സഭയെ വളര്‍ത്താന്‍ ഒരേ മനസ്സോടെ മുന്നോട്ടുനീങ്ങാം:  മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്

Published on

ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സ തീര്‍ത്ഥാടനകേന്ദ്രത്തില്‍ അര്‍പ്പിച്ച ദിവ്യബലിക്കിടയില്‍ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് നൽകിയ വചനസന്ദേശത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍.

സീറോമലബാര്‍സഭയുടെ പുളിപ്പ് നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ എന്നും പാലാ രൂപത ബദ്ധശ്രദ്ധയായിരുന്നു.  കര്‍ത്താവ് അത്ഭുതം ചെയ്ത ശേഷം കാനായിലെ കല്യാണ വിരുന്നില്‍വീഞ്ഞ് രൂചിച്ചുനോക്കിയ കലവറ പ്രമാണി ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ഈ മേല്‍ത്തരം വീഞ്ഞ് എവിടെ നിന്ന്? സീറോ മലബാര്‍ സഭയുടെ മേല്‍ത്തരം വീഞ്ഞ് സൂക്ഷിക്കുന്ന ഭരണി പാലാരൂപതയിലെ ഭരണങ്ങാനവും  രാമപുരവും കുറവിലങ്ങാടും ഒക്കെയാണ്. യാതൊരു ഔപചാരികതയും കൂടാതെ അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാന്‍ ഒരു തീര്‍ത്ഥാടകനെപോലെയാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്.

വിശുദ്ധ അല്‍ഫോന്‍സാമ്മ സഹനങ്ങളെ തടയണ കെട്ടി സ്‌നേഹമാക്കി മാറ്റിയ വിശുദ്ധയാണ്. സഹനങ്ങളെ സന്തോഷത്തോടുകൂടി സ്വീകരിച്ച് അതില്‍ നിന്ന്, സ്‌നേഹത്തിന്റെ ഊര്‍ജ്ജം സമാഹരിച്ച്, അതുപയോഗിച്ച് പ്രേഷിതപ്രവര്‍ത്തനം നടത്തിയ കേരളത്തിന്റെ  കൊച്ചുത്രേസ്യയാണ് അല്‍ഫോന്‍സാമ്മ.  ഈ മണ്ണില്‍ നിന്ന് തന്നെയാണ് ചെറുപുഷ്പമിഷന്‍ലീഗും എംഎസ് ടി സന്യാസസമൂഹവുമൊക്കെ ഉണ്ടായത്. അത്  ഈ മണ്ണിന്റെ പ്രേഷിതോന്മുഖതയുടെ അടയാളമായിട്ടാണ് ഞാനെന്നും കാണുന്നത്.

 ചെറുപുഷ്പമിഷന്‍ ലീഗിലൂടെ സീറോ മലബാര്‍ സഭ സ്വരൂപിച്ചെടുത്ത പ്രേഷിതചൈതന്യം എത്രയോ ചക്രവാളങ്ങള്‍ക്ക് അതീതമാണെന്ന് ഭാരതത്തിലെ മിഷന്‍പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ മനസ്സിലാവും. മിക്കവാറും എല്ലാ  ലത്തീന്‍ രൂപതകളിലും സന്യാസസമൂഹങ്ങളിലും ജോലി ചെയ്യുന്ന മിഷനറിമാരില്‍ വലിയൊരു പങ്ക് ചെറുപുഷ്മിഷന്‍ലീഗിലൂടെ വളര്‍ന്നവരും ദൈവവിളി കണ്ടെത്തിയവരുമാണ്. ചെറുപുഷ്പ മിഷൻലീഗ് സീറോ മലബാര്‍ സഭയെ സംബന്ധിച്ചിടത്തോളം സീറോ മലബാര്‍ സഭയെ മിഷന്‍ പ്രവര്‍ത്തനത്തിലേക്ക് ആഞ്ഞുതള്ളിവിട്ട ഒരു സമ്മര്‍ദ്ദശക്തിയാണ്.

