റാണി മരിയ: ക്രിസ്തു മുഖം പ്രകാശിപ്പിച്ചവൾ

Published on

Sr.Litty FCC
Superior General

മരണത്തിനു പോലും തോൽപ്പിക്കാനാവാത്ത ദൈവസ്നേഹത്തിന്റെ നെയ്ത്തിരിയാണ് ഭാരതസഭയ്ക്ക് അതിലുപരി ആഗോള കത്തോലിക്കസഭയ്ക്ക് വാ. റാണി മരിയ പകർന്നേകിയത്. 1995 ഫെബ്രുവരി 25 ശനിയാഴ്ച 54 മുറിവുകളോടെ റാണി മരിയ രക്തസാക്ഷിയായപ്പോൾ ഭാരതമണ്ണിന് ഒരു യഥാർത്ഥ ക്രിസ്തുശിഷ്യയുടെ ചുടുനിണം നുകരാനുള്ള ഭാഗ്യം ലഭിച്ചു. അവൾ യഥാർത്ഥത്തിൽ ഒരു “റാണി’ തന്നെയായിരുന്നു- ക്രിസ്തുവിന്റെയും പാവപ്പെട്ടവരുടെയും ഇന്ന് ലോകം മുഴുവന്റെയും. ബന്ധിതരെ മോചിക്കാനും ദരിദ്രരോട് സുവിശേഷം പ്രഘോഷിക്കാനുമായി വന്ന ദിവ്യരക്ഷകനായ ഇൗശോയുടെ ദൗത്യം തന്റെ ജീവിതനിയോഗമായി റാണി മരിയ തിരിച്ചറിഞ്ഞ നിമിഷം മുതൽ തന്റെ ഉൾവിളിയോട് പരിപൂർണ വിശ്വസ്തത പുലർത്താൻ അവൾ ബദ്ധശ്രദ്ധയായിരുന്നു. “ശരീരത്തെ കൊല്ലുന്നതിൽ കവിഞ്ഞ് ഒന്നും ചെയ്യാൻ കഴിവില്ലാത്തവരെ നിങ്ങൾ ഭയപ്പെടേണ്ട” എന്ന തിരുവചനം ആത്മജ്വലനത്തിൽനിന്ന് അവൾ സ്വന്തമാക്കിയിരുന്നു. ഉത്തരേന്ത്യയിലെ പാവപ്പെട്ട ഉൾഗ്രാമങ്ങളിലേക്ക് കടന്നുചെന്നുകൊണ്ട്, ശബ്ദമില്ലാത്തവർക്ക് ശബ്ദമായി, മുഖമില്ലാത്തവർക്ക് മുഖമായി, അക്ഷരജ്ഞാനമില്ലാത്തവർക്ക് അറിവിന്റെ വെളിച്ചമായി, വിവിധതരം അടിമത്തം അനുഭവിച്ചവരെ സ്വാതന്ത്ര്യത്തിലേക്കും സ്വയം പര്യാപ്തതയിലേക്കും കൈപിടിച്ചുനടത്തിക്കൊണ്ട് ദിവസത്തിന്റെ പ്രഭാതം മുതൽ സായാഹ്നം വരെ പാവങ്ങളോടൊത്തായിരുന്ന് അവരുടെ ഇല്ലായ്മകളും വല്ലായ്മകളും അവകാശ ധ്വംസനങ്ങളും തന്റെ സ്വന്തമായിക്കണ്ട് ക്രിസ്തുവിന്റെ പകരക്കാരിയായി റാണി മരിയ തന്റെ ജീവിതവീഥികളിൽ നിലകൊണ്ടു. റാണി മരിയായെക്കുറിച്ച് അഭിവന്ദ്യ ആന്റണി പടിയറ പിതാവ് പറഞ്ഞത് എത്രയോ വാസ്തവം: “റാണി മരിയ തിരുസഭാമാതാവിന് അമൂല്യമായൊരു നേട്ടമാണ്, ഭാരതസഭയ്ക്ക് അഭിമാനമാണ്. ആത്മീയസമ്പത്താണ്’. ജാതിമതവർഗ്ഗവ്യത്യാസങ്ങളുടെ പേരിൽ ക്രമസമാധാനം നഷ്ടപ്പെട്ട ഇന്ത്യയെ സമുദ്ധരിക്കാൻ ആഗ്രഹിക്കുന്ന സത്യാന്വേഷകർക്ക്, സാമൂഹ്യപ്രവർത്തകർക്ക്, ദേശസ്നേഹികൾക്ക് റാണി മരിയ ന്നും ഒരു പ്രചോദനമാണ്.

