതകളിൽ നിന്നും സന്ന്യാസ ഭവനങ്ങളിൽ നിന്നുമായി 145 പേർ ഈ സമ്മേളനത്തിൽ പങ്കെടുത്തു. മാർ പീറ്റർ കൊച്ചുപുരയ്ക്കലും എഫ്. സി. സി. ജനറൽ കൗൺസിലറായ സി. ഡോ. ജോസിയയും ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഫാ. ജോസ്മോൻ പെരുവാച്ചിറയുടെ പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിംഗിന് വൊക്കേഷൻ കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത് സ്വാഗതം ആശംസിക്കുകയും സി. ജിൻസി ചാക്കോ എം.എസ്.എം.ഐ. നന്ദി പറയുകയും ചെയ്തു.