 ചെറുപുഷ്പമിഷന്‍ ലീഗിനെ പാലാ രൂപതയ്ക്കും സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലും ഭാരതത്തിലെ മിഷന്‍ രൂപതകളുടെ ചരിത്രത്തിലുമുള്ള സ്ഥാനം ഉദയനക്ഷത്രത്തിനുള്ള സ്ഥാനമാണ്.  സീറോ മലബാര്‍ സഭ കടന്നുപോകുന്ന ഒരുപാട് പ്രശ്‌നങ്ങളില്‍ ഈ കാറ്റിനെയും കോളിനെയും ശമിപ്പിക്കാന്‍ മനുഷ്യന്റെ ശക്തിക്ക് കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. മനുഷ്യര്‍ക്ക് സാധിക്കാത്തത് ദൈവത്തിന് സാധിക്കുമെന്ന് ഈ ലോകത്തോട് വിളിച്ചു പറഞ്ഞ പുണ്യവതിയാണ് അല്‍ഫോന്‍സാമ്മ.

 അതുകൊണ്ട് ഈ കബറിടത്തില്‍ ഞാന്‍ കമിഴ്ന്ന് വീഴുന്നതും ഈ അള്‍ത്താരയില്‍ ബലിയര്‍പ്പിക്കുന്നതും എന്റെ വ്യക്തിപരമായ നിയോഗങ്ങള്‍ക്കല്ല, സീറോ മലബാര്‍ സഭയുടെ ആവശ്യങ്ങള്‍ക്കും സീറോ മലബാര്‍സഭയുടെ വളര്‍ച്ചയ്ക്കും വേണ്ടിയാണ്. 

അല്‍ഫോന്‍സാമ്മ നമ്മെ പഠിപ്പിക്കുന്ന ഒന്നാമത്തെ പാഠം കണ്ണുനീരിനെ സ്‌നേഹം കൊണ്ട് തടയണ കെട്ടിയാല്‍ അതില്‍ നിന്നുണ്ടാകുന്ന സാമ്രാജ്യമാണ് സഭയുടെ  മിഷന്‍പ്രവര്‍ത്തനം എന്നതാണ്. ചിലപ്പൊഴൊക്കെ നമ്മുടെ മിഷന്‍പ്രവര്‍ത്തനത്തിന് ശക്തി കുറയുമ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട് നമ്മുടെ സഹനങ്ങള്‍ കുറഞ്ഞതാണ്, നമ്മുടെ ജീവിതം അഭിവൃദ്ധിപ്പെട്ടതാണ് കാരണമെന്ന്. നമുക്ക ജീവിക്കാന്‍ ദൈവം ഇല്ലെങ്കിലും കഴിയുമെന്ന അഹങ്കാരം വര്‍ദ്ധിച്ചതാണോയെന്ന് എനിക്ക് തോന്നാറുണ്ട്. 

മുതുകുതല്ലിയും പണിയെടുത്ത് കപ്പയിട്ടും റബര്‍ വെട്ടിയും കഷ്ടപ്പെട്ട ഒരു തലമുറയുടെ മക്കളാണ് നിങ്ങള്‍.  ആ തലമുറ നമുക്ക് സമ്മാനിച്ചത് ക്യാഷും കറന്‍സിയുമൊന്നുമല്ല. ദൈവത്തില്‍ ആശ്രയിച്ചാല്‍ നടക്കാത്തതൊന്നും ഈ ലോകത്തില്‍ ഇല്ല എന്നാണ്. 

പാലാ രൂപതയില്‍ നിന്ന് തിരുവിതാംകൂറിന്റെ മക്കള്‍ മലബാറിലേക്ക് കുടിയേറിയതു കൊണ്ടാണ് ഇന്ന് താമരശ്ശേരി രൂപതയും തലശ്ശേരി രൂപതയും ഭദ്രാവതി രൂപതയും മാണ്ഡ്യരൂപതയും ഒക്കെ വന്നത്. തിരുവിതാംകൂറിന്റെ മക്കള്‍ ഇടുക്കി  മലകള്‍ കീഴടക്കിയതാണ് ഇന്നത്തെ ഇടുക്കിരൂപത. തിരുവിതാംകൂറിന്റെ മണ്ണിനോടുള്ള പ്രേമവും അദ്ധ്വാനത്തോടുള്ള നൈസര്‍ഗ്ഗികമായ രക്തബന്ധവും ഈ നാടിനെ ഉഴുതുമറിച്ചിട്ടുണ്ട്.  ഇന്ന് ഈ നാട് ഭക്ഷണം കഴിച്ച്, ആരുടെ മുമ്പിലും കൈനീട്ടാതെ ജീവിക്കാന്‍ ഈ നാടിനെ പ്രാപ്തമാക്കിയ, കേരളത്തിന്റെ ഊട്ടുപുരയുടെ സ്ഥാനമാണ് തിരുവിതാംകൂറിലെ കര്‍ഷകര്‍ക്കുള്ളത്. 