“സ്നേഹിതനുവേണ്ടി ജിവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല” (യോഹ 15:13) എന്ന തിരുവചനം ജീവിതനിയമമാക്കി, താൻ നെഞ്ചോട് ചേർത്തുപിടിച്ച പാവങ്ങൾക്കായി നിലകൊണ്ടപ്പോൾ അവൾക്ക് പ്രതിഫലമായി ലഭിച്ചത് 54 കുത്തുകളായിരുന്നു. അങ്ങനെ അവൾ പിടഞ്ഞുമരിക്കുമ്പോൾ അധരത്തിൽനിന്നു ഉതിർന്നുവീണത് അവളുടെ ജീവിതത്തിന്റെ ശക്തിസ്രോതസ്സായ “യേശു’ എന്ന നാമമായിരുന്നു. തന്റെ ജീവിതം എന്തിനുവേണ്ടി, ആർക്കുവേണ്ടി, എങ്ങനെയാകണം എന്ന് ബോധ്യമുള്ളതിനാൽ റാണി മരിയ നടത്തിയ ബോധപൂർവ്വമായ തെരെഞ്ഞെടുപ്പ് തന്നെയായിരുന്നു അവളുടെ മരണം.

തോളിൽ തുണിസഞ്ചിയും, കാലിൽ റബർചെരുപ്പും, അധരത്തിൽ പുഞ്ചിരിയും, ഹൃദയത്തിൽ ഫ്രാൻസിസ്ക്കൻ മിഷൻ തീക്ഷ്ണതയുമായി വില്ലേജുകളിലൂടെ ഓടിനടന്ന റാണി മരിയ വി. ഫ്രാൻസിസിന്റെ യഥാർത്ഥ അനുയായിയും, ഫ്രാൻസിസ്ക്കൻ ക്ലാരസഭാചൈതന്യം മങ്ങലേൽക്കാതെ ജീവിച്ചവളുമായിരുന്നു. പാവങ്ങൾക്കുവേണ്ടി ഒാഫീസുകളും ബാങ്കുകളും കയറിയിറങ്ങിയപ്പോൾ പകച്ചുപോകുന്ന ചോദ്യങ്ങൾക്കുമുമ്പിൽ അവൾ തേടിയത് സ്വർഗത്തിന്റെ ഉത്തരങ്ങളായിരുന്നു. ഭാരതത്തിന്റെ സുസ്ഥിരമായ വികസനം എന്നത് മുതലാളി വർഗത്തിന്റെ ഖജനാവ് നിറയുന്നതല്ല എന്ന് തിരിച്ചറിഞ്ഞ റാണി, പാവങ്ങളുടെ സമുദ്ധാരണത്തിനായി ചെറുകിട നിക്ഷേപപദ്ധതികളും ക്ഷേമപദ്ധതികളും ആരംഭിച്ചിരുന്നു. അതെ! റാണി മരിയയുടെ ദൃഷ്ടി പതിഞ്ഞത് ഒരു ഗ്രാമത്തിന്റെ ഉന്നമനത്തിലല്ലായിരുന്നു, ക്രമസമാധനമുള്ള ഇന്ത്യയിലായിരുന്നു. പുല്ലുവഴിയുടെ മനോഹാരിതയിൽനിന്ന് ഉത്തരേന്ത്യയിലെ കല്ലുകളിലേയ്ക്കും മുള്ളുകളിലേയ്ക്കും റാണി മരിയ ഊന്നിയ പാദങ്ങൾ ഉറച്ചതായിരുന്നു. ലോകത്തിന്റെ പ്രശസ്തിയോ കൈയടിടോ വേണ്ടെന്നുവച്ച്, ആയിത്തീരാവുന്ന തന്റെ ജീവിതസാധ്യതകളെ ഉഛിഷ്ടംപോലെ പരിഗണിച്ച്, നേടിയെടുക്കുന്നതിലല്ല, നഷ്ടപ്പെടുത്തുന്നതിലും പങ്കുവെയ്ക്കുന്നതിലുമാണ് ജീവിതസൗഭാഗ്യമെന്ന് വിളിച്ചോതുകയായിരുന്നു റാണി മരിയ തന്റെ ജീവിതത്തിലൂടെ.

