ഇറ്റാവാ മിഷന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് സമാരംഭം കുറിച്ചു

Published on

ഇറ്റാവ: ചങ്ങനാശ്ശേരി അതിരൂപതയുടെ ഉത്തരേന്ത്യൻ മിഷനായി ആരംഭിച്ച് ഇന്ന് ഉത്തരേന്ത്യയിൽ സീറോമലബാർ സഭയുടെയും ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ മുഴുവനും അഭിമാനമായി നിലകൊള്ളുന്ന ഇറ്റാവാ മിഷൻ സുവർണ ജൂബിലി ശോഭയിൽ. ജൂബിലി ആഘോഷങ്ങൾക്ക് 2024 ഏപ്രിൽ 28 ഞായറാഴ്ച ഔറയ്യ സെന്റ് ഫ്രാൻസിസ് ദേവാലയാങ്കണത്തിൽ വച്ച് തുടക്കം കുറിച്ചു. അന്നെ ദിവസം രാവിലെ സീറോ മലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിച്ച വിശുദ്ധ കുർബാന അർപ്പണത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. പരിശുദ്ധ കുർബാനയ്ക്കു മുമ്പ് ഔറയ്യ സെന്റ് ഫ്രാൻസിസ് ഇടവക വികാരി റവ. ഫാ. ആന്റോ കുട്ടിച്ചിറ എല്ലാവരെയും സ്വാഗതം ചെയ്തു.

ഉച്ചകഴിഞ്ഞ് ആർച്ചു ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പൊതുസമ്മേളനത്തിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പിതാവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സീറോ മലബാർ മേജർ ആർച്ചു ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു ഇറ്റാവ മിഷൻ്റെ ചരിത്രം മറക്കാതിരിക്കാം, ഒരുപാട് ചരിത്ര പ്രധാന്യത്തോടെ കാണേണ്ട ഒരു മിഷൻനാണ് ഇറ്റാവ മിഷൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറ്റാവ മിഷന് ആദ്യ നാളുകളിൽ ഉണ്ടായിരുന്ന കഷ്ടപ്പാടുകളെയും ഈ മിഷനെ വളർത്താൻ പരിശ്രമിച്ച സ്ഥാപക പിതാക്കന്മാരെയും മാർ ജോസഫ് പെരുന്തോട്ടം അനുസ്മരിച്ചു. സമ്മേളനത്തിൽ ആഗ്ര അതിരൂപതയുടെ ആർച്ചു ബിഷപ്പ് എമരിറ്റസ് അഭിവന്ദ്യ ആൽബർട്ട് ഡിസൂസ പിതാവ് ആശംസകളർപ്പിച്ചു സംസാരിച്ചു. 1974 ൽ കൊൽക്കത്തയിൽ നടന്ന സിബിസിഐ സമ്മേളനത്തിലെ ചർച്ചകളുടെ വെളിച്ചത്തിൽ അന്നത്തെ ആഗ്ര അതിരൂപതാധ്യക്ഷനായിരുന്ന അഭിവന്ദ്യ ഡൊമിനിക് അത്തെയ്ഡ് പിതാവ് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷനായിരുന്ന മാർ ആന്റണി പടിയറ പിതാവിന് മിഷൻ പ്രവർത്തനങ്ങൾക്കായി നൽകിയ ക്ഷണമാണ് ഇറ്റാവാ മിഷന്റെ തുടക്കത്തിന് കാരണമായത്.

ഇറ്റാവാ മിഷൻ ആഗ്ര അതിരൂപതയും ചങ്ങനാശേരി അതിരൂപതയും തമ്മിലുള്ള അജപാലന സഹകരണത്തിൻ്റെ ഫലമാണ് . ഇത് യഥാർത്ഥ സഭാദർശനത്തിൻ്റെ ഫലവും രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ കമ്മ്യൂണിയൻ സഭാശാസ്ത്രത്തിൻ്റെ സാക്ഷ്യവുംമായി നിലകൊള്ളുന്നു . കത്തോലിക്കാ കൂട്ടായ്മയിലെ രണ്ട് സഭകളിൽ പെട്ട ആഗ്രയുടെയും ചങ്ങനാശേരിയുടെയും അജപാലന സഹകരണം അജപാലന ശുശ്രൂഷയ്ക്കും മിഷൻ സഹകരണത്തിനും ഇന്നും മാതൃകയാണ്.ചങ്ങനാശേരിയിൽ നിന്നുള്ള ആദ്യത്തെ രണ്ട് മിഷനറിമാർ 1975 മെയ് 1-ന് ആഗ്രയിലെത്തി. അന്നത്തെ ആഗ്ര, ചങ്ങനാശേരി ആർച്ചു ബിഷപ്പുമാർ അജപാലന, മിഷനറി സഹകരണത്തിൻ്റെ ഔദ്യോഗിക രേഖ ഒപ്പിട്ടു.
ഇന്നും ഇരു സഭകളും തമ്മിലെടുത്ത തീരുമാനം ശരിയായിരുന്നു എന്ന് ഈ മിഷൻ്റെ വളർച്ച വ്യക്തമാക്കി തരുന്നു. ഇറ്റാവ- രാജസ്ഥാൻ റീജണിന്റെ പ്രത്യേക ചുമതലയുള്ള ഷംഷാബാദ് രൂപതയുടെ സഹായ മെത്രാൻ മാർ തോമസ് പാടിയത്ത് പിതാവ് ഏവർക്കും സ്വാഗതം അർപ്പിച്ചു സംസാരിച്ചു. റീജിയണൽ പാസ്റ്റർ കൗൺസിൽ ജോയിൻ സെക്രട്ടറി ജേക്കബ് ചാക്കോ സമ്മേളനത്തിന് ആശംസകൾ അറിയിച്ചു സംസാരിച്ചു. സമ്മേളനത്തിൽ വിവാഹ ജീവിതത്തിന്റെയും വൈദിക സന്യാസ ജീവിതത്തിന്റെയും ജൂബിലി ആഘോഷിക്കുന്നവരെ ആദരിക്കുകയും മിഷനിൽ ആസൂത്രണം ചെയ്ത വിവിധ പരിപാടികളിൽ സമ്മാനർഹരായവരെ അനുമോദിക്കുകയും ചെയ്തു. ഇറ്റാവാമിഷനിൽ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്നതും മിഷന്റെ അഭ്യുദയകാംക്ഷികളുമായ വൈദികർ, സന്യസ്തർ, അല്മായർ, പ്രത്യേക ക്ഷണിതാക്കൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. സിറോ മലബാർ സഭയുടെ പിതാവും തലവനുമായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി ഇറ്റാവാ മിഷൻ സന്ദർശിക്കുന്ന അഭിവന്ദ്യ തട്ടിൽ പിതാവിന് ഈ സമ്മേളനത്തിൽ ഔദ്യോഗികമായി സ്വീകരണം നൽകുകയും ആശംസകൾ അർപ്പിക്കുകയും ചെയ്യ്തു.

ഇറ്റാവാ – രാജസ്ഥാൻ റീജിയന്റെ സുപ്പീരിയർ ഫാ. തോമസ് എഴിക്കാടിന്റെ നേതൃത്വത്തിൽ ആത്മീയവും അജപാലനപരവും സാമൂഹ്യ ക്ഷേമകരവുമായ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. സമ്മേളനത്തിന് സിനോജ് ജോൺ നന്ദി അർപ്പിക്കുകയും സീറോമലബാർ ആന്തത്തോടുകൂടി സമ്മേളനം സമാപിക്കുകയും ചെയ്തു.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...