അല്‍ഫോന്‍സാമ്മ അതുകൊണ്ടായിരിക്കണം ഈ മണ്ണിന്റെ ഗുണവും മണവും കാണിച്ചത്. അല്‍ഫോന്‍സാമ്മയ്ക്ക് രോഗമായിരുന്നു. അല്‍ഫോന്‍സാമ്മ ക്ലാരമഠത്തില്‍ നിസ്സഹായാവസ്ഥയിലായിരുന്നു. അല്‍ഫോന്‍സാമ്മയ്ക്ക് മണ്ണ് ഉഴുതുമറിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിത്തുവിതച്ച് കള പറിക്കാനോ റബര്‍വെട്ടാനോ കഴിഞ്ഞില്ലെങ്കിലും തന്റെ സഹനങ്ങള്‍ വളക്കൂറുള്ള മണ്ണായി കാണാന്‍ ഈ നാട് പഠിപ്പിച്ചു. ഈ നാട് നല്കിയ വലിയൊരു പ്രചോദനമുണ്ട്. സഹനങ്ങളെ തന്റെ ജീവിതത്തിന്റെ വലിയ വിവാഹസ്വത്തായി സ്വീകരിച്ചതുകൊണ്ടാണ് അല്‍ഫോന്‍സാമ്മ വിശുദ്ധയായത്. 

സഹനങ്ങളെ ഇത്രയേറെ സര്‍ഗ്ഗാത്മകമായി സ്വീകരിച്ച മറ്റാരാണ് നമ്മുടെയിടയിലുള്ളത്. ? സഹനങ്ങള്‍ക്ക്, കണ്ണീരിന് ഒരു മറുപടിയുണ്ടെന്ന്, അര്‍ത്ഥമുണ്ടെന്ന് അതാണ് ദൈവരാജ്യത്തിന്റെ അവസാനിക്കാത്ത നീര്‍ച്ചാലെന്ന് അല്‍ഫോന്‍സാമ്മ പഠിപ്പിച്ചു. 

കര്‍ത്താവ് സമരിയാക്കാരി സ്ത്രീയോട് പറഞ്ഞില്ലേ ഈ വെള്ളം കുടിച്ചാല്‍ നിനക്ക് പിന്നെയും ദാഹിക്കും.എന്നാല്‍ നിനക്ക് ഞാന്‍ തരുന്ന വെള്ളം നീ കുടിച്ചാല്‍ പിന്നെയൊരിക്കലും നിനക്ക് ദാഹിക്കില്ല. ദൈവരാജ്യത്തിന്റെ വറ്റാത്ത കിണറില്‍ നിന്ന്, ഒരിക്കലും ദാഹിക്കാത്ത  ദൈവവചനത്തിന്റെ യും സ്വർഗ്ഗരാജ്യത്തിന്റെയും വെള്ളം രുചിച്ച് അതില്‍ വിശുദ്ധി കണ്ടെത്തിയ പുണ്യവതിയുടെ കബറിടത്തിലാണ് നമ്മള്‍ ഇപ്പോള്‍ നില്ക്കുന്നത്.

നമ്മുടെ പഴയ കാരണവന്മാര്‍ നാടുവിട്ട് കാടു തേടിപോയത് ഈ നാടിന്റെ വളര്‍ച്ചയുടെ വലിയ വിഹായസ തുറക്കാനും കണ്ടെത്താനും വേണ്ടിയാണ്. അതി്‌ന്റെ പിന്നില്‍ ഒരു പഴയനിയമ ജനതയുടെ തീര്‍ത്ഥാടന സ്വഭാവമുണ്ട്. 

സഭയെന്നും തീര്‍ത്ഥാടകയാണ്. ആ തീര്‍ഥാടകസ്വഭാവം പിന്നീട് പ്രകടിപ്പിച്ച മേഖലകളാണ് ചെറുപുഷ്പമിഷന്‍ലീഗും എംഎസ് ടിയുമൊക്കെ. ഇവിടെ നിന്നാല്‍പോരാ,  റബറുവെട്ടിയും കപ്പ പറിച്ചും കഴിഞ്ഞാല്‍ പോരാ ദൈവരാജ്യം നട്ട് ദൈവാത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്ക് കണ്ടെത്തണമെന്ന വലിയ കാഴ്ചപ്പാടാണ് അവരെ മിഷിണറിമാരാക്കിമാറ്റിയിരിക്കുന്നത്. മിഷന്‍ പ്രദേശങ്ങളില്‍ ചെന്ന് നോക്കൂ അവിടെയുള്ളവരില്‍ കൂടുതലും ഈ രൂപതക്കാരാണ്.  പത്തു മിഷനറിമാരെ എണ്ണിയാല്‍ അതില്‍ അഞ്ചും പാലാ രൂപതക്കാരാണ്. സന്യാസസമൂഹങ്ങളെ നോക്കിയാലും ഇത് ശരിയാണെന്ന്പറയാന്‍ കഴിയും.