എല്ലാ പക്ഷികളും മഴ വരുമ്പോൾ കൂട്ടിൽ അഭയം തേടുന്നു. എന്നാൽ, പരുന്ത് മഴയെ അതിജീവിക്കാൻ മേഘങ്ങൾക്ക് മുകളിലൂടെ പറക്കുന്നു. അതെ! പരുന്തിനെപ്പോലെ തന്റെ മേൽ പെയ്തിറങ്ങുന്ന മഴയെ അതിജീവിക്കാൻ റാണി മരിയ ഉയർന്നു പറന്നു. അതായിരുന്നു അവളുടെ ആദ്ധ്യാത്മികത. പ്രഭാതത്തിൽ നാലുമണിക്കെഴുന്നേറ്റ് ദിവ്യകാരുണ്യനാഥന്റെ മുമ്പിലുള്ള ആത്മസമർപ്പണം അവളുടെ ജീവിതത്തിന്റെ ശക്തികേന്ദ്രമായിരുന്നു. ആരോരുമില്ലാത്തവർക്ക് എല്ലാമായിത്തീർന്ന്, സ്നേഹത്തിന്റെ വീരഗാഥ രചിച്ച റാണി മരിയയുടെ മരണശേഷം ലോകം കണ്ടത് അവിസ്മരണീയമായ അധ്യായങ്ങളായിരുന്നു. അരുമമകളെ കൊലപ്പെടുത്തിയ കരങ്ങൾക്ക് മാതൃഹൃദയത്തിന്റെ ക്ഷമാപൂർവ്വമായ സ്നേഹചുംബനം, സ്വസഹോദരിയുടെ രക്തം പുരണ്ട കൈകളിൽ സാഹോദര്യത്തിന്റെ രക്ഷാബന്ധം, അവളുടെ രക്തം തളംകെട്ടിനിന്ന മണ്ണിൽ അത്ഭുതങ്ങളുടെയും സൗഖ്യത്തിന്റെയും പെരുമഴ, പ്രതിസന്ധികൾ നിറഞ്ഞുനിൽക്കുന്നയിടങ്ങളിലേയ്ക്ക് ക്രിസ്തുസ്നേഹത്തിന്റെ നെരിപ്പോടുമായി മിഷനറിമാരുടെ ജൈത്രയാത്ര, ആ ത്യാഗജീവിതത്തിന് സ്വർഗ്ഗത്തിന്റെ കൈയൊപ്പുപോലെ 2017 നവംബർ 4 ന് വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം.

ഇനി ലോകത്തിനുവേണ്ടത് സ്നേഹത്തിന്റെ നിത്യമുദ്ര ഹൃദയത്തിൽ പതിപ്പിച്ച, “നീ’ എന്നും “ഞാൻ’ എന്നും ഭേദമില്ലാതെ പരസ്പരം സ്നേഹിക്കാനും, കരുതാനും, ക്ഷമിക്കാനും പ്രചോദിപ്പിക്കപ്പെട്ട ജീവിതങ്ങളെയാണ്. നമ്മുടെ ചുറ്റിലുമുള്ള മുറിവേറ്റവരെ സ്നേഹം കൊണ്ട് പരിചരിക്കാൻ, ദ്രോഹിക്കുന്നവരെ കരുണയോടെ ചേർത്തുപിടിക്കാൻ, ആരോരുമില്ലാത്തവർക്ക് താങ്ങായി തണലായി നിൽക്കാൻ, ഈ കാലഘട്ടത്തിൽ ക്രിസ്തുവിന്റെ പകരക്കാരാകാൻ സ്നേഹത്തിന്റെ പ്രവാചകയായ വാ. റാണി മരിയ നമ്മെ പ്രചോദിപ്പിക്കട്ടെ.

Latest News

“ഫെയ്സ് ഓഫ് ദ ഫേസ്‌ലെസ് ‘ ന് വാ. റാണി മരിയായുടെ മാതൃഭവനത്തിൽ ആദരം

ആലുവ: ഭാരതത്തിന്റെ പ്രഥമ വനിതാ രക്തസാക്ഷി വാ. റാണി മരിയായുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമിച്ച 'Face of the Faceless' എന്ന ചലച്ചിത്രത്തിന്റെ പ്രവർത്തകരെയും അഭിനേതാക്കളെയും...