ഒരുകാലഘട്ടത്തില്‍ ഇന്ത്യയിലെ 35 ല്‍ കൂടുതല്‍ മെത്രാന്മാര്‍ പാലാ രൂപതയില്‍ നിന്നുള്ളവരായിരുന്നു. പാലാ രൂപതയില്‍ നിന്നുള്ള മെത്രാന്മാരെ ഉഴുതുമറിച്ചതിന്റെ ഫലമാണ് നോര്‍ത്ത് ഈസ്്റ്റിലെ മിഷന്‍പ്രദേശങ്ങളും പ്രവര്‍ത്തനങ്ങളും. അതിന് ഊര്‍ജ്ജം കണ്ടെത്തിയത് അല്‍ഫോന്‍സാമ്മയുടെ കബറിടവും ചെറുപുഷ്പ മിഷന്‍ലീഗുമൊക്കെയാണെന്നത് ആര്‍ക്കും ഒളിച്ചുവയ്ക്കാനോ മറച്ചുവയ്ക്കാനോ കഴിയുന്നതല്ല. 

മിഷനറിപ്രവര്‍ത്തനങ്ങളുടെ മേഖലകളില്‍ പാലാരൂപതയുടെ സ്ഥാനം പീഠത്തില്‍ വച്ചവിളക്കിന്റെ സ്ഥാനമാണ്. അത് കുറയാന്‍പാടില്ല. അതുകൂടുതലാവുകയും വേണം.

2014 ല്‍ അപ്പസ്‌തോലിക് വിസിറ്റേറ്ററായി ഞാന്‍ നിയമിതനായപ്പോള്‍, കര്‍ദിനാള്‍ പെദ്രോ പരോലിന്‍ റോമില്‍ റിപ്പോര്‍ട്ട് കൊടുക്കാന്‍ പോയപ്പോള്‍ എന്റെ കരം പിടിച്ചിട്ട് പറഞ്ഞത്  നിങ്ങള്‍ രണ്ടുകാര്യങ്ങള്‍ മാത്രംപറഞ്ഞാല്‍ മതി Your Migrants are Missionaries. Your Missionaries are building the kingdom of God. 

സീറോ മലബാര്‍ സഭയുടെ വിഹായസിലേക്കുള്ള വളര്‍ച്ചയുടെ അടിസ്ഥാനം ഈ രണ്ടു സത്യങ്ങളാണ്. മണ്ണും റബറും വെട്ടാന്‍ വിട്ടവരല്ല തിരുവിതാംകൂറില പാലാക്കാര്‍. ദൈവരാജ്യം പടുത്തുയകര്‍ത്താന്‍ പോയവരാണ്. ദൈവരാജ്യംപടുത്തുയര്‍ത്താന്‍ പോയവരാണ് തിരുവിതാംകൂറുകാര്‍. ആ ദൈവരാജ്യം പടുത്തുയര്‍ത്തിയതിന്റെ ഫലമാണ് മലബാറിലെ ദൈവവിളികള്‍. അതുകൊണ്ട്  പാലാരൂപതയെക്കുറിച്ച് എന്റെ മനസ്സിലുള്ളകാഴ്ചപ്പാട് സീറോ മലബാര്‍ സഭയുടെ ദൈവവിളിയുടെ ഊര്‍ജ്ജസ്രോതസാണ് പാലാരൂപത എന്നാണ്.

കര്‍ത്താവിന്റെ ശിഷ്യന്മാര്‍ ഒരു രോഗിയെ സൗഖ്യപ്പെടുത്താന്‍ പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും വിജയിക്കുന്നില്ല.  പൊടിക്കൈകള്‍ നോക്കി പരാജയപ്പെട്ട സമയത്താണ് കര്‍ത്താവ് വരുന്നത്. കര്‍ത്താവിനോട് കുഞ്ഞിന്റെ അപ്പന്‍ കാര്യങ്ങളൊക്കെ പറഞ്ഞു. ശിഷ്യന്മാര്‍ നോക്കിയിട്ടൊന്നും സാത്താന്‍ ഒഴിഞ്ഞുപോകുന്നില്ല.

കര്‍ത്താവ് അവരെ ശാസിച്ചുകൊണ്ടുപറഞ്ഞു നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ പറ്റാത്തതിന്റെ കാരണം നിങ്ങളുടെ വിശ്വാസമില്ലായ്മയാണ്. നിങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നെങ്കില്‍ പിശാചിനെ പുറത്താക്കാന്‍ കഴിയുമായിരുന്നു.  കര്‍ത്താവ് പറഞ്ഞപ്പോള്‍ ആ കുഞ്ഞില്‍ നിന്ന് സാത്താന്‍ വിട്ടുപോയി. 

ഒരുപക്ഷേ ഈ പാഠം പഠിച്ചതുകൊണ്ടാവാം പിന്നീട് പത്രോസ് നടപടിപുസതകത്തില്‍ ഒരു വാക്ക് പറയുന്നുണ്ട് സ്വര്‍ണ്ണമോ വെള്ളിയോ എനിക്ക് നല്കാനില്ല. മരിച്ചവരില്‍നിന്ന് ഉയിര്‍ത്ത കര്‍ത്താവിന്റെ നാമത്തില്‍ ഞാന്‍ നിന്നോട് പറയുന്നു സുഖപ്പെടുക. 

സീറോമലബാര്‍സഭ കടന്നുപോകുന്ന വെല്ലുവിളികളും പ്രതിസന്ധികളും വച്ചുനോക്കുമ്പോള്‍ കര്‍ത്താവ് പറഞ്ഞ വാക്കുകള്‍ തന്നെയാണ് ഓര്‍മ്മപ്പെടുത്താനുളളത്. ‘നിങ്ങള്‍ക്ക് വിശ്വാസമില്ലാതെപോയി. നിങ്ങളുടെ വിശ്വാസം ബലക്ഷയപ്പെട്ടു. നിങ്ങളുടെ വിശ്വാസത്തിലേക്ക് തിരിച്ചുവരിക.’

അല്‍ഫോന്‍സാമ്മായുടെ കബറിടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുപ്രാര്‍ത്ഥിക്കുമ്പോള്‍ എനിക്ക് പ്രാര്‍ത്ഥിക്കാനുള്ള ഒരേയൊരു കാര്യം സഹനങ്ങളെ സ്‌നേഹമായി കാണാനുളള കൃപ നല്കണേ. സഹനങ്ങള്‍ കൊണ്ട് ദൈവരാജ്യം പടുത്തുയര്‍ത്താനുളള ശക്തി ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണേയെന്നാണ്. സഹനങ്ങളില്ലാത്ത ലോകം സ്വപ്‌നം കാണുന്നവരേ, നരകത്തിലേക്കുള്ള പാതയില്‍ദ്രുതഗതിയില്‍ നിങ്ങള്‍ യാത്ര ചെയ്യുകയാണ്. 

സഭയുടെ സഹനങ്ങളെല്ലാം ഓര്‍മ്മപ്പെടുത്തന്നത് നിങ്ങള്‍ക്ക് മുന്നോട്ടുപോകണമെങ്കില്‍ കര്‍ത്താവിന്റെ കൃപ വേണം. പൗലോസ് അപ്പസ്‌തോലനോട് കര്‍ത്താവ് പറഞ്ഞത് അതാണല്ലോ ‘നിനക്ക് എന്റെ കൃപ മതി.’

കൃപയ്ക്ക് പകരം മറ്റെന്തുവച്ചാലും ഒന്നുമാവില്ല. അതുകൊണ്ട് കര്‍ത്താവിന്റെ കൃപയില്‍ ആശ്രയിക്കാന്‍ നമുക്കാവട്ടെ. പ്രതിസന്ധികളെ അതിജീവിക്കാന്‍ കര്‍ത്താവ് നമ്മെ ബലപ്പെടുത്തുന്നത് വിശ്വാസംകൊണ്ടാണ്. ഞാന്‍ ബലഹീനനും പാപിയുമാണ്. ഈ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുമ്പോള്‍ എനിക്കൊന്നേ നിങ്ങളോട് പറയാനുളളൂ.

ഞങ്ങള്‍ മെത്രാന്മാരുടെയോ വൈദികരുടെയോ സന്യസ്തരുടെയോ ശക്തികൊണ്ട് മാത്രമോ നിങ്ങളുടെ സാമ്പത്തികസുസ്ഥിതികൊണ്ടോ  നമ്മുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സാധിക്കുകയില്ല.പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സാധിക്കണമെങ്കില്‍ നമ്മള്‍ കര്‍ത്താവിലേക്ക് തിരിയണം. 

നമ്മളെ കൂടുതലും പഠിപ്പിച്ചിട്ടുള്ളത് നമ്മുടെ കുടുംബങ്ങളാണ്. ഇന്നും കൊന്ത ചൊല്ലുമ്പോള്‍ ലുത്തീനിയ കഴിയാതെ ഞാന്‍ ഇരിക്കാറില്ല. അതിന് കാരണം അമ്മ പുറകിലുണ്ടെന്ന പേടിയാണ്. കൊന്ത കഴിയാതെ ഇരിക്കാന്‍ പാടില്ല! അങ്ങനെ ചിട്ടയായി നമ്മെവളര്‍ത്തിയ കാരണവന്മാരുടെ തറവാടിത്തമാണ്  നമ്മുടെ സഭയുടെ കുലീനത്വം.  

നമ്മുടെ കുടുംബങ്ങളുടെ പൈതൃകം, കുടുംബപ്രാര്‍ത്ഥനകളോടുളള ഇഷ്ടം ഇതൊന്നും നഷ്ടപ്പെടുത്താന്‍ പാടില്ല. അംദലമിന സന്ദര്‍ശനത്തിന്  പോയപ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഞങ്ങളോട് പറഞ്ഞ മൂന്നുകാര്യങ്ങള്‍ ശ്രദ്ധേയമാണ്. 

1 നമ്മുടെ കുടുംബപ്രാര്‍ത്ഥന.
2 അനുദിനബലിയോട് കാണിക്കുന്ന അടുപ്പം.
3 മിഷന്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ കാണിക്കുന്ന തീവ്രമായ  ആഗ്രഹം.

ഈ മൂന്നുകാര്യങ്ങള്‍ നമ്മുടെ സഭയുടെ വ്യക്തിത്വമാണ്. നമ്മുടെ കുടുംബപ്രാര്‍ത്ഥനകള്‍ നമുക്ക് നഷ്ടപ്പെടാന്‍പാടില്ല. അനുദിനബലിയോട് അടുപ്പം കാണിക്കണം. മിഷനോടുള്ള സ്‌നേഹമുണ്ടാവണം. ഇതൊന്നും ഒരിക്കലും നമുക്ക് നഷ്ടപ്പെടാന്‍ പാടില്ല.

നമുക്കിനിയും ധാരാളം ദൈവവിളികള്‍വേണം. മിഷനറിമാര്‍ വേണം. നമുക്ക് ധാരാളം ഉഴുതുമറിച്ച് വിത്തുവിതയ്ക്കാന്‍ ഇടമുണ്ട്. അതിന് ആളുകള്‍ വേണം. വിളവധികം വേലക്കാരോ ചുരുക്കം എന്ന കര്‍ത്താവിന്റെ വാക്കുകള്‍ നമുക്കേറ്റെടുക്കാം. സഭയെ വളര്‍ത്താന്‍ ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ കരം കോര്‍ക്കാം

Latest News

സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ആശീർവദിച്ചു

കാക്കനാട്: മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ മേജർ ആർച്ച്‌ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു. സീറോമലബാർ സഭയുടെ 34-ാമത്...

സീറോമലബാർ ‘സഭാതാരം’ അവാർഡ് പ്രഖ്യാപിച്ചു

സഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളിൽ വിലയേറിയ സംഭാവനകൾ നല്‌കുന്ന അല്‌മായർ ക്കായി സീറോമലബാർ മെത്രാൻസിനഡ് ഏർപ്പെടുത്തിയിരിക്കുന്ന സഭാതാരം അവാർഡിന് തൃശ്ശൂർ അതിരു പതാംഗമായ ശ്രീ. സന്തോഷ്...

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ബഹു. തോമസ് ആനിമൂട്ടിൽ അച്ചനെ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു. 2026 ആഗസ്‌റ്റ് 17 മുതൽ...

പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർസഭാ ആസ്ഥാനം സന്ദർശിച്ചു

കാക്കനാട്: സിറിയൻ കത്തോലിക്കാ സഭയുടെ അന്ത്യോക്യൻ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ്...

സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് തുടക്കം

കാക്കനാട്: സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടക്കമായി. സമ്മേളനത്തിന്റെ തുടക്കത്തിൽ ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ...